കൊല്‍ക്കത്ത കൂട്ടബലാത്സംഗം; അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചത് ഇന്‍ഹേലര്‍ നല്‍കി | kolkata rape case the accused tortured the unconscious girl with an inhaler
Last Updated:
സംഭവത്തിന് ശേഷം മുഖ്യപ്രതി മിശ്ര എന്തിനാണ് കോളേജിന്റെ വൈസ് പ്രിന്‍സിപ്പാളെ വിളിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്
പശ്ചിമബംഗാളിലെ സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ 24കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൂട്ടബലാത്സംഗം ചെയ്യുന്നതിനിടെ അബോധാവസ്ഥയിലാകാൻ പോയ പെണ്‍കുട്ടിക്ക് പ്രതികള്‍ ഇന്‍ഹേലര്‍ നല്‍കിയതായും അത് പീഡനം തുടരുമ്പോൾ പെൺകുട്ടി ബോധത്തോടെ ഇരിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും കോടതിയില്‍ കസ്റ്റഡി അപേക്ഷ പരിഗണിക്കവെ പോലീസ് പറഞ്ഞു. ഇതായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തൃണമൂൽ ഛാത്രപരിഷത്തിന്റെ നേതാവായ മനോജിത് മിശ്രയും മറ്റ് രണ്ട് വിദ്യാർഥികളും ചേർന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
”പീഡനം തുടരുന്നതിനിടെ പെണ്‍കുട്ടിക്ക് ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെട്ടു(തനിക്ക് പാനിക്ക് അറ്റാക്കുണ്ടായതായി ഇര തന്റെ പരാതിയില്‍ പറയുന്നുണ്ട്). തുടര്‍ന്ന് അവര്‍ക്ക് ഇന്‍ഹേലര്‍ നല്‍കി. ഇത് പെണ്‍കുട്ടിയെ സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിനായിരുന്നില്ല. മറിച്ച് അവരെ ബലാത്സംഗം ചെയ്യുന്നതിന് ബോധത്തോടെ ഇരിക്കുന്നതിന് വേണ്ടിയായിരുന്നു,” പബ്ലിക് പ്രോസിക്യൂട്ടര്‍ സൗരിന്‍ ഘോഷാല്‍ കോടതിയെ അറിയിച്ചു. പ്രതിയെ ജൂലൈ 10വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ തൃണമൂല്‍ ഛാത്രപരിഷത്തിന്റെ നേതാവായ മനോജിത് മിശ്ര, നിയമവിദ്യാര്‍ഥികളായ സെയ്ബ് അഹമ്മദ്, പ്രമിത് മുഖര്‍ജി എന്നിവരെ കോടതി ജൂലൈ എട്ടുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റകൃത്യത്തിന് കൂട്ടുനിന്നെന്ന സംശയത്തില്‍ അറസ്റ്റിലായ സെക്യൂരിറ്റി ഗാര്‍ഡ് പിനാകി ബാനര്‍ജി ജൂലൈ നാല് വരെ കസ്റ്റഡിയില്‍ തുടരും. പ്രതികളുടെ കസ്റ്റഡി നീട്ടി വയ്ക്കണമെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. മിശ്ര സമൂഹത്തില്‍ വളരെ സ്വാധീനമുള്ളയാളാണെന്നും അയാൾ അന്വേഷണത്തെ സ്വാധീനിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ അതിജീവിതയെ ഭയപ്പെടുത്തുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പറയുന്നു. പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇരയെ ലക്ഷ്യം വെച്ചിരുന്നതായി വ്യക്തമാക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്‍ഹേലര്‍ വാങ്ങിയ ഫാര്‍മസിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ലോക്കേഷന്‍ വിവരങ്ങളും കോടതിക്ക് സമര്‍പ്പിച്ച പുതിയ തെളിവുകളില്‍ ഉള്‍പ്പെടുന്നു. സംഭവം നടന്ന ദിവസം വൈകുന്നേരം കാംപസിലുണ്ടായിരുന്ന 17 വിദ്യാര്‍ഥികളില്‍ ആറുപേരെ പോലീസ് ചോദ്യം ചെയ്തു.
സംഭവത്തിന് ശേഷം മുഖ്യപ്രതി മിശ്ര എന്തിനാണ് കോളേജിന്റെ വൈസ് പ്രിന്‍സിപ്പാളെ വിളിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. ഇതിന് പുറമെ കോളേജ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യാനും അവര്‍ പദ്ധതിയിടുന്നുണ്ട്. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തിരിച്ചെത്തുമെന്ന് വാഗ്ദാനം ചെയ്ത ശേഷം അതിജീവിതയെ തനിച്ചാക്കിപ്പോയത് ഇവരാണ്.
സംഭവം നടക്കുന്ന അന്ന് വൈകുന്നേരം നാല് മണിമുതല്‍ 7.30 വരെ ജനറല്‍ സെക്രട്ടറി അതിജീവിതയ്‌ക്കൊപ്പം ഉണ്ടായിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. ഇതിന് സേഷം പ്രതികളിലൊരാളായ സെയ്ബ് ഇവരെ സമീപിക്കുകയും മിശ്രയ്ക്ക് യൂണിയനുമായി ബന്ധപ്പെട്ട് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഇവിടെ നിന്ന് പോകുകയും പെട്ടെന്ന് തിരിച്ചെത്താമെന്ന് അതിജീവിതയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, അവര്‍ പിന്നീട് മടങ്ങി വന്നിട്ടേയില്ല.
മിശ്ര നിരവധി തവണ അതിജീവിതയോട് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി തവണ ഇത് നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സെയ്ബും പ്രമിത്തും ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവെ അനധ്യാപക ജീവനക്കാരനായി താത്കാലികമായി ജോലി ചെയ്തുവരികയായിരുന്നു മിശ്ര. ഇയാളെ കോളേജ് ഭരണസമിതി പുറത്താക്കി. മറ്റ് രണ്ട് പ്രതികളെയും ബംഗാളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിലക്കിയിട്ടുണ്ട്. മിശ്രയുടെ ലോ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കോളേജ് അപേക്ഷ നല്‍കും.
സംഭവത്തിലുള്‍പ്പെട്ട കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്ന് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടു.
Kolkata,West Bengal
July 02, 2025 2:15 PM IST
കൊല്‍ക്കത്ത കൂട്ടബലാത്സംഗം; അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചത് ഇന്‍ഹേലര്‍ നല്‍കി