Leading News Portal in Kerala

ലോകത്ത് സാമ്പത്തിക സമത്വത്തിൽ യുഎസിനെയും ചൈനയെയും പിന്നിലാക്കി ഇന്ത്യ നാലാം സ്ഥാനത്ത്|India ranks 4th in the world in economic equality Leaves Behind US and China


2011-12-നും 2022-23-നും ഇടയില്‍ രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള വരുമാന അസമത്വം ഗണ്യമായി കുറഞ്ഞതാണ് സാമ്പത്തിക സമത്വം അളക്കുന്ന ലോക ബാങ്കിന്റെ ഗിനി സൂചികയിൽ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സഹായകമായത്. രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞതാണ് സൂചികയിലെ മുന്നേറ്റത്തിനുള്ള പ്രധാന കാരണമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ കടുത്ത ദാരിദ്ര്യത്തിലുള്ള ജനങ്ങളുടെ ശതമാനം 2011-12-ലെ 16.2 ശതമാനത്തില്‍ നിന്നും 2022-23-ല്‍ 2.3 ശതമാനമായി കുറഞ്ഞതായി ലോക ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്ലോവാക് റിപ്പബ്ലിക്, സ്ലോവേനിയ, ബെലാറസ് എന്നിവയാണ് ലോക ബാങ്ക് ഗിനി സൂചികയില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള മൂന്ന് രാജ്യങ്ങള്‍. യുഎസ്, യുകെ, ചൈന എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് സമത്വത്തില്‍ വളരെ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സൂചികയില്‍ 25.5 ആണ് ഇന്ത്യയുടെ സ്‌കോര്‍ എന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു രാജ്യത്തെ ആളുകള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയില്‍ വരുമാനം, സമ്പത്ത്, അല്ലെങ്കില്‍ ഉപഭോഗം എന്നിവ തുല്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടോ എന്നറിയുന്നതിനുള്ള അളവുകോലാണ് ഗിനി സൂചിക. ‘0’ മുതല്‍ ‘100’ വരെയുള്ള സ്‌കോറുകള്‍ ഉപയോഗിച്ചാണ് ഇതില്‍ സാമ്പത്തിക സമത്വം അളക്കുന്നത്. സ്‌കോര്‍ ‘0’ ആണെങ്കില്‍ അത് സമ്പൂര്‍ണ്ണ സമത്വത്തെ കാണിക്കുന്നു. സ്‌കോര്‍ ‘100’ ആണെങ്കില്‍ ആ രാജ്യത്തെ സമ്പത്ത് ഒരാളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും മറ്റുള്ളവര്‍ക്ക് ഒന്നുമില്ലെന്നും സൂചിപ്പിക്കുന്നു.

ഗിനി സൂചിക ഉയര്‍ന്ന തലത്തിലാണെങ്കില്‍ ആ രാജ്യത്ത് സാമ്പത്തിക അസമത്വം കൂടുതലാണെന്നാണ് അര്‍ത്ഥം. സൂചികയില്‍ ചൈനയുടെ സ്‌കോര്‍ 35.7 ഉം യുഎസിന്റെ സ്‌കോര്‍ 41.8 ഉം ആണ്. 167 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് ലോക ബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ മിതമായതോതില്‍ കുറഞ്ഞ അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. രാജ്യത്ത് വരുമാനവും സമ്പത്തും ഒരുപരിധിവരെ തുല്യമായി വിതരണം ചെയ്യപ്പെടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ലോകത്ത് മിതമായ തോതില്‍ അസമത്വം നിലനില്‍ക്കുന്ന 30 രാജ്യങ്ങളാണുള്ളത്. ഐസ് ലന്‍ഡ്, നോര്‍വേ, ഫിന്‍ലന്‍ഡ്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളാണ് ഇതില്‍ കൂടുതലും. പോളണ്ട് പോലുള്ള അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളും യുഎഇ പോലുള്ള സമ്പന്ന രാഷ്ട്രങ്ങളും ഈ ഗ്രൂപ്പിലുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളും സ്‌കീമുകളുമാണ് രാജ്യത്ത് സാമ്പത്തിക അസമത്വം കുറയ്ക്കാന്‍ സഹായിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് ഏകദേശം 171 ദശലക്ഷം ഇന്ത്യക്കാരെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയിട്ടുണ്ട്. കടുത്ത ദാരിദ്ര്യത്തിലുള്ള ആളുകളുടെ ശതമാനം 2011-12-ലെ 16.2 ശതമാനത്തില്‍ നിന്നും 2022-23-ല്‍ 2.3 ശതമാനമായി കുറഞ്ഞു.

സാമ്പത്തിക അസമത്വം കുറയ്ക്കുന്നതില്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള പുരോഗതി വര്‍ഷങ്ങളായി ഗിനി സൂചികയില്‍ കാണുന്നുണ്ടെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. 2011-ല്‍ 28.8 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍. 2022-ല്‍ ഇത് 25.5 ആയി മെച്ചപ്പെട്ടു. സാമ്പത്തിക വളര്‍ച്ചയെ സാമൂഹിക സമത്വവുമായും നീതിയുമായും സംയോജിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതിന്റെ തെളിവാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയെ സാമ്പത്തിക സമത്വത്തിലേക്ക് നീങ്ങാന്‍ സഹായിച്ചിട്ടുള്ള പദ്ദതികളെ കുറിച്ചും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ), ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി), സ്റ്റാന്‍ഡ്അപ് ഇന്ത്യ എന്നീ കേന്ദ്ര സർക്കാർ പദ്ധതികൾ ഇന്ത്യയുടെ നേട്ടത്തിന് സഹായിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.