കടം കേറി മുടിയുന്ന പാക്കിസ്ഥാൻ ; പൊതുകടം 23.10 ലക്ഷം കോടി രൂപയിലെത്തിയതായി സാമ്പത്തിക സർവേ | Pakistan’s debt hits historic high Public debt has reached Rs 23.10 lakh crore
Last Updated:
കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന പാക്കിസ്ഥാന് പിടിച്ചുനില്ക്കാന് വായ്പകളെ ആശ്രയിക്കുന്നു
കടം പെരുകി കുത്തുപാളയെടുത്ത് പാക്കിസ്ഥാന്. രാജ്യത്തിന്റെ പൊതുകടം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായി 2024-25-ലെ പാക്കിസ്ഥാന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ പൊതുകടം 76 ട്രില്യണ്‍ പാക്കിസ്ഥാന് രൂപയിലെത്തിയതായാണ് സര്‍വേ റിപ്പോര്‍ട്ട്. ഏതാണ്ട് 23.10 ലക്ഷം കോടി ഇന്ത്യന്‍ രൂപ വരുമിത്. പാക്കിസ്ഥാന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ ഇരുണ്ട ചിത്രമാണ് ഈ കണക്കുകള്‍ നല്‍കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന പാക്കിസ്ഥാന് പിടിച്ചുനില്ക്കാന് വായ്പകളെ ആശ്രയിക്കുന്നു. വിലക്കയറ്റം, രൂപയുടെ മൂല്യശോഷണം, സ്ഥിരതയില്ലാത്ത സാമ്പത്തിക ഉത്പാദനം തുടങ്ങി പാക്കിസ്ഥാന് സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഏറെയാണ്.
2020-21 കാലയളവിലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാന്റെ പൊതുകടം 39,860 ബില്യണ്‍ പാക്കിസ്ഥാന് രൂപയായിരുന്നു. നാല് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് സര്‍വേ റിപ്പോര്‍ട്ട് വിശകലനം ചെയ്തുകൊണ്ട് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് വര്‍ഷം മുമ്പ് 2014-15-ല്‍ പാക്കിസ്ഥാന്റെ പൊതുകടം 17,380 ബില്യണ്‍ പാക്കിസ്ഥാന് രൂപയായിരുന്നു. ഇപ്പോള്‍ ഇത് 76,007 ബില്യണ്‍ പാക്കിസ്ഥാന് രൂപയാണ്. അഞ്ച് മടങ്ങ് വര്‍ദ്ധനയാണ് 10 വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്.
ഈ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ പൊതുകടത്തിന്റെ കണക്കുകള്‍ പാക്കിസ്ഥാനെ സംബന്ധിച്ച് ഒരു മുന്നറിയിപ്പാണ്. നിലവിലുള്ള മൊത്തം പൊതുകടത്തില്‍ 51,518 ബില്യണ്‍ രൂപ ആഭ്യന്തര കടവും 24,489 ബില്യണ്‍ രൂപ വിദേശ കടവുമാണ്. പാക്കിസ്ഥാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കടമാണിതെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
കടബാധ്യത മോശം രീതിയില്‍ കൈകാര്യം ചെയ്യുന്നത് പാക്കിസ്ഥാന്റെ സാമ്പത്തികസ്ഥിതി വഷളാക്കുമെന്നും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. പലിശഭാരം വര്‍ദ്ധിക്കുന്നതടക്കമുള്ള സാഹചര്യത്തിലേക്ക് ഇത് രാജ്യത്തെ തള്ളിവിടുമെന്നും ദീര്‍ഘകാല സാമ്പത്തിക സുസ്ഥിരതയെയും സുരക്ഷയെയും ഇത് ദുര്‍ബലപ്പെടുത്തുമെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്ഥാന്റെ ബലൂണ്‍ പോലെ വീര്‍ത്തുവരുന്ന മൊത്തം പൊതുകടത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിദേശ കടത്തിന് പ്രധാന കാരണം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യില്‍ നിന്നുള്ള വായ്പകളാണ്. ഇതില്‍ അടുത്തിടെ ഐഎംഎഫ് വിതരണം ചെയ്ത 100 കോടി ഡോളര്‍ വായ്പയും (ഏതാണ്ട് 8,500 കോടി ഇന്ത്യൻ രൂപ) ഉള്‍പ്പെടുന്നു. പാക്കിസ്ഥാനുള്ള എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) പദ്ധതിക്കുകീഴിലാണ് ഐഎംഎഫ് ഈ തുക അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25-നാണ് പാക്കിസ്ഥാനുള്ള 37-ാമത് ഇഎഫ്എഫ് ഐഎംഎഫ് അനുവദിച്ചത്. ഈ പാക്കേജിന് കീഴില്‍ 700 കോടി ഡോളറാണ് പാക്കിസ്ഥാന് ഐഎംഎഫ് വായ്പ നല്‍കുക. ഇതില്‍ ഏകദേശം 201 കോടി ഡോളര്‍ ഇതുവരെ വിതരണം ചെയ്തതായാണ് കണക്ക്.
രണ്ടാമതായി പാക്കിസ്ഥാന്റെ കടക്കെണിയില്‍ പ്രധാന പങ്കുവഹിക്കുന്ന രാജ്യം ചൈനയാണ്. ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി (സിപിഇസി) വഴിയും മറ്റ് ഉഭയകക്ഷി കരാറുകള്‍ വഴിയും പാക്കിസ്ഥാന് കടമെടുക്കുന്നുണ്ട്. ചൈനയില്‍ നിന്നുള്ള പാക്കിസ്ഥാന്റെ കടം ഏതാണ്ട് 30 ബില്യണ്‍ ഡോളറുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ കൂടുതല്‍ ഉയര്‍ന്ന പലിശ നിരക്കുള്ള അടിസ്ഥാനസൗകര്യ വിഭാഗത്തിലെ വായ്പകളാണ്.
മൊത്തത്തില്‍ പാക്കിസ്ഥാന്റെ കുടിശ്ശികയുള്ള വിദേശകടവും ബാധ്യതയും ഏതാണ്ട് 130 ബില്യണ്‍ ഡോളര്‍ വരും. ഏതാണ്ട് രാജ്യത്തിന്റെ ജിഡിപിയുടെ 50 ശതമാനം വരുമിത്. പെരുകുന്ന കടം സംബന്ധിച്ച് പാക്കിസ്ഥാന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലിശ ഭാരം കൂടുന്നത് പാക്കിസ്ഥാനെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് സംഭവിച്ചുകഴിഞ്ഞുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാന്റെ വാര്‍ഷിക പലിശ ബാധ്യത മാത്രം രാജ്യത്തിന്റെ വരുമാനത്തിന്റെ 50 ശതമാനം വരും. രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നതും ആഗോളതലത്തില്‍ പലിശനിരക്ക് ഉയരുന്നതും കാരണം പഴയ വായ്പകള്‍ വീട്ടാന്‍ വേണ്ടി മാത്രം പാക്കിസ്ഥാന് കൂടുതല്‍ കടമെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു.
June 10, 2025 10:52 AM IST