Leading News Portal in Kerala

ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നിർദേശിച്ചതിന് പിന്നാലെ ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് പാക്കിസ്ഥാൻ Pakistan condemns US attack on Iran After Asim Munir Backs Trump For Nobel Peace Prize


Last Updated:

ആക്രമണം എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ലംഘിക്കുന്നുവെന്നും ഇറാന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്നും പാക്കിസ്ഥാൻ

News18News18
News18

ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണങ്ങളെ അപലപിച്ച് പാകിസ്ഥാൻ. ആക്രമണം എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ലംഘിക്കുന്നുവെന്നും ഇറാന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്നും പാക്കിസ്ഥാൻ പറഞ്ഞു.പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഈ പ്രസ്താവന വരുന്നത്.

“ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണത്തെ പാകിസ്ഥാൻ അപലപിക്കുന്നു. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്,” പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അഭൂതപൂർവമായ രീതിയിൽ വർദ്ധിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്നതാണെന്നും കൂടുതൽ സംഘർഷം മേഖലയ്ക്കും അതിനപ്പുറത്തും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പാകിസ്ഥാൻ പറഞ്ഞു.

പൗരന്മാരുടെ ജീവനെയും സ്വത്തുക്കളെയും ബഹുമാനിക്കേണ്ടതിന്റെയും സംഘർഷം ഉടനടി അവസാനിപ്പിക്കേണ്ടതിന്റെയും അനിവാര്യത ഞങ്ങൾ ഊന്നിപ്പറയുന്നു. എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമം, പ്രത്യേകിച്ച് അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കണം. യുഎൻ ചാർട്ടറിന്റെ തത്വങ്ങൾക്കും ഉദ്ദേശ്യങ്ങൾക്കും അനുസൃതമായി സംഭാഷണം, നയതന്ത്രം എന്നിവ മാത്രമാണ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഏക മാർഗമെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

അതിർത്തിയും ഇസ്ലാമിക പൈതൃകവും ചരിത്രപരമായ വ്യാപാര പാതകളും പങ്കിടുന്ന ഇറാനും പാകിസ്ഥാനും അടുത്ത സഖ്യകക്ഷികളാണ്. ഇറാനെപ്പോലെതന്നെ പാകിസ്ഥാനും ഇസ്രായേലിന്റെ തുറന്ന വിമർശകരാണ്. ഗാസ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തുന്ന പ്രവർത്തനങ്ങളെയും പാക്കിസ്ഥാൻ എതിർക്കുന്നുണ്ട്.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അയവുണ്ടാക്കാനും വെടിനിർത്തലിന് സാധ്യമായതും ട്രംപിന്റെ നിർണ്ണായക നയതന്ത്ര ഇടപെടലും നേതൃത്വവുകൊണ്ടാണെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ പാക്കിസ്ഥാൻ നാമനിർദേശം ചെയ്തത്. ഇതിന് പിന്നാലെയാണ് സഖ്യകക്ഷിയായ ഇറാനുമേലുള്ള യുഎസിന്റെ ആക്രമണമെന്നത് പാക്കിസ്ഥാന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/World/

ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നിർദേശിച്ചതിന് പിന്നാലെ ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് പാക്കിസ്ഥാൻ