Leading News Portal in Kerala

ഇന്ത്യ സൗജന്യമായി കൊടുത്ത പാർലെ-ജി ബിസ്കറ്റിന് ഗാസയിൽ വില 2300 രൂപ ! why Indias Parle-G biscuits cost Rs 2300 in Gaza


ഗാസയിൽ താമസിക്കുന്ന മുഹമ്മദ് ജവാദ് എന്നയാൾ തന്റെ മകൾ റാഫിഫിന് ഒരു പാക്കറ്റ് പാർലെ-ജി നൽകുന്ന ഒരു വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തു. അത് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം, ഇന്ന് തനിക്ക് മകൾക്ക്  പ്രിയപ്പെട്ട ബിസ്‌ക്കറ്റ് നൽകാൻ കഴിഞ്ഞുവെന്നും എന്നാൽ വില 1.5 യൂറോയിൽ നിന്ന് 24 യൂറോ ആയി മാറിയെന്നും അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട് എക്സിൽ കുറിച്ചു.

ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷം മൂലം ഗാസയിൽ കടുത്ത ഭക്ഷ്യക്ഷാമവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും അനുഭവപ്പെടുന്ന സമയത്താണ് വീഡിയോ പ്രചരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സാധാരണയായി ഒരു പായ്ക്കറ്റിന് 100 രൂപയാണ് പാർലെജിയുടെ വില. എന്നാൽ നിലവിലുള്ള ഭക്ഷ്യക്ഷാമം കാരണം പാർലെജി ഗാസയിൽ വളരെ ദുർലഭമായി. ഇപ്പോൾ 2,342 രൂപയ്ക്കാണ് പാർലെജി ഗാസയിൽ വിൽക്കുന്നത്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ലഘുഭക്ഷണങ്ങളിലൊന്നായ പാർലെ-ജിയുടെ വില 2000നു മുകളിൽ പോയത് സോഷ്യൽ മീഡിയയിൽ പലരെയും ഞെട്ടിച്ചിരിക്കുകയാണ്.

“ആ കുഞ്ഞ് ഇന്ത്യയുടെ പ്രിയപ്പെട്ട ബിസ്കറ്റ് കഴിക്കുകയാണ്. യുദ്ധത്തെക്കുറിച്ച് നമ്മൾ നിഷ്പക്ഷരാണെന്ന് എനിക്കറിയാം. പക്ഷേ, ദയവായി നമുക്ക് കൂടുതൽ പാർലെ ജി പലസ്തീനിലേക്ക് അയയ്ക്കാമോ? ഇവ ഗ്ലൂക്കോസ് ബിസ്കറ്റുകളാണ്, സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.” എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ടാഗ് ചെയ്ത ഒരു ഉപയോക്താവ് പറഞ്ഞു. സഹായമായിട്ടാണു ഈ ബിസ്‌ക്കറ്റുകൾ അയയ്ക്കുന്നതെന്നും പിന്നെ എങ്ങനെയാണ് ഇവ കരിഞ്ചന്തയിൽ വിൽക്കുന്നതെന്നുമാണ് മറ്റൊരു ഉപയോക്താവ് ചോദിച്ചത്

എന്തുകൊണ്ടാണ് പാർലെ-ജി 2,300 രൂപയിൽ കൂടുതൽ വിലയ്ക്ക് വിൽക്കുന്നത്?

ഗാസയിൽ പാർലെ-ജി ബിസ്‌ക്കറ്റുകളുടെ ഉയർന്ന വിലയ്ക്ക് കാരണം കടുത്ത ക്ഷാമവും കൊള്ളയും പരിമിതമായ ഭക്ഷ്യ ലഭ്യതയും മൂലമുള്ള വിലക്കയറ്റവുമാണ്.

‘ഈ വസ്തുക്കൾ സാധാരണയായി മാനുഷിക സഹായത്തിന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യാനാണ് എത്തിക്കുന്നത്. എന്നിരുന്നാലും, വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അവ ലഭിക്കുന്നുള്ളൂ. ഈ പരിമിതമായ ലഭ്യത അത്തരം ഉൽപ്പന്നങ്ങളെ അപൂർവ വസ്തുക്കളാക്കി മാറ്റുന്നു, പലപ്പോഴും ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വീണ്ടും വിൽക്കപ്പെടുന്നു’- ഗാസ സിറ്റിയിൽ താമസിക്കുന്ന 31 വയസ്സുള്ള സർജൻ ഡോ. ഖാലിദ് അൽഷാവ എൻഡിടിവിയോട് പറഞ്ഞു

റിപ്പോർട്ട് അനുസരിച്ച്, സ്ഥലത്തെയും വിൽപ്പനക്കാരനെയും ആശ്രയിച്ച് വിലകൾ വ്യത്യാസപ്പെടുന്നു. ഗാസയിൽ കാണുന്ന പാർലെ-ജി പാക്കറ്റുകളിൽ ‘എക്സ്പോർട്ട് പായ്ക്ക്’ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.കൂടാതെ വിലയും പായ്ക്കറ്റിൽ അച്ചടിച്ചിട്ടില്ല.സഹായ കയറ്റുമതിയിലൂടെയാണ് ബിസ്‌ക്കറ്റുകൾ ഗാസയിലെത്തിയതെന്നും ഒടുവിൽ കുറച്ച് വിൽപ്പനക്കാർ അത് സ്വന്തമാക്കിയെന്നും പിന്നീട് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള വിലയ്ക്ക് അവ വിറ്റഴിച്ചതായും എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു. മറ്റ് അവശ്യവസ്തുക്കളും ഞെട്ടിപ്പിക്കുന്ന ഉയർന്ന വിലയ്ക്ക് വിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വടക്കൻ ഗാസയിൽ ഒരു കിലോ പഞ്ചസാരയ്ക്ക് 4,914 രൂപയും ഉള്ളിക്ക് കിലോയ്ക്ക് 4,423 രൂപയുമാണ് വില.

മാർച്ച് 18 ന് ഇസ്രായേൽ സൈന്യം ഗാസയിൽ ആക്രമണം പുനരാരംഭിച്ചതിനുശേഷം, മാവിന്റെ വില 5,000 ശതമാനവും പാചക എണ്ണയുടെ വില 1,200 ശതമാനവും വർദ്ധിച്ചതായി ഗാസ നിവാസികളെ ഉദ്ധരിച്ച് ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു.

ഗാസയിൽ ക്ഷാമം ആസന്നമാണെന്ന് അന്താരാഷ്ട്ര സഹായ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. മുഴുവൻ പ്രദേശവും അടിയന്തരാവസ്ഥ ഘട്ടത്തിലാണെന്നാണ് ഭക്ഷ്യ സുരക്ഷയെ അടിസ്ഥാനമാക്കി ഇത്തരം എജൻസികൾ വിലയിരുത്തുന്നത്. മെയ് 12 വരെയുള്ള കണക്കുകൾ പ്രകാരം ഗാസയിലെ ജനസംഖ്യയുടെ ഏകദേശം 22 ശതമാനം, അതായത് ഏകദേശം 470,000 ആളുകൾ, പട്ടിണി, മരണം, പോഷകാഹാരക്കുറവ് എന്നിവയുടെ ഭയാനകമായ ഘട്ടത്തിലേക്ക് പ്രവേശിച്ചതായും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഒരുകാലത്ത് ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകിയിരുന്ന കമ്മ്യൂണിറ്റി അടുക്കളകൾ പോലുള്ള നിർണായക സംവിധാനങ്ങൾ തകർന്നതായും യുഎൻആർഡബ്ല്യുഎയുടെ പ്രധാന കോമ്പൗണ്ടും പ്രാദേശിക വിപണികളും അടുക്കളകളും കൊള്ളയടിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണം മേഖലയുടെ ഭക്ഷ്യോൽപ്പാദന ശേഷിയെ ഇല്ലാതാക്കിയതിനാൽ, ഗാസയിലെ ഏകദേശം 20 ലക്ഷം ജനസംഖ്യ ഇപ്പോൾ ഏതാണ്ട് പൂർണ്ണമായും അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ചാണ് കഴിയുന്നത്.മാർച്ച് 2 ന് ഇസ്രായേൽ ഗാസയിലേക്ക് പ്രവേശിക്കുന്ന സാധനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി. അന്താരാഷ്ട്ര സമ്മർദ്ദവും വരാനിരിക്കുന്ന ക്ഷാമത്തെക്കുറിച്ചുള്ള അടിയന്തര മുന്നറിയിപ്പുകളും കാരണം കഴിഞ്ഞ മാസം അവസാനത്തോടെയാണ് പരിമിതമായ സഹായം വീണ്ടും ഗാസയിലേക്ക് എത്താൻ തുടങ്ങിയത്.ഗാസയിലെ ആവശ്യങ്ങൾ വളരെ വലുതാണെന്നും നിലവിൽ ഗാസയിലേക്ക് എത്തുന്ന സഹായം ഇപ്പോഴും പര്യാപ്തമല്ലെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.