യുകെയിലെ ജനനവൈകല്യങ്ങള്‍ക്ക് കാരണം പാക്കിസ്ഥാനിൽ നിന്നുള്ളവരുടെ കസിന് വിവാഹങ്ങളെന്ന് പോസ്റ്റ് viral Post says cousin marriages from Pakistan are the cause of birth defects in the UK
ബ്രിട്ടീഷ്-പാക്കിസ്ഥാന് സമൂഹത്തിനിടയില്‍ നടക്കുന്ന കസിന് വിവാഹങ്ങളാണ് യുകെയിലെ ജനന വൈകല്യങ്ങള്‍ക്ക് കാരണമെന്നും യുകെ സമ്പദ്വ്യവസ്ഥയ്ക്കുമേല് ഇത് സാമ്പത്തിക ആഘാതം സൃഷ്ടിക്കുന്നതായും വീഡിയോയില്‍ ടോമി റോബിന്‍സണ്‍ അവകാശപ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് വീഡിയോ പങ്കിട്ടിട്ടുള്ളത്.
ബ്രാഡ്ഫോര്‍ഡിലെ താമസക്കാരായ പാക്കിസ്ഥാനികളില്‍ 76 ശതമാനം പേരും വിവാഹം കഴിക്കുന്നത് അവരുടെ ആദ്യ കസിന്സിനെയാണെന്ന് റോബിന്‍സണ്‍ പറയുന്നു. യുകെയിലെ ജനസംഖ്യയുടെ മൂന്ന് ശതമാനവും ബ്രിട്ടീഷ് പാക്കിസ്ഥാനികളാണെന്നും ജനന വൈകല്യത്തോടെ രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 33 ശതമാനവും ഈ വിഭാഗത്തിലാണെന്നും റോബിന്‍സണ്‍ വാദിക്കുന്നു. യുകെയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ ഇത് സമ്മര്‍ദ്ദം ചെലുത്തുന്നതായും അദ്ദേഹം പറയുന്നു.
ഈ വിവാഹരീതികള്ക്കുള്ള കാരണം ഇസ്ലാമിക ചരിത്രത്തിലെ ആചാരമാണെന്നും റോബിന്‍സണ്‍ വീഡിയോയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പാക്കിസ്ഥാനി സമൂഹത്തിനിടയില്‍ കുട്ടികള്‍ ബുദ്ധിമാന്ദ്യത്തോടെ ജനിക്കുന്നുവെന്നും ഇത് യുകെയ്ക്ക് സാമ്പത്തികമായി വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. കോടികള്‍ ഇതിനായി ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. മുഹമ്മദ് തന്റെ കസിനെ വിവാഹം ചെയ്തതായാണ് പറയുന്നത്. ഏഴാം നൂറ്റാണ്ടില്‍ മുഹമ്മദ് ഇത് ചെയ്തത് താന്‍ കാര്യമാക്കുന്നില്ലെന്നും അന്നത്തെ കാലത്ത് അദ്ദേഹം ഒരു ക്രൂരനായിരുന്നുവെന്നും റോബിന്‍സണ്‍ ആരോപിക്കുന്നു. ആ രീതി ഒരിക്കലും ശരിയല്ലെന്നും യുകെയില്‍ ഈ സമ്പ്രദായം അവസാനിപ്പിക്കണമെന്നും റോബിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിനെ നിരവധി പേര് അനുകൂലിച്ചു. എന്നാല്‍ വ്യാപകമായ പ്രതിഷേധത്തിനും പോസ്റ്റ് കാരണമായി. അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയെ പലരും ചോദ്യം ചെയ്തു. പറഞ്ഞിരിക്കുന്ന കണക്കുകളിലെ വസ്തുതയും പലരും ചോദ്യം ചെയ്തു. വികലമായ സ്ഥിതിവിവരകണക്കുകളുടെയും തുറന്ന വംശീയതയുടെയും മിശ്രമിതമാണ് ഈ വീഡിയോയെന്ന് ഒരാള്‍ കുറിച്ചു. കസിന്‍സ് തമ്മിലുള്ള വിവാഹങ്ങള്‍ ജനിതകപരമായ അപകടങ്ങള്‍ വരുത്തുമെങ്കിലും ഒരു സമൂഹത്തെ ഇതിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് നീചമാണെന്ന് അദ്ദേഹം കുറിച്ചു. ആരോഗ്യത്തെ കുറിച്ചാണ് പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവബോധം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും വെറുപ്പ് പരത്തുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോയില്‍ പറഞ്ഞിരിക്കുന്ന കണക്കുകള്‍ വസ്തുതാപരമല്ലെന്ന് മറ്റൊരു ഉപയോക്താവും ചൂണ്ടിക്കാട്ടി.
