വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ നഷ്ടപരിഹാരം വൈകാനുള്ള കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി | kerala high court seeks clarification on reason for delay in compensation for death of veterinary college student Sidharth
Last Updated:
ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്
കൊച്ചി: കോളേജ് ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻറെ കുടുംബത്തിന് നഷ്ടപരിഹാരം വൈകാനുള്ള കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഇതുൾപ്പെടുത്തി ഹർജി ഭേദഗതിചെയ്തുനൽകണം.
ഇക്കാര്യത്തിൽ ഒന്നും ചെയ്യാതിരുന്ന ഉന്നത ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ചപ്പോഴാണ് സർക്കാർ ഹർജി ഫയൽചെയ്തതെന്ന് കോടതി കുറ്റപ്പെടുത്തി. ഇങ്ങനെയല്ല ഉത്തരവിനെ ചോദ്യംചെയ്യേണ്ടതെന്നതിനാലാണ് പണം കോടതിയിൽ കെട്ടിവെക്കാൻ നിർദേശിച്ചത്.
പണം കെട്ടിവെച്ചശേഷം ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന ആവശ്യത്തിൽ ഇളവുതേടി മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി. സർക്കാർ 10 ദിവസം സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹർജി ജൂലായ് 11-ന് പരിഗണിക്കാൻ മാറ്റി.
ആദ്യനിർദേശം പാലിക്കാഞ്ഞതിനെത്തുടർന്ന് എട്ടുശതമാനം പലിശസഹിതം തുക കൈമാറാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ രണ്ടാമതും ഉത്തരവിട്ടിരുന്നു. രണ്ട് ഉത്തരവുകളും സർക്കാർ അവഗണിച്ചതോടെ, അടിയന്തരമായി പണം കൈമാറിയശേഷം ചീഫ് സെക്രട്ടറിയോട് നേരിട്ടു ഹാജരാകാൻ കമ്മിഷൻ നിർദേശിച്ചു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
Ernakulam,Kerala
July 02, 2025 4:59 PM IST
വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ നഷ്ടപരിഹാരം വൈകാനുള്ള കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി