Leading News Portal in Kerala

കോഴിക്കൃഷിയിൽ തുടക്കക്കാർക്ക് മികച്ച ആദായം നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; കുപ്രചാരണങ്ങൾ വിപണിയെ ബാധിക്കുമോ?| how to succeed in poultry farming by facing challenges in market | Money


ആവതോളമിഹനിത്യവും ഭുജി-

ക്കാവതായ് പല പദാർത്ഥമില്ലയോ ?

പാവമീ നിരപരാധിപക്ഷിയെ

ക്കൊൽവതെന്തിനു മനുഷ്യർ കഷ്ടമേ

വള്ളത്തോൾ നാരായണ മേനോൻ എഴുതിയ ‘കോഴി’ എന്ന കവിത 1958ലെ മലയാള പാഠപുസ്തകത്തിൽ നിന്നുള്ള ഭാഗം.

കൃഷിയിൽ തൽപ്പരരായി അതിലേക്ക് കണ്ണുമടച്ച് ഇറങ്ങുന്ന ഏതൊരു തുടക്കക്കാരനും പരീക്ഷിക്കാവുന്ന ഒന്നാണ് കോഴി വളർത്തൽ. കേരളത്തിൽ കർഷകരും സംരംഭകരുമടക്കം അഞ്ചു ലക്ഷത്തിലേറെ പേരുടെ ജീവനോപാധിയാണ് ഇറച്ചിക്കോഴിവളർത്തൽ.

വിപണി സാധ്യത

കോഴിയിറച്ചി ഉപഭോഗത്തിൽ കേരളം ഏറെ മുന്നിലാണ്. രാജ്യത്തെ കോഴിയിറച്ചി ഉൽപാദനത്തിന്റെ 4.38 ശതമാനം കേരളത്തിൽനിന്നാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം പ്രതിശീർഷ കോഴിയിറച്ചി ഉപഭോഗം പ്രതിവർഷം ദേശീയ തലത്തിൽ 3.1 കിലോയാണ് എങ്കിൽ കേരളത്തിലിത് 10 കിലോയോളം വരും.

മാസത്തിൽ 40,000 ടൺ കോഴിയിറച്ചിയാണ് മലയാളി കഴിക്കുന്നത്. എന്നുവച്ചാൽ ആഴ്ചയിൽ ഒരു കോടി കിലോ. ഇതിൽ 75 ശതമാനത്തോളം അതായത് 30,000 ടണ്ണാണ് കേരളത്തിന്റെ ആഭ്യന്തര ഉൽപാദനം. ആവശ്യകതയുടെ 30 ശതമാനം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്.

കൃഷിയിൽ ഇറങ്ങുന്നതിനു മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം?

രാജ്യത്തെ മൊത്തം കാർഷിക ഉൽപാദനത്തിന്റെ 26 ശതമാനത്തോളം സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. ഈ മേഖലയിൽ കോഴിവളർത്തൽ രംഗത്തെ വാർഷിക വളർച്ച നിരക്ക് 16 ശതമാനത്തോളം വരും. കൃത്യമായ പരിചരണം നൽകിയാൽ മികച്ച ആദായം സ്വന്തമാക്കാനാകും. എന്നാൽ കോഴി വളർത്തലിൽ ഇറങ്ങുന്നതിന് മുൻപ്, ഈ കൃഷിയിൽ വ്യക്തമായ പരിജ്ഞാനം നേടിയിരിക്കണം.

കോഴി കൃഷിയ്ക്ക് ആവശ്യമായ സ്ഥലം

ഇത് തെരഞ്ഞെടുക്കേണ്ടത് എത്ര കോഴികളെയാണ് വളർത്തുന്നത് എന്നത് അനുസരിച്ചാണ്. 1000 കോഴികളെ വളർത്തി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ചുരുങ്ങിയത് 1250 സ്‌ക്വയര്‍ ഫീറ്റ് തെരഞ്ഞെടുത്തിരിക്കണം. കോഴിത്തീറ്റ സംഭരിക്കുന്നതിനും പ്രത്യേകം സ്ഥലം ആവശ്യമാണ്.

കോഴി വളർത്തലിന്റെ പരിസരത്ത് 100 മീറ്ററിന് ചുറ്റളവില്‍ വീടുകള്‍ ഉണ്ടെങ്കില്‍ കൃഷി ചെയ്യുന്നതിന് പഞ്ചായത്ത് ലൈസന്‍സും നിർബന്ധമാണ്. പുതിയതായി ഷെഡ് പണിയണമെങ്കിൽ സ്ക്വയർ മീറ്ററിന് 100 രൂപ ഫീസ് അടക്കണം. ലൈസൻസ് ഇല്ലാതെ കോഴി ഫാം നടത്തുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ 200 രൂപയാണ് പിഴ.

