‘ന്യൂയോര്‍ക്കിന് ആവശ്യം ശതകോടീശ്വരന്മാരെയല്ല സാമ്പത്തിക സമത്വം’ മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി|mayoral candidate Sohran Mamdani says New York doesnt need billionaires it needs economic equality
Last Updated:
വളരെ കുറച്ചുപേരുടെ കൈകളില്‍ മാത്രം സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ് പ്രശ്‌നമെന്ന് മംദാനി പറഞ്ഞു
സാമ്പത്തിക സമത്വത്തിനായി ശബ്ദമുയര്‍ത്തി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി. ശതകോടീശ്വരന്മാര്‍ നിലനില്‍ക്കണമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ന്യൂയോർക്കിന് ആവശ്യം സാമ്പത്തിക സമത്വമാണെന്നും മംദാനി അഭിപ്രായപ്പെട്ടു. അസമത്വം വര്‍ദ്ധിക്കുന്ന കാലത്ത് അതിരില്‍ കവിഞ്ഞ് സമ്പത്ത് കുമിഞ്ഞുകൂടുന്നത് അന്യായമാണെന്നും കടുത്ത ജനാധിപത്യ സോഷ്യലിസ്റ്റും ഇടതുപക്ഷ ചിന്താഗതിക്കാരനുമായ മംദാനി പറയുന്നു.
എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസി’ല്‍ സംസാരിക്കുമ്പോഴായിരുന്നു മംദാനി സാമ്പത്തിക സമത്വത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ തുറന്നുപറഞ്ഞത്. കോടീശ്വരന്മാര്‍ക്ക് നിലനില്‍ക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നുണ്ടോ എന്ന അവതാരക ക്രിസ്റ്റന്‍ വെല്‍ക്കറിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു 33-കാരനായ മംദാനി തന്റെ ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
വളരെ കുറച്ചുപേരുടെ കൈകളില്‍ മാത്രം സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ് പ്രശ്‌നമെന്ന് മംദാനി പറഞ്ഞു. ഇത്രയധികം അസമത്വം സമൂഹത്തില്‍ നേരിടുമ്പോള്‍ നമുക്ക് ശതകോടീശ്വരന്മാരെയല്ല വേണ്ടതെന്നും കൂടുതല്‍ ആവശ്യമുള്ളത് തുല്യതയാണെന്നും മംദാനി ചൂണ്ടിക്കാട്ടി. നഗരത്തിലുടനീളവും സംസ്ഥാനത്തിലുടനീളവും രാജ്യത്തിലുടനീളവും തുല്യതയാണ് വേണ്ടതെന്നും മംദാനി പറഞ്ഞു. എന്നാല്‍, തന്റെ ഈ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ടുതന്നെ നീതിന്യായയുക്തമായ ഒരു ന്യൂയോര്‍ക്ക് കെട്ടിപ്പടുക്കാന്‍ ശതകോടീശ്വരന്മാര്‍ ഉള്‍പ്പെടെ എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സൊഹ്‌റാന്‍ മംദാനി അറിയിച്ചു.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവും ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വംശജനയാ സൊഹ്‌റാന്‍ മംദാനി അപ്രതീക്ഷിത വിജയം നേടിയത്. രാഷ്ട്രീയ ലോകത്തെ പലരെയും ഞെട്ടിച്ച വിജയമാണ് മംദാനിയുടേത്. പ്രത്യേകിച്ചും ന്യൂയോര്‍ക്ക് രാഷ്ട്രീയത്തില്‍ ക്യൂമോയുടെ ദീര്‍ഘകാല സാന്നിധ്യം കണക്കിലെടുക്കുമ്പോള്‍ ഒരു കുടിയേറ്റക്കാരനായ മംദാനിയുടെ വിജയം വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
പാര്‍ട്ടി ദിശയിലെ ഒരു പ്രധാന മാറ്റമായാണ് ഈ വിജയത്തെ പലരും വിലയിരുത്തുന്നത്. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള വിമര്‍ശകര്‍ മംദാനിയെ തീവ്ര ഇടതുപക്ഷക്കാരനായാണ് കാണുന്നത്. ‘കമ്മ്യൂണിസ്റ്റ് മുഴു ഭ്രാന്തന്‍’ എന്നാണ് ട്രംപ് അദ്ദേഹത്തെ വിമര്‍ശിച്ചത്. ബുദ്ധിയില്ല, കാണാൻ കൊള്ളില്ല, ശബ്ദം അരോചകം തുടങ്ങിയ ആക്ഷേപങ്ങളും ട്രംപ് മംദാനിക്കെതിരെ നടത്തിയിരുന്നു. അതേസമയം, ട്രംപ് അവകാശപ്പെടുന്നതുപോലെ താനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്നും ജനാധിപത്യ സോഷ്യലിസ്റ്റാണെന്നും പറഞ്ഞുകൊണ്ട് മംദാനി തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടിനെ ന്യായീകരിച്ചു.
നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മംദാനി ജയിക്കുകയാണെങ്കില്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം കുടിയേറ്റ മേയറായിരിക്കും ഇദ്ദേഹം. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്തോ-അമേരിക്കക്കാരന്‍ കൂടിയാകും മംദാനി. ‘സാലം ബോംബെ’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഇന്തോ-അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും ഇന്ത്യന്‍ വംശജനായ ഉഗാണ്ടന്‍ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ മഹ്മൂദ് മാംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി.
New Delhi,Delhi
July 01, 2025 10:56 AM IST
‘ന്യൂയോര്‍ക്കിന് ആവശ്യം ശതകോടീശ്വരന്മാരെയല്ല സാമ്പത്തിക സമത്വം’ മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി