ആര്യാ രാജേന്ദ്രനേപോലെയൊരു മേയര്‍ ന്യൂയോര്‍ക്കിനും വേണ്ടേ എന്ന് പറഞ്ഞ മംദാനി മേയർ സ്ഥാനാർത്ഥി; മീരാ നായരുടെ മകൻ കമ്യൂണിസ്റ്റ് ഭ്രാന്തനെന്ന് ട്രംപ്|Mayoral candidate Mandani said New York doesnt need a mayor like Arya Rajendran Trump calls Mira Nair s son a communist lunatic
ഇന്തോ-അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും ഇന്ത്യന്‍ വംശജനായ ഉഗാണ്ടന്‍ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം മേയറായിരിക്കും 33-കാരനായ മംദാനി.
തിരുവനന്തപുരം മേയറായി ആര്യാ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ‘ഇങ്ങനെയൊരു മേയര്‍ ന്യൂയോര്‍ക്കിനും വേണ്ടേ’ എന്ന് ചോദിച്ചുകൊണ്ട് മംദാനി ഷെയര്‍ ചെയ്തിരുന്നു.
കാണാന്‍ ഭയാനകം, ശബ്ദം അരോചകം തുടങ്ങിയ വാക്കുകളിലൂടെയും ട്രംപ് സൊഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ചു. മംദാനിയെ പിന്തുണയ്ക്കുന്ന അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ് ഉള്‍പ്പെടെയുള്ള മറ്റ് പുരോഗമന നേതാക്കളെയും ട്രംപ് വിമര്‍ശിച്ചു.
ന്യൂയോര്‍ക്ക് സിറ്റിയുടെ മേയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് സൊഹ്‌റാന്‍ മംദാനി വിജയിച്ചത്. 43.5 ശതമാനം വോട്ടാണ് അദ്ദേഹം നേടിയത്.
ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന ഇടത് സോഷ്യലിസ്റ്റായ മംദാനിക്കെതിരെ രൂക്ഷമായ അധിക്ഷേപങ്ങളാണ് ട്രംപ് നടത്തിയത്. “ഒടുവില്‍ അത് സംഭവിച്ചു. ഡെമോക്രാറ്റുകള്‍ അതിരുകടന്നു. 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാന്‍ മംദാനി മേയര്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരിക്കുന്നു. ഇതിനുമുമ്പും തീവ്ര ഇടതുപക്ഷക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് അല്പം പരിഹാസ്യമായി മാറുകയാണ്”, റിപ്പബ്ലിക് പാര്‍ട്ടി നേതാവായ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ച വാക്കുകളാണിത്.
മംദാനിയെ വ്യക്തിപരമായ വാക്കുകള്‍കൊണ്ടും ട്രംപ് അധിക്ഷേപിച്ചു. മംദാനിയെ കാണാന്‍ ഭയാനകമാണെന്നും അദ്ദേഹത്തിന്റെ ശബ്ദം അരോചകമാണെന്നും ബുദ്ധിയില്ലെന്നും ട്രംപ് അധിക്ഷേപിച്ചു. ഡമ്മികള്‍ മംദാനിയെ പിന്തുണയ്ക്കുകയാണെന്നും ട്രംപ് ആരോപിച്ചു. പാലസ്തീൻ സെനേറ്റര്‍ ക്രിന്‍ ചക്ക് ഷൂമര്‍ മംദാനിയെ അധിക്ഷേപിച്ചിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. യുഎസിന്റെ ചരിത്രത്തിലെ തന്നെ വലിയ നിമിഷമാണിതെന്നും ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റുകള്‍ ബുദ്ധിക്കുറവുള്ള ജാസ്മിന്‍ ക്രോക്കറ്റിനെ പ്രസിഡന്റാക്കണമെന്നും ട്രംപ് പരിഹസിച്ചു. അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസിനെ പോലുള്ള പുരോഗമന നേതാക്കളെ ക്യാബിനറ്റ് സ്ഥാനങ്ങളില്‍ നിയമിക്കണമെന്നും ട്രംപ് പരിഹസിച്ചു. ട്രംപിന്റെ പ്രിയപ്പെട്ട രണ്ട് എതിരാളികളായ ഇടതുപക്ഷ സെനേറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സും പുരോഗമന കോണ്‍ഗ്രസ് വനിത അലക്‌സാണ്ട്രിയ ഒകാസിയോയും മംദാനിയെ പിന്തുണയ്ക്കുന്നുണ്ട്. ഇതാണ് ഇവര്‍ക്കെതിരെയും ട്രംപ് വിമര്‍ശനം ഉന്നയിക്കാനുള്ള കാരണം.
ഇന്ത്യന്‍ വംശജരായ കുടിയേറ്റക്കാരുടെ മകനായ മംദാനിക്ക് അമേരിക്കന്‍ സോഷ്യലിസ്റ്റ്‌സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയുണ്ട്. ശക്തമായ ഇടതുപക്ഷ ബന്ധവും അദ്ദേഹത്തിനുണ്ട്. മംദാനി പലസ്തീനികള്‍ക്കുവേണ്ടി സംസാരിക്കുകയും ഇസ്രായേലിനെതിരെ വംശഹത്യ ആരോപിക്കുകയും ചെയ്യുന്നു എന്നതും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ ട്രംപിനുള്ള കാരണങ്ങളിലൊന്നാണ്.
ന്യൂയോര്‍ക്ക് നിവാസികളുടെ വാടക മരവിപ്പിക്കല്‍, സൗജന്യ ബസ് സര്‍വീസ്, ശിശുപരിപാലനം തുടങ്ങി തിരഞ്ഞെടുപ്പില്‍ സൊഹ്‌റാന്‍ മംദാനി മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രത്യേക ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. വാടക തന്നെ വലിയ ചെലവ് വരുന്ന നഗരത്തില്‍ ഇത്തരം വാഗ്ദാനങ്ങള്‍ പെട്ടെന്ന് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.
New Delhi,Delhi
June 26, 2025 3:46 PM IST
ആര്യാ രാജേന്ദ്രനേപോലെയൊരു മേയര്‍ ന്യൂയോര്‍ക്കിനും വേണ്ടേ എന്ന് പറഞ്ഞ മംദാനി മേയർ സ്ഥാനാർത്ഥി; മീരാ നായരുടെ മകൻ കമ്യൂണിസ്റ്റ് ഭ്രാന്തനെന്ന് ട്രംപ്