Leading News Portal in Kerala

ഡല്‍ഹിയില്‍ 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബെന്‍സ് കാര്‍ വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്|A Mercedes Benz car bought for Rs 84 lakh in Delhi was sold for Rs 2.5 lakh


Last Updated:


പത്ത് വര്‍ഷത്തോളം കൂടെ ഉണ്ടായിരുന്ന വാഹനത്തിന് വളരെ കുറഞ്ഞ അറ്റകുറ്റപ്പണികള്‍ മാത്രമെ ആവശ്യമായി വന്നുള്ളൂ എന്ന് യുവാവ് പറയുന്നു

News18News18
News18

മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പത്ത് വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കുന്നത് വിലക്കി ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ജൂലൈ ഒന്നിനാണ് ഈ നിയമം രാജ്യതലസ്ഥാനത്ത് നിലവില്‍ വന്നത്. എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷന്റെ (CAQM) ഉത്തരവിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. ഇപ്പോഴിതാ തങ്ങളുടെ പഴയ വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ് അവര്‍. വർഷങ്ങളോളം തങ്ങളുടെ ഒപ്പമുണ്ടായിരുന്ന വാഹനങ്ങൾ തുച്ഛമായ വിലയ്ക്ക് മനസ്സില്ലാമനസ്സോടെ വിൽക്കുകയാണ് അവരിൽ പലരും.

ഇത്തരത്തില്‍ 2015ല്‍ 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ തന്റെ പ്രിയപ്പെട്ട മേഴ്‌സിഡസ്-ബെന്‍സ് കാര്‍ വെറും രണ്ടര ലക്ഷം രൂപയ്ക്ക് വരുണ്‍ വിജ് എന്ന ഡൽഹി സ്വദേശി വില്‍ക്കേണ്ടി വന്നിരിക്കുകയാണ്. തന്റെ കുടുംബത്തിന് വാഹനത്തോടുണ്ടായിരുന്ന വൈകാരികമായ ബന്ധവും അത് വേര്‍പ്പെടുമ്പോള്‍ നേരിട്ട ആഘാതവും അദ്ദേഹം വിവരിച്ചു.

വണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിട്ടും 1.35 ലക്ഷം കിലോമീറ്റര്‍ മാത്രമേ ഓടിയിട്ടുള്ളൂവെങ്കിലും കാര്‍ വില്‍ക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. ആഡംബര വാഹനം വാങ്ങിയപ്പോള്‍ തന്റെ കുടുംബം അത്യധികം സന്തോഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മകനെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നീണ്ടുനിന്ന യാത്രകളെക്കുറിച്ചും അദ്ദേഹം ഓര്‍മ പുതുക്കി.

പത്ത് വര്‍ഷത്തോളം വാഹനം കൂടെയുണ്ടായിരുന്നുവെങ്കിലും കാറിന് വളരെ കുറഞ്ഞ അറ്റകുറ്റപ്പണികള്‍ മാത്രമെ ആവശ്യമായി വന്നുള്ളൂ. ടയര്‍ മാറ്റിയതും പതിവായുള്ള സര്‍വീസും മാത്രമാണ് ചെയ്തത്. രണ്ടര ലക്ഷം രൂപയ്ക്ക് പോലും കാര്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. മറ്റ് വഴികളില്ലാത്തതിനാല്‍ അത് വില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് പുതുക്കാന്‍ കഴിയുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമം അനിവാര്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഭാവിയില്‍ ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഏകദേശം 62 ലക്ഷം രൂപ മുടക്കിയാണ് അദ്ദേഹം ഈ വാഹനം വാങ്ങിയത്. കുറഞ്ഞത് ഒരു 20 വര്‍ഷത്തേക്കെങ്കിലും തടസ്സങ്ങളില്ലാതെ വാഹനം ഓടിക്കാന്‍ കഴിയുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം.