ഡയാന രാജകുമാരിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളറിയാൻ ഈജിപ്ഷ്യന്‍ വ്യവസായി ചാരന്മാര്ക്ക് പണം നല്കിയതെന്തിന്? | Why Egyptian bizman had paid spies to garner deets on the death of princess Diana
Last Updated:
2023ല്‍ ഫായിദിന്റെ മരണശേഷം നിരവധി സ്ത്രീകള്‍ ഇയാൾക്കെതിരേ ബലാത്സംഗം, ലൈഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് രംഗത്തെത്തിയിരുന്നു
1997ലെബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ (Princess Diana) മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദ് അല്‍ ഫായിദ് ഈജിപ്തിലെ ചാരന്മാര്ക്ക് ലക്ഷക്കണക്കിന് തുക നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. 2023ല്‍ ഫായിദിന്റെ മരണശേഷം നിരവധി സ്ത്രീകള്‍ ഇയാൾക്കെതിരേ ബലാത്സംഗം, ലൈഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് രംഗത്തെത്തിയിരുന്നു.
2023ല്‍ 94ാമത്തെ വയസ്സിലായിരുന്നു ഹരോഡ്സിന്റെ ഉടമയായ അല്‍ ഫായിദിന്റെ മരണം. ലണ്ടനിലെ ഈജിപ്ഷ്യന്‍ ജനറല്‍ ഇന്‍ലിജന്റ്സ് സര്‍വീസായ മുഖാബരതിന്റെ ഏജന്റുമാര്‍ക്കും വിവരങ്ങള്‍ നല്കുന്നവര്ക്കും പണം നല്‍കുന്നതിന് തന്റെ ഹോള്‍ഡിംഗ് കമ്പനികളുടെയും വാണിജ്യബിസിനസുകളുടെയും ഒരു ശൃംഖല വഴി ലക്ഷക്കണക്കിന് പണം ഒഴുക്കിയതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. 1997 ഓഗസ്റ്റ് 31ന് ഡയാന രാജകുമാരിയും ഫായദിന്റെ മൂത്ത മകന് ഡോഡി ഫായദും ഒരു കാര്‍ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ഡ്രൈവര്‍ ഹെന്റി പോള്‍ മദ്യപിച്ചാണ് ഡയാന സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഈ കാര്‍ അപകടത്തില്‍ ബ്രിട്ടനിലെ രഹസ്യാന്വേഷണ വിഭാഗത്തിന് പങ്കുണ്ടെന്ന തന്റെ വിശ്വാസത്തെക്കുറിച്ച് ഈജിപ്തിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് സ്ഥിരീകരണം ലഭിക്കാന്‍ അല്‍-ഫായദ് ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഡോഡിയുടെയും ഡയാനയുടെയും മരണത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങള്‍ ലഭിക്കാൻ അല്‍-ഫായദ് ആഗ്രഹിച്ചിരുന്നുവെന്നും ഭാവി രാജാവിന്റെ രണ്ടാനച്ഛനാകാന്‍ സാധ്യതയുള്ള ഒരു ഈജിപ്ത് സ്വദേശിയെക്കുറിച്ച് ബ്രിട്ടീഷ് രാജകുടുംബത്തിന് ആശങ്കയുണ്ടെന്ന് ഫായദിന് ബോധ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോഡിയുമായുള്ള ഡയാനയുടെ ബന്ധം ബ്രിട്ടീഷ് രാജകുടുംബത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അല്‍-ഫായദിനോട് പറഞ്ഞു. എന്നാല്‍ രണ്ടുപേരുടെയും മരണത്തെക്കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് രഹസ്യാന്വേഷണ ഏജന്റുമാര്‍ അല്‍ ഫായദിനെ അറിയിച്ചതായും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
“ഡോഡിയുടെ മരണത്തിന് ശേഷമുള്ള അല്‍ ഫയദിന്റെ പെരുമാറ്റം പൂര്‍ണമായും അസ്ഥിരമായിരുന്നു. ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ അദ്ദേഹം എപ്പോഴും നിലവിളിക്കുകയായിരുന്നു. ഇത് അല്‍-ഫായദിന്റെ അഭ്യര്‍ത്ഥനകള്‍ക്ക് അവര്‍ വലിയ ശ്രദ്ധ നല്കാതിരിക്കാന് കാരണമായി,” വൃത്തങ്ങള്‍ ടെലിഗ്രാഫിനോട് പറഞ്ഞു.
ഡോഡി, ഡയാന എന്നിവരെ സംബന്ധിച്ച് പിതാവിന്റെ കൈയ്യിലുള്ള രേഖകള്‍ “ഭൂഖണ്ഡങ്ങള്‍ കടന്നും വളരെ വലുതായിരുന്നുവെന്ന്” അല്‍-ഫായദിന്റെ ഇളയ മകന് ഒമര്‍ (36) പറഞ്ഞു.
100ലധികം സ്ത്രീകളാണ് അല്‍-ഫായദിനെതിരേ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് അന്ന് 13 വയസ്സായിരുന്നു പ്രായം. ഇയാള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിരവധി പേര് ആരോപണങ്ങളുമായി എത്തിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരേ ക്രിമിനല്‍ കുറ്റമൊന്നും ചുമത്തിയിട്ടില്ല. ഹാരോഡ്സില്‍ മുഹമ്മദ് അല്‍ ഫായദിന്റെ കാലയളവില്‍ നടന്ന സംഭവങ്ങള്‍ തുറന്ന് കാട്ടി ബിബിസി അല്‍ ഫായദ്-പ്രഡേറ്റര്‍ അറ്റ് ഹാരോഡ്സ് എന്ന പേരില്‍ ഒരു ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തിരുന്നു. ഇതില്‍ നടപടിയെടുക്കുന്നതില്‍ ഹാരോഡ്സ് പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ദുരുപയോഗ ആരോപണങ്ങള്‍ മറച്ചുവയ്ക്കുന്നതിനും പങ്കുവഹിച്ചതായും ആരോപണം ഉന്നയിച്ചിരുന്നു. ഫുള്‍ഹാം എഫ്സി, പാരീസിലെ റിറ്റ്സ് ഹോട്ടല്‍, ഹാരോഡ്സ്, മറ്റ് സ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ അല്‍ ഫായിദിന്റെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങളില്‍ ലൈംഗിക ദുരുപയോഗം നടന്നതായും പറയപ്പെടുന്നു.
Thiruvananthapuram,Kerala
June 23, 2025 1:19 PM IST
ഡയാന രാജകുമാരിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളറിയാൻ ഈജിപ്ഷ്യന്‍ വ്യവസായി ചാരന്മാര്ക്ക് പണം നല്കിയതെന്തിന്?