ഇനി പ്രൊഫൈൽ ഫോട്ടോയുടെ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്|WhatsApp Now Blocks People From Taking Screenshot Of Your Profile Picture | Tech
Last Updated:
ഉപഭോക്താക്കളുടെ സ്വകാര്യയിലേക്കുള്ള കടന്നു കയറ്റം ചെറുക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം.
ഉപഭോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.24.4.25 ലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. സന്ദേശങ്ങളിൽ ഉപഭോക്തൃ സ്വകാര്യത ഉറപ്പ് വരുത്താനായി ചിത്രങ്ങളും, വീഡിയോകളും മറ്റും സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന വൺസ് ഫീച്ചർ ഇതിനോടകം തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. എന്നാൽ പ്രൊഫൈൽ ചിത്രങ്ങൾ നിലവിൽ ആർക്കും സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കും. ഈ രീതിയിൽ ഉപഭോക്താക്കളുടെ സ്വകാര്യയിലേക്കുള്ള കടന്നു കയറ്റം ചെറുക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം.
ഫീച്ചർ നിലവിൽ വരുന്നതോടെ കോൺടാക്ട് ലിസ്റ്റിലെ ആരുടെയും പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. അടുത്തിടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചവർക്ക് സ്ക്രീൻഷോട്ടിൽ പ്രൊഫൈൽ ചിത്രത്തിന് പകരം ഇരുണ്ട നിറം മാത്രം ലഭിച്ചതോടെയാണ് പുതിയ ഫീച്ചർ ചർച്ചയാകുന്നത്. ബീറ്റ വേർഷനിൽ ലഭ്യമായ അപ്ഡേറ്റ് അനുസരിച്ച് സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുമ്പോൾ “ ആപ്പിന്റെ പുതിയ നിയന്ത്രണങ്ങൾ കാരണം സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല” എന്ന തരത്തിൽ ഒരു സന്ദേശമാണ് വാട്സ്ആപ്പ് നൽകുന്നത്. എന്നാലിത് ഒരു ഓപ്‌ഷനായി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വാട്സ്ആപ്പ് അധികൃതർ വ്യക്തമാക്കി. അങ്ങനെ ചെയ്താൽ പലരും അത് ഓഫ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതൊരിക്കലും കമ്പനി വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ വിവര സംരക്ഷണമാകില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഉടൻ തന്നെ ഫീച്ചർ എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാകുമെന്നാണ് കരുതുന്നത്. ഐ ഫോണുകളിൽ ഫീച്ചർ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും നിലവിൽ ലഭ്യമല്ല. പ്രൊഫൈൽ പിക്ച്ചർ ഗാർഡ് എന്ന പേരിൽ ഫേസ്ബുക്കിൽ ഈ സംവിധാനം നിലവിലുണ്ട്. ഏതായാലും സ്ക്രീൻഷോട്ട് ബ്ലോക്ക് ചെയ്യുന്ന ഫീച്ചർ വരുന്നതോടെ സിഗ്നൽ, ടെലഗ്രാം തുടങ്ങിയ സമാന ആപ്പുകളിൽ മേധാവിത്വം വാട്സ്ആപ്പിന് ലഭിക്കും.
New Delhi,New Delhi,Delhi
March 14, 2024 6:15 PM IST