Leading News Portal in Kerala

AI യ്ക്ക് കയ്യക്ഷരവും പകർത്താനാകുമോ? അബുദാബിയിലെ ​പുതിയ കണ്ടുപിടുത്തം ആർക്ക് പണി കൊടുക്കും ?| Now AI also replicate handwriting | Tech


Last Updated:

വ്യാജ ശബ്ദ രേഖകളുടെയും നിരവധി ഞെട്ടിപ്പിക്കുന്ന വാർത്തകൾക്ക് ശേഷമാണ് ഇപ്പോൾ കൈയക്ഷരം കൂടി പകർത്തുന്ന എഐയുടെ വരവ്

മനുഷ്യന്റെ കൈയക്ഷരം അതേ പടി പകർത്തുന്ന എഐ (AI) സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷക സംഘം. അബുദാബിയിലെ മുഹമ്മദ്‌ ബിൻ സയ്ദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഗവേഷകരാണ് (MBZUAI) ഇതിന് പിന്നിൽ. എഐ (AI) ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ ചിത്രങ്ങളുടെയും, വ്യാജ ശബ്ദ രേഖകളുടെയും നിരവധി ഞെട്ടിപ്പിക്കുന്ന വാർത്തകൾക്ക് ശേഷമാണ് ഇപ്പോൾ കൈയക്ഷരം കൂടി പകർത്തുന്ന എഐയുടെ വരവ്.

കൈയക്ഷരം അതേ പടി പകർത്തുന്ന എഐ സാങ്കേതിക വിദ്യക്ക് ഗവേഷക സംഘം അമേരിക്കൻ പേറ്റന്റും ട്രേഡ് മാർക്ക്‌ ഓഫീസിൽ നിന്നുള്ള പേറ്റന്റും നേടിയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളും വൈകല്യങ്ങളും കൊണ്ടും സ്വന്തം കൈകൊണ്ട് എഴുതാൻ കഴിയാത്ത ആളുകൾക്ക് അവരുടേതായ ഒരു കൈയക്ഷരം രൂപപ്പെടുത്താനും കൂടാതെ സ്വന്തം അക്ഷരത്തിൽ തന്നെ ഒരു വിദേശ ഭാഷയിൽ കാര്യങ്ങൾ എഴുതാൻ ശ്രമിക്കുന്നവരെ സഹായിക്കാനും ഈ മോഡലിന് സാധിക്കുമെന്ന് പേറ്റന്റിൽ പറയുന്നു. ഒരു പേനയുടെ സഹായം ഇല്ലാതെ നിങ്ങൾക്ക് നിങ്ങളുടെ കൈയക്ഷരത്തിൽ എഴുതാൻ സാധിക്കുമെന്നതാണ്‌ പുതിയ എഐ മോഡലിന്റെ പ്രത്യേകത. പലപ്പോഴും മറ്റുള്ളവർക്ക് വായിച്ച് മനസ്സിലാക്കുന്നതിൽ ഏറെ ബുദ്ധിമുട്ട് നേരിടുന്ന ഡോക്ടർമാരുടെ കൈയക്ഷരം വരെ വായിച്ചെടുക്കാൻ കഴിയുന്ന ഈ എഐ മോഡലിന് ഭാവിയിലും ഏറെ സാധ്യതകൾ ഉണ്ടാകുമെന്ന് MBZUAI യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ വിഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ റാവോ മുഹമ്മദ്‌ അൻവർ പറഞ്ഞു. എന്നാൽ കൈയക്ഷരം എന്നത് ഒരാളുടെ വ്യക്തിത്വം തെളിയിക്കുന്ന രേഖയായതിനാൽ ഞങ്ങൾ ഇതിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെയും പൊതു ഉപയോഗത്തിനായി എത്തിച്ചിട്ടില്ലാത്ത ഈ എഐ മോഡലിന് ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും കഴിയുന്നുണ്ടെന്നും കൂടാതെ ഒരു പരിധിവരെ ഫ്രഞ്ച് ഭാഷയിലും മോഡൽ പ്രാവീണ്യം തെളിയിച്ചു എന്നുമാണ് വിവരം. എന്നാൽ അക്ഷരങ്ങളുടെ പ്രത്യേക ചില രീതികൾ കാരണം അറബിക് ഭാഷ എഴുതുന്നതിൽ പൂർണ വിജയം കണ്ടെത്താൻ മോഡലിന് സാധിച്ചിട്ടില്ല. എന്നാൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ യഥാർത്ഥ കൈയക്ഷരവും എഐ മോഡൽ എഴുതിയ കൈയക്ഷരവും തമ്മിൽ തിരിച്ചറിയാനാകാത്ത സാമ്യത കണ്ടെത്തിയതായി അസോസിയേറ്റ് പ്രൊഫസറായ സൽമാൻ ഖാൻ വ്യക്തമാക്കി.

സാങ്കേതിക വിദ്യ നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇതിനെക്കുറിച്ചുള്ള വ്യക്തമായ അവബോധം സൃഷ്ടിക്കുകയും, സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിക്കാൻ സാധ്യതയുള്ള വ്യാജ രേഖകളെ ചെറുക്കുന്നതിനുള്ള ഉപകരണങ്ങളും നിർമ്മിക്കണമെന്നും ഒരു വൈറസിനെതിരെയുള്ള ആന്റി – വൈറസ് എന്ന നിലയിലാണ് ഈ എഐ സാങ്കേതിക വിദ്യ വികസിപ്പിച്ചതെന്നും MBZUAI യിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹാഷിം ചോലക്കൽ പ്രതികരിച്ചു.

2019 ൽ പ്രഖ്യാപിച്ച MBZUAI യൂണിവേഴ്സിറ്റി 2020ലാണ് നിലവിൽ വന്നത്. കുറഞ്ഞ വർഷങ്ങൾക്കുക്കുള്ളിൽ തന്നെ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ യൂണിവേഴ്സിറ്റിക്ക് സാധിച്ചുവെന്നും മനുഷ്യന്റെ പുരോഗതിയുടെ തന്നെ ഭാഗമായ എഐ രംഗത്തെ അറിവുകൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇനിയും നടത്തുമെന്നും യൂണിവേഴ്സിറ്റി പ്രസിഡന്റായ എറിക് ഷിങ് പറഞ്ഞു.