വെള്ളം, വൈദ്യുതി, ഗതാഗതം

ശുദ്ധജല ലഭ്യത, വൈദ്യുതി, വാഹന സൗകര്യം എന്നിവ ഉറപ്പു വരുത്തണം. തീറ്റ ഇറക്കുന്നതിനും കോഴി- മുട്ട എന്നിവയുടെ വിനിമയത്തിന് ആയാലും സ്റ്റോർ റൂമിന് അടുത്ത് വരെ വാഹനം എത്തുന്ന രീതിയിൽ സൗകര്യം ഒരുക്കണം. അല്ലാത്ത പക്ഷം ചെലവ് കൂടും.

വിപണി

ആദായത്തിൽ വിപണിയുടെ സ്വാധീനം ഉൽപാദനത്തേക്കാൾ ഒരു പടി മുന്നിലാണ്. ഉൽപാദനം മികച്ചതായാലും വിപണിയും മാർക്കറ്റിങ്ങും പരാജയപ്പെട്ടാൽ കൃഷി നഷ്ടമാകും. അതിനാൽ തന്നെ മാർക്കറ്റിങ് രംഗത്തെ അറിവില്ലായ്മ, ശ്രദ്ധകുറവ് എന്നിവ സാമ്പത്തിക നഷ്ടത്തിന് വഴിവയ്ക്കും.

ഫാം നിർമാണത്തിനും ഹൈ ടെക് കൂട് ഫിറ്റ് ചെയ്യാനും ചെലവഴിക്കുന്ന സമയം എങ്ങനെ വിപണി കണ്ടെത്താമെന്നും, മാർക്കറ്റ് ചെയ്യാമെന്നതിലും വിനിയോഗിക്കേണ്ടത് അത്യാവശ്യമാണ്. അതിന് അനുസരിച്ചാണ് എത്ര കോഴികളെ, ഏത് ഇനങ്ങളെ വളർത്തണമെന്നത് പരിശോധിക്കേണ്ടത്. തുടർന്ന് പതിയെ പടിപടിയായി വികസിപ്പിക്കുന്നതാണ് ഉത്തമം. പെട്ടെന്ന് ബിസിനസ് വളർത്താൻ ശ്രമിച്ചാൽ വൻ വീഴ്ചയാകും ഫലം.

വിപണനത്തിന്റെ റിസ്ക് കുറയ്ക്കുന്നതിനായി ബ്രോയിലർ കോഴികൾക്ക് അഭികാമ്യം ഇന്റഗ്രെഷൻ രീതിയാണ്. മുട്ടകോഴി കൃഷിയിലാവട്ടെ, തുറന്നു വിട്ടു വളർത്തുന്ന ഇനങ്ങളും ഹൈ ടെക് കൂടുകളിൽ വളർത്തുന്ന ഇനങ്ങളും തെരഞ്ഞെടുക്കാം. നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്ന സങ്കരഇനം കോഴികളും ഇതിൽ ഉൾപ്പെടും.ഹൈ ടെക് കൂടുകളിൽ വളർത്തുന്നവയിലും മികച്ച ഇനങ്ങളെ കുറിച്ച് വിശകലനം നടത്തേണ്ടത് അനിവാര്യമാണ്.

ചൂട് ശ്രദ്ധിക്കണം; ചെലവ് വർധിച്ചു

ആയിരം കോഴിക്കുഞ്ഞുങ്ങളെ ഫാമിലിട്ടാൽ 900 കോഴികളെയാണ് ലഭിക്കുക. ചൂടും മറ്റ് കാരണങ്ങളാലും 10 ശതമാനം കോഴികൾ ചത്തുപോകും. ചൂട് പ്രധാന വില്ലനാണ്. കേരളത്തിൽ പാലക്കാട് പോലെ സദാ കടുത്ത ചൂടുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.

ഒരു കോഴി പൂർണ വളർച്ചയിലേക്ക് എത്താൻ 36-40 വരെ ദിവസമാണ് വേണ്ടത്. ഒരു കിലോ തൂക്കമുള്ള കോഴിക്കായി 100-110 രൂപ വരെ കർഷകന് ചെലവാകും. കോഴിക്കുഞ്ഞിന്റെ വില, മരുന്ന്, വാക്സിൻ, കോഴിത്തീറ്റ, ഫാമിലെ വളർത്തുകൂലി വൈദ്യുതി, വെള്ളം, പണിക്കൂലി എന്നിവയാണ് ചെലവായി വരുന്നത്. കോഴിക്കുഞ്ഞുങ്ങളെ 25-30 രൂപ വിലയിൽ ലഭിച്ചാൽ മാത്രമേ കർഷകർക്ക് കൃഷി ലാഭകരമാകൂ.

കർഷകന് നഷ്ടം, ഇടനിലക്കാരന് ലാഭം

കർഷകന് നഷ്ടവും ഇടനിലക്കാർക്ക് ലാഭവും ഉണ്ടാകുന്നുവെന്ന് കർഷകർ പറയുന്നു. 135 മുതൽ 145 രൂപ വരെയാണ് ഇറച്ചിക്കോഴി വില വരുമ്പോൾ ലഭിക്കുന്നത് കർഷകന് 100-105 രൂപ വരെ മാത്രം.കോഴി വിതരണക്കാർക്കും കച്ചവടക്കാർക്കും 10 രൂപ വീതം വില്പനക്കൂലിയായി ലഭിക്കും. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് കോഴിയുടെ വില നിയന്ത്രണം നടക്കുന്നതെന്നാണ് കർഷകരുടെ ആരോപണം.

മറ്റു പ്രതികൂല ഘടകങ്ങൾ

ലാഭം മാത്രം പ്രതീക്ഷിച്ച് ഇറങ്ങുമ്പോൾ പ്രതികൂല ഘടകങ്ങൾ മറക്കരുത്. ഇറച്ചിക്കോഴി വളർത്തലിനെ കൃഷിയുടെയോ, വ്യവസായത്തിന്റെയോ ഭാഗമായി പരിഗണിക്കുന്നുമില്ല. വർഷത്തിൽ ആറു മാസത്തിലധികവും ഉൽപാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കോഴിയെ വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു.

തീറ്റച്ചെലവിലും ഉൽപാദനച്ചെലവിലുമുണ്ടായ വർധന, തീറ്റയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില, ഇതിനൊക്കെ പുറമെ ഗുണനിലവാരത്തെ തകർക്കുന്ന വസ്തുതയില്ലാത്ത ആരോപണങ്ങൾ എന്നിവ ഈ മേഖലയെ പ്രതികൂലമായി ബാധിച്ചുവരുന്നു. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള വിപണന സമ്മർദ്ദവും, ഉൽപാദനച്ചെലവിലെ വർധനയും ഇറച്ചിക്കോഴി കർഷകരെ പിന്തിരിയാൻ പ്രേരിപ്പിക്കുന്നു.

കോഴിത്തീറ്റയ്ക്കാവശ്യമായ അസംസ്കൃത ചേരുവകൾ അയൽ സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലെത്തുന്നത്. ഉൽപാദനച്ചെലവിന് ആനുപാതികമായി കോഴിയിറച്ചിയുടെയും മുട്ടയുടെയും വിലയിൽ വർധനയുണ്ടാകുന്നില്ല. വർധിച്ചുവരുന്ന ഉൽപാദനച്ചെലവ് താങ്ങാൻ കഴിയാത്തതിനാൽ കോഴിവളർത്തലിൽനിന്ന് പിന്മാറുന്നവരുടെ എണ്ണം വർധിച്ചുവരുന്നു.ബാങ്ക് വായ്പയടയ്ക്കാൻ ബുദ്ധിമുട്ടുന്ന കോഴിവളർത്തൽ സംരംഭകരും കേരളത്തിലേറെയാണ്.

കോഴികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഇല്ല. കൂട്ടത്തോടെ ചത്താൽ നഷ്ടം സഹിക്കണം. ഇൻഷ്വറൻസ് ലഭിക്കാത്തതിനാൽ ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകളോ ഇതര ധനകാര്യ സ്ഥാപനങ്ങളോ തയ്യാറല്ല. ഇത്തരം സാഹചര്യത്തിലാണ് പലരും കേരളത്തിലെ കോഴി കൃഷി അവസാനിപ്പിക്കുന്നത്.

എന്നാൽ തമിഴ്നാട്,​ കർണാടക,​ മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കൃഷി വകുപ്പിന്റെ കീഴിലാണ് കോഴി ഫാമുകൾ പ്രവർത്തിക്കുന്നത്. ഇതുമൂലം ലൈസൻസിലെ നൂലാമാലകൾ ഇല്ല. കുറഞ്ഞ പലിശയ്ക്ക് വായ്പയും ലഭിക്കും.

ഹോർമോൺ ആരോപണങ്ങൾ ശരിയോ ?

ഇറച്ചി കോഴികളുടെ ശരീരതൂക്കം, തീറ്റ പരിവർത്തനശേഷി, വളർച്ച നിരക്ക് എന്നിവ ജനിതക സെലക്ഷൻ, പോഷണം, ശാസ്ത്രീയ പരിചരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇതിനെ തെറ്റായി ഹോർമോണുകൾ, ആന്റിബയോട്ടിക്കുകൾ നൽകുന്നു എന്ന് തെറ്റിദ്ധാരണ പരത്തുന്നവരുണ്ട്. ഹോർമോണുകൾ നൽകിയല്ല കോഴികളെ വളർത്തുന്നത് എന്നത് ഗവേഷണ ഫലങ്ങളിലൂടെ വ്യക്തമാണ്. കോഴിവളർത്തലിൽ ഹോർമോണുകൾ തീരെ ഉപയോഗിക്കുന്നില്ല എന്ന് വിദഗ്ദ്ധർ ഉറപ്പു നൽകുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/

കോഴിക്കൃഷിയിൽ തുടക്കക്കാർക്ക് മികച്ച ആദായം നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; കുപ്രചാരണങ്ങൾ വിപണിയെ ബാധിക്കുമോ?