11എ : 27 കൊല്ലം മുൻപ് നടന്ന വിമാനാപകടത്തിൽ രക്ഷപ്പെട്ട നടനും ഇരുന്നത് അതേ സീറ്റിൽ!|Thai actor who survived a plane crash 27 years ago claimed seat number was 11 A same as the Ahmedabad plane crash survivor
Last Updated:
1998 ഡിസംബര്‍ 11-നായിരുന്നു തായ് എയർവേയ്സ് TG261 വിമാനം ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ തകർന്നുവീണത്
ന്യൂഡൽഹി: രണ്ട് വിമാനദുരന്തങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രണ്ട് പേർ. ഇവർ ഇരുവരും ഇരുന്നത് ഒരേ നമ്പർ സീറ്റിൽ. സമൂഹമാധ്യമങ്ങൾ ഇപ്പോൾ ചർച്ചചെയ്യുന്നത് ഈ രണ്ടുപേരെ കുറിച്ചാണ്. അഹമ്മദാബാദ് വിമാനദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശും തായ് നടൻ റുവാങ്സാക് ലോയ്ച്സുകുമാണ് ആ രണ്ടുപേർ.
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന് പിന്നാലെ നടൻ റുവാങ്സാക് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പമാണ് ഈ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. അഹമ്മദാബാദ് വിമാനദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു. ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 242 പേരുണ്ടായിരുന്ന വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെട്ട ഏക വ്യക്തിയും ഈ ബ്രിട്ടീഷ് പൗരനാണ്.
1998 ഡിസംബര്‍ 11-നായിരുന്നു തായ് എയർവേയ്സ് TG261 വിമാനം ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ തകർന്നുവീണത്. ഏകദേശം 101 പേർക്ക് ഈ അപകടത്തിൽ ജീവൻ നഷ്ടമാകുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വിമാനത്തിലെ യാത്രകാരനായിരുന്നു തായ് നടനും ഗായകനുമായ റുവാങ്സാക് ലോയ്ച്സുക്. അന്ന് അദ്ദേഹത്തിന് 20 വയസ്സായിരുന്നു. 27 കൊല്ലം മുന്‍പ് നടന്ന അപകടത്തിൽ നിന്ന് താൻ രക്ഷപ്പെട്ട അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
വിശ്വാസ് കുമാര്‍ രക്ഷപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്റെയും അദ്ദേഹത്തിന്റെയും സീറ്റ് നമ്പറുകളിലെ സാമ്യത കണ്ട് അമ്പരന്നുപോയെന്ന് റുവാങ്സാക് പറഞ്ഞു. ഇന്ത്യയിലെ ഒരു വിമാനദുരന്തത്തിലെ അതിജീവിച്ചയാള്‍. അദ്ദേഹവും എന്റേതിന് സമാനമായ സീറ്റിലായിരുന്നു ഇരുന്നത്.11 എ- റുവാങ്സാക് ഫെയ്സ്ബുക്കില്‍ കുറിച്ചു.
നടൻ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, ‘ഇന്ത്യയിലെ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി എന്റെ അതേ സീറ്റ് നമ്പർ 11A-യിൽ ആണ് ഇരുന്നത്’. റുവാങ്സാക് കുറിച്ചു. അപകടത്തിന് ശേഷം ഏകദേശം 10 വർഷത്തോളം താൻ വളരെയധികം കഷ്ടപ്പെട്ടുവെന്നും പിന്നീട് വിമാനത്തിൽ യാത്രചെയ്യാൻ ഭയപ്പെട്ടിരുന്നവെന്നും നടൻ മുൻപ് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ന്റെ സീറ്റിംഗ് കോണ്ഫിഗറേഷന് അനുസരിച്ച് 11എ ഒരു സ്റ്റാന്‍ഡേര്‍ഡ് ഇക്കോണമി എക്സിറ്റ് റോ സീറ്റാണ്. എക്സിറ്റ് വിന്‍ഡോയുടെ തൊട്ടടുത്താണ് ഈ സീറ്റ്. ഡോറിനടുത്തായതിനാല്‍ യാത്രക്കാര്‍ പലപ്പോഴും ഈ ഇരിപ്പിടം ഒഴിവാക്കാനാണ് ശ്രമിക്കുക. എന്നാല്‍ ഈ കാരണം തന്നെയാകാം ഒരുപക്ഷേ വിശ്വാഷ് കുമാറിന്റെ രക്ഷയ്ക്ക് ഉപകരിച്ചത്.
New Delhi,New Delhi,Delhi
June 15, 2025 11:35 AM IST