ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഇസ്രായേൽ; ഇന്ത്യക്കാർ പ്രതിഷേധിച്ചതോടെ മാപ്പ് | Israel military issues apology after posting map incorrectly showing kashmir in pakistan
Last Updated:
ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം വന്നിട്ടില്ല
ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തികൽ തെറ്റായി കാണിക്കുന്ന ഭൂപടം പോസ്റ്റ് ചെയ്തതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന (ഐഡിഎഫ്). ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ചിത്രീകരിച്ചുള്ള ഭൂപടം പോസറ്റ് ചെയ്തതിനാണ് ക്ഷമാപണം നടത്തിയത്.
അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് ഇസ്രായേൽ എക്സിലെ പോസ്റ്റിലൂടെ അറിയിച്ചത്. ഇറാന് ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേല്‍ സേന ഇന്ത്യന്‍ പ്രദേശത്തെ തെറ്റായി നൽകിയത്. ഈ മാപ്പ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിൽ സംഭവം വൈറലായതിന് പിന്നാലെ വലിയ രീതിയിൽ പ്രതിഷേധമാണ് ഉയർന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അടക്കം ടാഗ് ചെയ്തുകൊണ്ട് എക്സിലൂടെയായിരുന്നു പ്രതിഷേധങ്ങള്‍ ഉയർന്നത്. പിന്നാലെയാണ് ഇസ്രായേൽ എക്സിലൂടെ ക്ഷമാപണം നടത്തിയത്.
‘പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണമാണ്. ഈ ഭൂപടം അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’- ഇസ്രയേല്‍ പ്രതിരോധ സേന എക്സില്‍ കുറിച്ചു. അതേസമയം,
ഐ.ഡി.എഫിന്റെ തെറ്റായ ഭൂപടത്തിന് ഇന്ത്യൻ സർക്കാർ ഇതുവരെയും പ്രതികരണം നടത്തിയില്ല.
കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ഇന്ത്യയും ഇസ്രായേലും സൗഹൃദപരമായ ബന്ധം വളർത്തുന്നുണ്ട്. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ നേതാവായി. ഇതിന് പിന്നാലെയാണ് സൗഹൃദവും വളർന്നത്.
June 14, 2025 11:05 AM IST