Leading News Portal in Kerala

ഇനി സമാധാനം; വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രായേലും; ലക്ഷ്യം നേടിയെന്ന് ബെഞ്ചമിൻ നെതന്യാഹു| israel and iran agrees to ceasefire benjamin netanyahu says war goals achieved


Last Updated:

യുദ്ധത്തിൽ ഇസ്രായേലിന്റെ ലക്ഷ്യം നേടിയതായി തിങ്കളാഴ്ച രാത്രി തന്നെ സുരക്ഷാ കാബിനെറ്റിനെ നെതന്യാഹു അറിയിച്ചിരുന്നു

(AP File)(AP File)
(AP File)

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രായേലും. ഇസ്രായേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിർദേശപ്രകാരം ഇറാനുമായി ഉഭയകക്ഷി വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു. അതേസമയം, 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേലിന്റെ ലക്ഷ്യം നേടിയതായി തിങ്കളാഴ്ച രാത്രി തന്നെ സുരക്ഷാ കാബിനെറ്റിനെ നെതന്യാഹു അറിയിച്ചിരുന്നു.

പുലർച്ചെ മിസൈലുകൾ വിക്ഷേപിച്ചെന്ന ഇസ്രായേലിന്റെ ആരോപണത്തിനിടെ വെടിനിർത്തൽ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചിരുന്നു. സ്ക്രീനിലെ ഒരു ഗ്രാഫിക്സ് ആയി ആണ് വെടിനിർത്തിയെന്ന് ഔദ്യോഗിക ടിവി പ്രഖ്യാപിച്ചത്.

ഇതും വായിക്കുക: ഇറാൻ – ഇസ്രായേൽ വെടിനിർത്തലിന് ധാരണയായെന്ന് ഡോണൾഡ് ട്രംപ്; ’24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’

ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെ ഭീഷണി ഇല്ലാതെയാക്കിയെന്നും സൈനിക നേതൃനിരയ്ക്ക് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയെന്നും സർക്കാരിന്റെ നിരവധി സ്ഥാപനങ്ങൾക്ക് കേടുപാടു വരുത്തിയെന്നും നെതന്യാഹു മന്ത്രിസഭയെ അറിയിച്ചു. മാത്രമല്ല, ടെഹ്റാന്റെ ആകാശത്ത് മേധാവിത്വം നേടിയെന്നും നെതന്യാഹു സുരക്ഷാ കാബിനെറ്റിനെ അറിയിച്ചിരുന്നു. വെടിനിർത്തൽ ലംഘനത്തിനു തക്കതായ മറുപടി നൽകുമെന്നും നെതന്യാഹു പറഞ്ഞു.

ഇതും വായിക്കുക: വ്യോമപാത തുറന്ന് ഖത്തറും ബഹ്റൈനും; 14 മിസൈലുകളിൽ പതിമൂന്നും വെടിവെച്ചിട്ടതായി ഖത്തർ

വെടിനിർത്തൽ നിർദേശം മുന്നോട്ടുവച്ചതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നെതന്യാഹു നന്ദി പറഞ്ഞു. പ്രതിരോധത്തിൽ തന്റെ രാജ്യത്തെ പിന്തുണച്ചതിനും ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കുന്നതിൽ പങ്കെടുത്തതിനും നെതന്യാഹു ട്രംപിന് നന്ദി പറഞ്ഞു. ഇറാനെതിരായ 12 ദിവസത്തെ പ്രവർത്തനത്തിൽ ഇസ്രായേൽ അതിന്റെ എല്ലാ യുദ്ധലക്ഷ്യങ്ങളും നേടിയിട്ടുണ്ടെന്ന് തിങ്കളാഴ്ച രാത്രി ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയെ അറിയിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങളിൽ യുഎസ് 30,000 പൗണ്ട് ബങ്കർ ബസ്റ്ററുകൾ വർഷിച്ചതിന് തിരിച്ചടായി ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചെങ്കിലും ആർക്കും പരിക്കില്ല. ജൂൺ 19 ന് അമേരിക്കൻ സൈനിക നടപടിയെക്കുറിച്ച് ‘രണ്ടാഴ്ചയ്ക്കുള്ളില്‍’ തീരുമാനമെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ജൂൺ 21 ന് ഉച്ചയോടെ, ഇറാനിയൻ കേന്ദ്രങ്ങളിൽ ബോംബിടാൻ ഉത്തരവിട്ടിരുന്നു.