വ്യോമപാത തുറന്ന് ഖത്തറും ബഹ്റൈനും; 14 മിസൈലുകളിൽ പതിമൂന്നും വെടിവെച്ചിട്ടതായി ഖത്തർ| Qatar says it shot down 13 of Irans 14 missiles
Last Updated:
ഇറാന്‍ 14 മിസൈലുകളാണ് തൊടുത്തുവിട്ടത്. അതില്‍ 13 എണ്ണവും വെടിവെച്ചിട്ടു. ഒരെണ്ണം ഭീഷണിയില്ലാത്ത ദിശയിലേക്കാണ് പോയതെന്നും ട്രംപ് പറഞ്ഞു
യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരേ ഇറാന്‍ തൊടുത്തുവിട്ട 14 മിസൈലുകളില്‍ ഒരെണ്ണം ഒഴികെ എല്ലാം പ്രതിരോധിക്കാനായെന്ന് ഖത്തര്‍. ഒരു മിസൈല്‍ മാത്രമാണ് പ്രദേശത്ത് പതിച്ചതെന്നും എന്നാല്‍ ഇതു കാര്യമായ തകരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും ഖത്തര്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഷേഖ് ബിന്‍ മിസ്ഫിര്‍ അല്‍ ഹാജിരിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇറാന്റെ തിരിച്ചടി വളരെ ദുര്‍ബലമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കിയതിന് ഇറാന്‍ വളരെ ദുര്‍ബലമായാണ് പ്രതികരിച്ചത്. ഇത് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. വളരെ ഫലപ്രദമായി അത് നേരിട്ടെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ആക്രമണത്തെക്കുറിച്ച് ഇറാന്‍ നേരത്തേ വിവരം നല്‍കിയതിന് അദ്ദേഹം നന്ദി അറിയിക്കുകയുംചെയ്തു.
ആക്രമണത്തില്‍ ഒരു അമേരിക്കക്കാരനും പരിക്കേറ്റിട്ടില്ലെന്നും യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഒരു ഖത്തരി പൗരനും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. ഇറാന്‍ 14 മിസൈലുകളാണ് തൊടുത്തുവിട്ടത്. അതില്‍ 13 എണ്ണവും വെടിവെച്ചിട്ടു. ഒരെണ്ണം ഭീഷണിയില്ലാത്ത ദിശയിലേക്കാണ് പോയതെന്നും ട്രംപ് പറഞ്ഞു.
അതിനിടെ, ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ അടച്ചിട്ടിരുന്ന ഖത്തറിന്റെ വ്യോമപാത തുറന്നു. ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നതായി സിഎന്‍എന്‍ അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിന് പുറമേ കുവൈത്തും ബഹ്‌റൈനും തങ്ങളുടെ വ്യോമപാതകള്‍ തുറന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും സാധാരണനിലയിലായി.
അതേസമയം, ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരേ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയും പ്രതികരണവുമായി രംഗത്തെത്തി. ഇറാന്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നും എന്നാല്‍ ഒരുസാഹചര്യത്തിലും ആരില്‍നിന്നുള്ള ആക്രമണവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും ആക്രമണത്തിന് മുന്നില്‍ കീഴടങ്ങില്ലെന്നും ഇതാണ് ഇറാനിയന്‍ ജനതയുടെ യുക്തിയെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് ഖത്തറിലെയും ഇറാഖിലെയും വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
New Delhi,New Delhi,Delhi
June 24, 2025 6:33 AM IST