വ്യാപാരത്തിന്റെ കാര്യം പറഞ്ഞാണ് ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷം അവസാനിപ്പിച്ചതെന്ന അവകാശവാദവുമായി ട്രംപ് | Donald Trump repeats claim that he Stopped India-Pak conflict
Last Updated:
ഇന്ത്യ-പാക്കിസ്ഥാന് വിഷയത്തില്‍ ട്രംപ് അവകാശപ്പെടുന്നതു പോലെയുള്ള അമേരിക്കയുടെ പങ്കാളിത്തം ഇന്ത്യ നിഷേധിച്ചു
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷാവസ്ഥ വ്യക്തിപരമായി ഇടപ്പെട്ട് ശമിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി യുഎസ് പ്രഡിസന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര ചര്‍ച്ചകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും ഇരു രാജ്യങ്ങളെയും സംഘര്‍ഷത്തിന്റെ വക്കില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചതായി ട്രംപ് അവകാശപ്പെട്ടു.
വ്യാപാരത്തെക്കുറിച്ചുള്ള നിരവധി ഫോണ്‍ കോളുകളിലൂടെയാണ് താന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചതെന്ന് ട്രംപ് പറയുന്നു. ഇരു രാജ്യങ്ങളും പരസ്പരം പോരടിക്കാന്‍ പോകുകയാണെങ്കില്‍ ഞങ്ങള്‍ ഒരു വ്യാപാര കരാറിലും ഏര്‍പ്പെടില്ലെന്ന് ഇന്ത്യ, പാക്കിസ്ഥാന് നേതൃത്വങ്ങളോട് പറഞ്ഞതായും ട്രംപ് പറയുന്നു.
സംഘര്‍ഷം തുടര്‍ന്നാല്‍ വ്യാപാര ചര്‍ച്ചകള്‍ നടക്കില്ലെന്ന് പറഞ്ഞതോടെ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ തയ്യാറായി എന്നാണ് ട്രംപ് പറയുന്നത്. ഇതോടെ വ്യാപാര കരാര്‍ വേണമെന്നും ആണവയുദ്ധം നിര്‍ത്തിയെന്ന് ഇരു രാജ്യങ്ങളും പറഞ്ഞതായും ട്രംപ് പറയുന്നുണ്ട്.
അതേസമയം, ഇന്ത്യ-പാക്കിസ്ഥാന് വിഷയത്തില്‍ ട്രംപ് അവകാശപ്പെടുന്നതു പോലെയുള്ള അമേരിക്കയുടെ പങ്കാളിത്തം ഇന്ത്യ നിരന്തരം നിഷേധിച്ചു. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തീരുമാനം സ്വതന്ത്രമായി എടുത്തതാണെന്നും യുഎസിന്റെയോ മറ്റ് ഏതെങ്കിലും ബാഹ്യ കക്ഷികളുടെയോ സ്വാധീനം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ നേതൃത്വങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം മാത്രമല്ല മറ്റ് നിരവധി ആഗോള സംഘര്‍ഷങ്ങളും സമീപ ആഴ്ച്ചകളില്‍ തന്റെ ഇടപ്പെടലിലൂടെ പരിഹരിച്ചതായി ട്രംപ് അവകാശപ്പെടുന്നുണ്ട്. കൊസോവോയും സെര്‍ബിയയും തമ്മിലുള്ള സംഘര്‍ഷങ്ങളും കോങ്കോയും റുവാണ്ടയും തമ്മിലുള്ള ദീര്‍ഘകാല ശത്രുതയും ഉള്‍പ്പെടെ നിരവധി ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചതിന്റെ ക്രെഡിറ്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ള നയതന്ത്രപരമായ നീക്കങ്ങളുടെ ഫലമാണിതെന്നും ട്രംപ് പറയുന്നു.
പാക്കിസ്ഥാന് സൈനിക മേധാവി അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ-പാക് സംഘര്‍ഷം സംബന്ധിച്ച പരാമര്‍ശം വന്നിരിക്കുന്നത്. ഇന്ത്യയുമായുള്ള സൈനിക സംഘര്‍ഷം തടയാന്‍ സഹായിച്ചതിന് യുഎസ് പ്രസിഡന്റ് പിന്നീട് അസിം മുനീറിനെ പ്രശംസിക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിച്ചതിന് നന്ദി പറയാനാണ് അസിം മുനീറിന് വൈറ്റ് ഹൗസില്‍ സ്വീകരണം നല്‍കിയതെന്നും ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രംപ് പ്രശംസിച്ചു. ‘മഹാനായ സുഹൃത്ത്’ എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്. ‘മഹാനായ മാന്യന്’ എന്നും ട്രംപ് അദ്ദേഹത്തെ പ്രശംസിച്ചു. ആഗോളതലത്തില്‍ നിരവധി നയതന്ത്ര വിജയങ്ങള്‍ നേടിയതിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാത്തതില്‍ ഡൊണാള്‍ഡ് ട്രംപ് നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ആണ് അദ്ദേഹം നിരാശ അറിയിച്ചത്. “ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതിന് എനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ല, സെര്‍ബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിനോ മിഡില്‍ ഈസ്റ്റില്‍ അബ്രഹാം ഉടമ്പടി ചെയ്തതിനോ എനിക്ക് നോബല്‍ സമ്മാനം ലഭിക്കില്ല”, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
June 26, 2025 12:17 PM IST
വ്യാപാരത്തിന്റെ കാര്യം പറഞ്ഞാണ് ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷം അവസാനിപ്പിച്ചതെന്ന അവകാശവാദവുമായി ട്രംപ്