ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകി; ആഗോള എണ്ണ വിതരണത്തിന് ഭീഷണി Iran parliament approves closure of Strait of Hormuz threatens global oil supply
Last Updated:
ലോകത്തിലെ എണ്ണ വ്യാപാരത്തിൽ തന്ത്രപ്രധാനമായ സ്ഥാനമാണ് ഹോർമുസ് കടലിടുക്കിനുള്ളത്
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ആഗോളതലത്തിലെ തന്ത്രപരമായ എണ്ണ കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് ഞായറാഴ്ച അംഗീകാരം നൽകി. ആഗോള എണ്ണ വിതരണത്തിന് ഭീഷണിയാകുന്നതാണ് ഇറാന്റെ തീരുമാനം. അമേരിക്ക ഇറാന്റെ ഫോർഡോ, ഇസ്ഫഹാൻ, നതാൻസ് എന്നീ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ അക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ നടപടി
ആഗോള റിയൽടൈം ഊർജ്ജ വ്യാപാര ട്രാക്കിംഗ് സോഫ്റ്റ് വെയട കമ്പനിയായ വോർടെക്സയുടെ അഭിപ്രായത്തിൽ, ലോകത്തിലെ എണ്ണ വ്യാപാരത്തിലെ തന്ത്ര പ്രധാനമായ പോയിന്റാണ് ഹോർമുസ് കടലിടുക്ക്. സൗദി അറേബ്യ, ഇറാൻ, ഇറാഖ്, കുവൈറ്റ്, യുഎഇ എന്നീ പ്രധാന എണ്ണ ഉൽപ്പാദകർ ഏഷ്യൻ വിപണികളിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിന് ഈ പാതയെയാണ് ആശ്രയിക്കുന്നത്. ഇതിനുപുറമെ, ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽഎൻജി) ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒന്നാമനായ ഖത്തർ, അതിന്റെ എല്ലാ എൽഎൻജിയും ഈ റൂട്ട് വഴിയാണ് കൊണ്ടുപോകുന്നത്. ആഗോള എണ്ണ ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്ന്, പ്രതിദിനം 17.8 ദശലക്ഷം മുതൽ 20.8 ദശലക്ഷം ബാരൽ വരെ അസംസ്കൃത എണ്ണ, കണ്ടൻസേറ്റ്, ശുദ്ധീകരിച്ച ഇന്ധനങ്ങൾ എന്നിവ ഈ വഴിയിലൂടെയാണ് ദിവസേന കടന്നുപോകുന്നത്. ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടൽ ആഗോള എണ്ണ വിപണികളിൽ വലിയ സ്വാധീനം ചെലുത്തും.
ഇറാനും ഒമാനും ഇടയിലാണ് ഹോർമുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്. ഇത് പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും തുടർന്ന് അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്നു. ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഇതിന് 33 കിലോമീറ്റർ മൈൽ വീതി മാത്രമേയുള്ളൂ, ഇരു ദിശകളിലേക്കുമുള്ള ഷിപ്പിംഗ് പാതകൾക്ക് 3 കിലോമീറ്റർ വീതിയും.
ഹോർമുസ് കടലിടുക്കിന്റെ വടക്കൻ ഭാഗവുമായി ഇറാൻ അതിർത്തി പങ്കിടുന്നു, മാത്രമല്ല അതിന്റെ സ്ഥാനം പലപ്പോഴും ഒരു തന്ത്രപരമായ വിലപേശൽ ഉപകരണമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി, പാശ്ചാത്യ ഉപരോധങ്ങൾക്കോ സമ്മർദ്ദങ്ങൾക്കോ മറുപടിയായി കടലിടുക്ക് തടയുമെന്ന് ടെഹ്‌റാൻ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും അത് പാലിച്ചിട്ടില്ല. ഏതൊരു തടസ്സവും ആഗോള എണ്ണവില ഉയരാൻ ഇടയാക്കും, ഇത് വിപണികളിൽ പരിഭ്രാന്തി സൃഷ്ടിക്കും.
1973-ൽ, സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ, ഈജിപ്തുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണച്ച രാജ്യങ്ങൾക്കുള്ള എണ്ണ വിതരണം നിർത്തിവച്ചു. ഇത് പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇന്ധനക്ഷാമത്തിനും ഉയർന്ന എണ്ണ വിലയ്ക്കും കാരണമായി. ഇന്ന്, ഗൾഫ് എണ്ണയുടെ ഭൂരിഭാഗവും ഏഷ്യയിലേക്കാണ് പോകുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ എണ്ണ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ പ്രതിസന്ധി കാണിച്ചുതന്നു.
ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യ പ്രതിദിനം രണ്ട് ദശലക്ഷം എണ്ണ ബാരൽ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, റഷ്യ, യുഎസ്, ബ്രസീൽ തുടങ്ങിയ വിതരണക്കാർ ഇന്ത്യയ്ക്കുള്ളതിനാൽ അടച്ചുപൂട്ടൽ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ല.
New Delhi,Delhi
June 22, 2025 10:35 PM IST