അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ മേജറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പാക് സൈനിക മേധാവി| Pakistan Army Chief Asim Munir Attends Funeral Of Major Who Captured IAF Group Captain Abhinandan Varthaman
Last Updated:
ചൊവ്വാഴ്ച ഭീകരസംഘടനയായ തെഹ്‌റീക്ക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) നടത്തിയ ആക്രമണത്തിലാണ് മേജര്‍ ഷാ കൊല്ലപ്പെട്ടത്. ഷായുടെ ശവസംസ്‌കാര ചടങ്ങില്‍ പ്രാര്‍ത്ഥന നടത്തുന്ന പാക് സൈനിക മേധാവിയുടെ ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക് മേജര്‍ മോയിസ് അബ്ബാസ് ഷായുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈനിക മേധാവി അസിം മുനീര്‍ പങ്കെടുത്തു. ചൊവ്വാഴ്ച ഭീകരസംഘടനയായ തെഹ്‌റീക്ക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) നടത്തിയ ആക്രമണത്തിലാണ് മേജര്‍ ഷാ കൊല്ലപ്പെട്ടത്. ഷായുടെ ശവസംസ്‌കാര ചടങ്ങില്‍ പ്രാര്‍ത്ഥന നടത്തുന്ന പാക് സൈനിക മേധാവിയുടെ ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍, ഇത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. 2019ല്‍ ഇന്ത്യന്‍ വ്യോമസേനാ കാപ്റ്റനായ അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയത് മേജര്‍ മോയിസ് അബ്ബാസ് ഷായാണെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു.
ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ ഷാ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. അതേസമയം, സര്‍ഗോധ ഏറ്റുമുട്ടലില്‍ ഷാ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ചില പാക് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അവകാശപ്പെട്ടു.
അസിം മുനീറിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ അടുത്തിടെ സ്വീകരണം നല്‍കിയിരുന്നു. യുഎസ്-ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചോ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ യുഎസ് മധ്യസ്ഥത വഹിക്കുന്നതിനെ കുറിച്ചോ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്.

പാക് മേജര്‍ മോയിസ് അബ്ബാസ് ഷായുടെ സംസ്‌കാര ചടങ്ങില്‍ പ്രാർത്ഥിക്കുന്ന പാക് സൈനിക മേധാവി അസിം മുനീര്‍
മുനീറിനെ കാണാന്‍ കഴിഞ്ഞത് ബഹുമതിയായി കരുതുന്നുവെന്നും ഇറാന്‍ വിഷയം തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പാകിസ്ഥാന് മറ്റുള്ളവരെക്കാള്‍ കൂടുതലായി അവരെ അറിയാമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിന് മുനീറിനോട് നന്ദി പറഞ്ഞതായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതായും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ വ്യാപാരം, സാമ്പത്തിക വികസനം, ക്രിപ്‌റ്റോകറന്‍സി എന്നിവയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചതായി പാക് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
”ഞാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചു. അവര്‍ രണ്ടുപേരും ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളായിരുന്നു. എനിക്ക് അത് അവസാനിപ്പിക്കാന്‍ കഴിഞ്ഞു,” ട്രംപ് പറഞ്ഞു.
New Delhi,New Delhi,Delhi
June 27, 2025 8:23 AM IST