ഗാസയിലേക്ക് സഹായവുമായെത്തിയ ഗ്രെറ്റ തൻബർഗും സംഘവുമടങ്ങിയ കപ്പൽ ഇസ്രയേൽ സൈന്യം തടഞ്ഞു Israeli forces intercept Gaza-Bound Aid Ship carrying Greta Thunberg and team
Last Updated:
കപ്പൽ ഗാസയിൽ എത്തുന്നത് തടയുമെന്ന് ഇസ്രായേൽ മുമ്പ് അറിയിച്ചിരുന്നു
ഇസ്രായേലിന്റെ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി എത്തിയ സന്നദ്ധ പ്രവർത്തകരുടെ കപ്പൽ ഇസ്രയേൽസൈന്യം തടഞ്ഞു. സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തൻബെർഗും ഒരു കൂട്ടം കാലാവസ്ഥാ പ്രവർത്തകരുമായാണ് കപ്പൽ പുറപ്പെട്ടത്.കഴിഞ്ഞയാഴ്ച തെക്കൻ ഇറ്റലിയിലെ തുറമുഖമായ കാറ്റാനിയയിൽ നിന്ന് പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്റെ (FFC) ഉടമസ്ഥതയിലുള്ള മാഡ്ലീൻ എന്ന ബോട്ടിലാണ് ഗ്രേറ്റയും ടീമും യാത്ര പുറപ്പെട്ടത്.
മാഡ്ലീൻ എന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഫ്രീഡം ഫ്ലോട്ടില്ല സഖ്യം ടെലിഗ്രാം വഴി അറിയിച്ചു എന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. കപ്പലിലുണ്ടായിരുന്ന സന്നദ്ധപ്രവർത്തകര അറസ്റ്റ് ചെയ്തതായി ജർമ്മനി ആസ്ഥാനമായുള്ള ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്റെ പ്രസ് ഓഫീസർ മഹ്മൂദ് അബു-ഒദെ എഎഫ്പിയോട് പറഞ്ഞു.
കപ്പൽ ഗാസയിൽ എത്തുന്നത് തടയുമെന്ന് ഇസ്രായേൽ മുമ്പ് അറിയിച്ചിരുന്നു. നിയന്ത്രിത പ്രദേശത്തെക്ക് ബോട്ട് എത്തിയപ്പോൾ, ഇസ്രായേൽ നാവികസേന ഗതി മാറ്റാൻ നിർദ്ദേശിച്ചിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം, കപ്പൽ ഇസ്രായേൽ തീരത്തേക്കടുത്തെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.കപ്പലിലുള്ളവർ അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം സോഷ്യൽ മീഡിയയിൽ കുറിച്ചു
ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിനും ഇസ്രായേലിന്റെ കടൽ ഉപരോധത്തെ വെല്ലുവിളിക്കാനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനമാണ് ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ. യൂറോപ്യൻ പാർലമെന്റ് അംഗമായ റിമ ഹസ്സൻ, ഗെയിം ഓഫ് ത്രോൺസിലെ നടൻ ലിയാം കണ്ണിംഗ്ഹാം ഉൾപ്പെടെ 12 അന്താരാഷ്ട്ര പ്രവർത്തകരാണ് യാത്രയിൽ ഗ്രെറ്റയ്ക്കൊപ്പം ഉണ്ടായിരുന്നത്
New Delhi,Delhi
June 09, 2025 9:09 AM IST