Leading News Portal in Kerala

ആരും ഫ്യൂസ് ഊരില്ല; മനുഷ്യമൂത്രത്തില്‍നിന്ന് വൈദ്യുതിയുമായി പാലക്കാട് IIT; ഗോമൂത്ര പരീക്ഷണം വിജയം| Palakkad IIT to generate electricity from human urine Test success in cow urine | Tech


Last Updated:

ഐഐടിയിലെ സിവില്‍ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നില്‍

മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് പാലക്കാട് ഐഐടിയിലെ ഗവേഷകസംഘം. ആദ്യഘട്ടത്തില്‍ ഗോമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചു. കണ്ടെത്തലുകള്‍ ‘സെപ്പറേഷൻ ആൻഡ് പുരിഫിക്കേഷൻ ടെക്നോളജി’ എന്ന ഓണ്‍ലൈൻ ജേണലില്‍ പ്രസിദ്ധപ്പെടുത്തി. പിന്നാലെ മനുഷ്യമൂത്രം ഉപയോഗിച്ച്‌ പരീക്ഷണത്തിനൊരുങ്ങുകയാണ് സംഘം.

20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല. കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്‌ രണ്ടുവർഷം മുൻപാണ് സംഘം പരീക്ഷണം തുടങ്ങിയത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അടുത്തിടെ ഹൈദരാബാദില്‍ നടന്ന ഇൻവെന്റീവ് മേളയില്‍ പ്രോജക്‌ട് ശ്രദ്ധ നേടിയിരുന്നു.

മനുഷ്യ മൂത്രം ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ വിജയിച്ചാല്‍ ഷോപ്പിങ് മാളുകള്‍, സ്കൂളുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം സ്ഥാപിച്ച്‌ വൈദ്യുതിയും വളവും ഉത്പാദിപ്പിക്കാനാകുമെന്ന് സംഘം പറയുന്നു. ഐഐടിയിലെ സിവില്‍ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നില്‍.

അസി. പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ, പ്രോജക്‌ട് സയന്റിസ്റ്റ് ഡോ. പി എം ശ്രീജിത്ത്, ഗവേഷക വിദ്യാർത്ഥി വി സംഗീത, റിസർച്ച്‌ അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്.

ഒരു ചേംബറില്‍ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസുകൊണ്ടുനിർമിച്ച ചെറുസെല്ലുകളിലേക്ക് (ഇലക്‌ട്രോ കെമിക്കല്‍ റിസോഴ്സ് റിക്കവറി റിയാക്ടർ-ഇപിആർആർ) മാറ്റുന്നു. പരസ്പരബന്ധിതമായ ഈ സെല്ലുകള്‍ക്കുള്ളില്‍ ആനോഡായി മഗ്നീഷ്യം ഇലക്‌ട്രോഡും കാഥോഡായി എയർ കാഥോഡും ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തില്‍ 50 സെല്ലുകളാണ് ഉപയോഗിച്ചത്. ഒരു സെല്ലില്‍ 100 മില്ലിലിറ്റർ ഗോമൂത്രമാണ് ശേഖരിക്കുന്നത്. മൂത്രവും ഇലക്‌ട്രോഡുകളുമായുള്ള രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതിയുണ്ടാവുന്നത്.

പത്തെണ്ണമുള്ള ഒരു സെറ്റില്‍നിന്ന് ശരാശരി 1.5 വോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായി. ഈ വൈദ്യുതി ഉപയോഗിച്ച്‌ മൊബൈല്‍ഫോണ്‍, എമർജൻസി വിളക്ക് എന്നിവ ചാർജ് ചെയ്യുകയും എല്‍ഇഡി വിളക്കുകള്‍ കത്തിക്കുകയും ചെയ്യുന്നുണ്ട്.

വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മൂത്രത്തിന്റെ ശേഷി കുറഞ്ഞുവരുന്നതോടെ മറ്റൊരു ചേംബറിലേക്ക് കുഴല്‍ വഴി മാറ്റും. ഒരു പല്‍ചക്രം ഉപയോഗിച്ച്‌ ഇവയെ കലർത്തും. അര മണിക്കൂർ കഴിയുമ്പോഴേക്കും പൊടി രൂപത്തിലുള്ള വളം അടിയും. ഫോസ്ഫറസ്, അമോണിയ, മഗ്നീഷ്യം എന്നിവ അടങ്ങിയ ഈ വളം ചെടികള്‍ക്ക് നേരിട്ട് പ്രയോഗിക്കാം. വിപണിയില്‍ ലഭ്യമായ വളങ്ങളിലുള്ളതിനു സമാനമായ അളവിലുള്ള ഘടകങ്ങള്‍ ഇതിലുണ്ടെന്ന് പരിശോധിച്ച്‌ ഉറപ്പാക്കിയിട്ടുണ്ടെന്ന് സംഘം പറയുന്നു.

ഒരു ലിറ്റർ മൂത്രത്തില്‍ നിന്ന് 10 ഗ്രാം വളം ഉണ്ടാവും. ബാക്കി വരുന്ന വെള്ളം, മണലും കല്ലും കരിയും നിക്ഷേപിച്ച കുപ്പിയിലൂടെ കടത്തിവിട്ട് ശുദ്ധീകരിക്കുന്നു. ഈ വെള്ളം നനയ്ക്കാനും മറ്റും ഉപയോഗിക്കാം.