Leading News Portal in Kerala

യൂറോപ്പില്‍ ബോയിങ് 737 വിമാനത്തിലെ ഏറ്റവും വെറുക്കപ്പെട്ട സീറ്റായ 11എ എയര്‍ ഇന്ത്യ അപകടത്തിലെ ഭാഗ്യസീറ്റ്|11A The most hated seat on a Europe Boeing 737 was the lucky seat in the Air India crash


സഹയാത്രികരായ 241 പേരും അതിദാരുണമായി മരണപ്പെട്ടപ്പോള്‍ വിശ്വാഷ്‌ കുമാര്‍ മാത്രം രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ അസാധാരണമായ അതിജീവനം ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധപിടിച്ചുപറ്റി.

11എ ആയിരുന്നു വിമാനത്തില്‍ വിശ്വാഷ് കുമാർ രമേഷിന്റെ ഇരിപ്പിടം. അദ്ദേഹത്തിന്റെ രക്ഷപ്പെടലിനെ അദ്ഭുതമായാണ് ആളുകള്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം വലിയ ശ്രദ്ധ നേടി. പലരും ഇതിനെ ദൈവകൃപയെന്നും ഭാഗ്യമെന്നും വിശേഷിപ്പിച്ചു. ചിലര്‍ അദ്ദേഹം ഇരുന്ന ഇരിപ്പിടത്തിന്റെ പ്രത്യേകത കൊണ്ടാണ് ഈ രക്ഷപ്പെടല്‍ എന്ന് വാദിച്ചു. 11എ ഒരു ‘അദ്ഭുത ഇടിപ്പിടം’ ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി.

അദ്ഭുതം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഈ രക്ഷപ്പെടലിനെ കുറിച്ച് വിശ്വാഷ്‌ കുമാര്‍ തന്നെ ആശുപത്രി കിടക്കയില്‍ നിന്നും ലോകത്തോട് പറഞ്ഞു. തന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച ആ നിമിഷത്തെ കുറിച്ച് ഡിഡി ന്യൂസിനോടാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എങ്ങനെയാണ് ജീവന്‍ തിരിച്ചുപിടിക്കാനായതെന്നതിനെ കുറിച്ച് യാതൊരു ഊഹവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താനും മരിച്ചുവെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

“ഞാനും മരിച്ചുപോയെന്നാണ് കുറച്ചുനേരത്തേക്ക് കരുതിയത്. കണ്ണുതുറന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഗേറ്റ് തകര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടു. അതിന്റെ ഇടയിലുള്ള ചെറിയ വിടവിലൂടെ ഞാന്‍ പുറത്തേക്ക് എടുത്തുചാടി”, അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ന്റെ സീറ്റിംഗ് കോണ്‍ഫിഗറേഷന്‍ അനുസരിച്ച് 11എ ഒരു സ്റ്റാന്‍ഡേര്‍ഡ് ഇക്കോണമി എക്‌സിറ്റ് റോ സീറ്റാണ്. എക്‌സിറ്റ് വിന്‍ഡോയുടെ തൊട്ടടുത്താണ് ഈ സീറ്റ്. ഡോറിനടുത്തായതിനാല്‍ യാത്രക്കാര്‍ പലപ്പോഴും ഈ ഇരിപ്പിടം ഒഴിവാക്കാനാണ് ശ്രമിക്കുക. എന്നാല്‍ ഈ കാരണം തന്നെയാകാം ഒരുപക്ഷേ വിശ്വാഷ്‌ കുമാറിന്റെ രക്ഷയ്ക്ക് ഉപകരിച്ചത്.