റോബിന്‍സണിന്റെ അവകാശവാദങ്ങളിലെ വസ്തുത പരിശോധിക്കാന്‍ ഒരു ഉപയോക്താവ് എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനോട് ആവശ്യപ്പെട്ടു. ബ്രാഡ്ഫോര്‍ഡിലെ കസിന് വിവാഹങ്ങളുടെ 76 ശതമാനം കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്ന് ഗ്രോക്ക് വ്യക്തമാക്കി. 2007 മുതല്‍ 2010 വരെ നടന്നിട്ടുള്ള ഏകദേശം 60 ശതമാനം വിവാഹങ്ങളും കസിന്‍സ് തമ്മിലുള്ളതാണെന്ന് കണ്ടെത്തിയ ബോണ്‍ ഇന്‍ ബ്രാഡ്ഫോര്‍ഡ് പഠനത്തെയും ഗ്രോക്ക് ഉദ്ധരിച്ചു. 2016-2019 ആയപ്പോഴേക്കും കസിന് വിവാഹങ്ങള്‍ 46 ശതമാനമായി കുറഞ്ഞുവെന്നും ഇത് വ്യക്തമാക്കുന്നു.
എന്നാല്‍ ജനസംഖ്യയുടെ ഏകദേശം 3 ശതമാനം വരുന്ന ബ്രിട്ടീഷ് പാകിസ്ഥാനികള്‍ കസിന് വിവാഹങ്ങളുമായി ബന്ധപ്പെട്ട ജനിതക ജനന വൈകല്യങ്ങളില്‍ 30-33 ശതമാനം പങ്കുവഹിക്കുന്നുണ്ടെന്ന് യുകെ എന്‍എച്ച്എസിനെയും (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) അക്കാദമിക് ഗവേഷണങ്ങളെയും ഉദ്ധരിച്ച് എഐ സ്ഥിരീകരിച്ചു.
2007-നും 2010നും ഇടയില്‍ 13,000-ത്തിലധികം കുട്ടികളെ നിരീക്ഷിച്ച ബോണ്‍ ഇന്‍ ബ്രാഡ്ഫോര്‍ഡ് പഠനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ബിബിസി പങ്കിട്ടു. പഠനത്തിന് വിധേയമാക്കിയ ആറ് കുട്ടികളില്‍ ഒന്നിലധികം പേര് കസിന്‍സ് വിവാഹങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ കൂടുതലും പാക്കിസ്ഥാനി സമൂഹത്തില്‍ നിന്നുള്ളതാണെന്നും പഠനം പറയുന്നു.
ആദ്യ കസിന്‍സ് തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ ജനിതക വൈകല്യങ്ങള്‍ക്കുള്ള സാധ്യത ആറ് ശതമാനമാണെന്നും പഠനം കണ്ടെത്തി. കുട്ടികളുടെ ആശയവിനിമയശേഷിയിലെ പുരോഗതി, സ്കൂളിലെ പ്രകടനം, ബാല്യകാല പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഗവേഷകര്‍ നിരീക്ഷിച്ചു. കസിന്‍സ് തമ്മിലുള്ള ബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ക്ക് സംസാര വൈകല്യമോ ഭാഷാ പ്രശ്നങ്ങളോ ഉണ്ടാകാനുള്ള സാധ്യത 11 ശതമാനമുണ്ടെന്നും പഠനം പറയുന്നു. മറ്റ് കുട്ടികളില്‍ ഇതിനുള്ള സാധ്യത ഏഴ് ശതമാനമാണ്. അഞ്ച് വയസ്സിനുള്ളില്‍ പ്രധാന വളര്‍ച്ചാപുരോഗതി കൈവരിക്കാനുള്ള ശേഷി ഈ കുട്ടികള്‍ക്ക് താരതമ്യേന കുറവാണെന്നും പഠനം പറയുന്നു.
യുകെയില്‍ കസിന് വിവാഹങ്ങള്‍ക്ക് നിയമപരമായി അംഗീകാരമുണ്ടെങ്കിലും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കണ്‍സര്‍വേറ്റീവ് എംപി റിച്ചാര്‍ഡ് ഹോള്ഡന് ഈ സമ്പ്രദായം നിരോധിക്കുന്നതിനുള്ള ഒരു ബില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ അത്തരമൊരു ആലോചനയില്ലെന്നാണ് നിലവിലെ യുകെ ഭരണകൂടം അറിയിക്കുന്നത്. പകരം ജനിതക കൗണ്‍സിലിങ് സമീപനമാണ് യുകെ പിന്തുടരുന്നത്. ആദ്യ കസിന്‍സ് ദമ്പതികള്‍ക്ക് കുട്ടികള്‍ ജനിക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടസാധ്യതകളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതാണ് പദ്ധതി.
അതേസമയം നോര്‍വേ പോലുള്ള രാജ്യങ്ങള്‍ ഇതിനകം കസിന് വിവാഹങ്ങള്‍ നിരോധിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം സ്വീഡനും ഇത് നടപ്പാക്കാന്‍ പദ്ധതിയിടുന്നുണ്ട്.
New Delhi,New Delhi,Delhi
July 10, 2025 2:18 PM IST