വിരോധാഭാസമെന്നു പറയട്ടെ ബോയിങ് 787-8 വിമാനത്തിലെ അദ്ഭുതമായി മാറിയ സീറ്റ് മറ്റൊരു വിമാന മോഡലായ 737-ലെ ഏറ്റവും മോശം സീറ്റുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

ബോയിങ് 737-900, 900 ഇആര്‍ വിമാനത്തില്‍ 11 എ വിന്‍ഡോ ഇല്ലാത്ത ‘വിന്‍ഡോ സീറ്റ്’ എന്നാണ് അറിയപ്പെടുന്നത്. എയര്‍ കണ്ടീഷനിങ് ഡക്ടുകളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഘടനാപരമായ മാറ്റങ്ങളോ കാരണം ചില സീറ്റുകള്‍ക്ക് പ്രത്യേകിച്ച് 9എ, 10എ,11എ, 12എ എന്നിവയ്ക്ക് വിന്‍ഡോ കുറവാണ്. വിമാനത്തിന്റെ ചിറകുകള്‍ക്ക് അഭിമുഖമായി വരുന്ന സീറ്റുകളാണിവ. ബോയിങ് 737 മോഡലുകളില്‍ ഈ വൈചിത്ര്യം സാധാരണമാണ്.

11എ സീറ്റിനെ കുറിച്ച് നിരവധി യാത്രക്കാര്‍ പരാതിപ്പെട്ടിട്ടുണ്ട്. വിമാന യാത്രയ്ക്കിടയില്‍ നല്ല കാഴ്ച്ചകള്‍ കാണാന്‍ ആഗ്രഹിച്ച് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഈ സീറ്റ് ഒരു നിരാശയാണ്. യൂറോപ്പിലും മോറോക്കോയിലും സര്‍വീസ് നടത്തുന്ന കുറഞ്ഞ നിരക്കിലുള്ള ഐറിഷ് എയര്‍ലൈനായ റയാനെയറിലെ അനുഭവമാണ് 11എ സീറ്റിനെ കുറിച്ചുള്ള ഏറ്റവും മോശം സംഭവങ്ങളിലൊന്ന്. റയാനെയറില്‍ 11എ ഇരിപ്പിടത്തിനു നേരേ വിന്‍ഡോ ഇല്ല. എയര്‍ലൈന്‍ ഇതിന്റെ പേരില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ജനാല ഇല്ലാത്ത വിന്‍ഡോ സീറ്റ് ലഭിച്ചതില്‍ യാത്രക്കാര്‍ നിരാശ പ്രകടിപ്പിച്ചു.

11എ വിന്‍ഡോ സീറ്റല്ലെന്നും നിരക്ക് കുറയ്ക്കണമെന്നും ഒരു യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിന്‍ഡോ ഇല്ലാത്ത ‘വിന്‍ഡോ സീറ്റ്’ എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു മറ്റ് പ്രതികരണങ്ങള്‍. വിന്‍ഡോ സീറ്റിനായി പൈസ മുടക്കി കിട്ടിയത് വിന്‍ഡോ ഇല്ലാത്ത സീറ്റെന്നായിരുന്നു മറ്റൊരു പ്രതികരണം.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഒരു പുതിയ ചോദ്യമുയരുകയാണ്. ഏറ്റവും വെറുക്കപ്പെട്ട സീറ്റെന്ന ലേബലില്‍ നിന്നും ഏറ്റവും മോഹിപ്പിക്കുന്ന സീറ്റായി 11എ മാറിയോ? അഹമ്മദാബാദ് വിമാന അപകടത്തില്‍ വിശ്വാഷ്‌ കുമാറിന്റെ അതിജീവനത്തോടെ 11എ സീറ്റിന്റെ ഡിമാന്‍ഡ് കൂടുമോ എന്നാണ് അറിയേണ്ടത്. റയാനെയര്‍ പോലുള്ള വിമാനക്കമ്പനികളോ ബോയിങ് 737 മോഡലില്‍ സര്‍വീസ് നടത്തുന്നവരോ ഇതിന്റെ പേരില്‍ ഈ സീറ്റിന് അധിക നിരക്ക് ഈടാക്കാന്‍ തുടങ്ങുമോ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.