പൈപ്പ് വെള്ളം കൊണ്ട് മൂക്ക് വൃത്തിയാക്കി; തലച്ചോര്‍ തിന്നുന്ന അമീബ ബാധിച്ച് 71- കാരിക്ക് ദാരുണാന്ത്യം|71-year-old woman dies after cleaning her nose with tap water due to brain-eating amoeba
Last Updated:
പനി, തലവേദന, മാനസികാവസ്ഥയിലെ വ്യതിയാനം തുടങ്ങി കടുത്ത ശാരീരിക അസ്വസ്ഥതകള്‍ സ്ത്രീക്ക് അനുഭവപ്പെട്ടതായാണ് ഡോക്ടര്‍മാർ പറയുന്നത്
വീട്ടുവൈദ്യം ടെക്‌സസില്‍ നിന്നുള്ള വൃദ്ധയെ കൊണ്ടെത്തിച്ചത് ദാരുണമായ മരണത്തിലേക്ക്. സൈനസ് പ്രശ്‌നത്തിന് പൈപ്പ് വെള്ളം ഉപയോഗിച്ച് മൂക്ക് വൃത്തിയാക്കിയതാണ് 71-കാരിയുടെ മരണത്തിന് ഇടയാക്കിയത്. പൈപ്പ് വെള്ളം നിറച്ച നേസല്‍ ഇറിഗേഷന്‍ ഡിവൈസ് ഉപയോഗിച്ച് മൂക്ക് വൃത്തിയാക്കുന്നതിനിടയില്‍ തലച്ചോര്‍ തിന്നുന്ന അമീബ ശരീരത്തിലേക്ക് കടക്കുകയായിരുന്നു.
പൂര്‍ണ ആരോഗ്യവതിയായിരുന്ന സ്ത്രീയെ ഈ നേസല്‍ ഇറിഗേഷന്‍ ഡിവൈസ് ഉപയോഗിച്ച് നാല് ദിവസത്തിനുശേഷം പെട്ടെന്ന് അവശയായി കാണപ്പെട്ടു. പനി, തലവേദന, മാനസികാവസ്ഥയിലെ വ്യതിയാനം തുടങ്ങി കടുത്ത ശാരീരിക അസ്വസ്ഥതകള്‍ സ്ത്രീക്ക് അനുഭവപ്പെട്ടതായാണ് ഡോക്ടര്‍മാർ പറയുന്നത്. തക്ക സമയത്ത് ചികിത്സ നല്‍കിയെങ്കിലും അവര്‍ക്ക് അപസ്മാരം ഉണ്ടാകുകയും എട്ട് ദിവസത്തിനുള്ളില്‍ മരണപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസ് ഗവേഷകര്‍ നടത്തിയ ലാബ് പരിശോധനയില്‍ ഈ സ്ത്രീയുടെ സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തില്‍ ‘നെഗ്ലേരിയ ഫൗളേരി’ എന്ന അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനെ (സിഡിസി) ഉദ്ധരിച്ച് പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തടാകങ്ങള്‍, നദികള്‍, ചൂടുനീരുറവകള്‍, മോശമായി പരിപാലിക്കപ്പെടുന്ന നീന്തല്‍ക്കുളങ്ങള്‍ തുടങ്ങിയ ചൂടുള്ള ശുദ്ധജല പരിതസ്ഥിതികളില്‍ സ്വാഭാവികമായി കാണപ്പെടുന്ന സ്വതന്ത്രമായി ജീവിക്കുന്ന ഒരു അമീബയാണ് ‘നെഗ്ലേരിയ ഫൗളേരി’. ഇത് യഥാര്‍ത്ഥത്തില്‍ തലച്ചോറിനെ ഭക്ഷിക്കുന്നില്ല. എന്നാല്‍ ഒരിക്കല്‍ ഇത് ശരീരത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാല്‍ അത് തലച്ചോറിലേക്ക് സഞ്ചരിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ‘പ്രൈമറി അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് (പിഎഎം)’ എന്നറിയപ്പെടുന്ന കഠിനവും സാധാരണയായി മാരകവുമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
മൂക്ക് വൃത്തിയാക്കുന്നതിന് നേരിട്ട് പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. തിളപ്പിച്ച് ആറ്റിയ വെള്ളമോ അണുവിമുക്തമാക്കിയ വെള്ളമോ ഇതിനായി ഉപയോഗിക്കുക. തണുത്ത വെള്ളം ഒന്നോ മൂന്നോ മിനുറ്റ് തിളപ്പിച്ച് വേണം ഉപയോഗിക്കാനെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഫില്‍ട്ടര്‍ ചെയ്ത വെള്ളം ഉപയോഗിക്കുന്നതും സുരക്ഷിതമാണ്.
മൂക്കില്‍ വെള്ളം കയറുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. മൂക്കിലേക്ക് ശക്തിയായി വെള്ളം കയറുമ്പോഴാണ് ഇത്തരം അമീബ ജലത്തോടൊപ്പം ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ചൂടുള്ള ശുദ്ധജല തടാകങ്ങളിലോ, നദികളിലോ, ചൂടുനീരുറവകളിലോ നീന്തുമ്പോള്‍, മുങ്ങുകയോ തല താഴ്ത്തുകയോ ചെയ്യുന്നത് മൂക്കില്‍ വെള്ളം കയറാന്‍ സാഹചര്യമൊരുക്കും. ഇത്തരം സാഹചര്യങ്ങള്‍ പരമാവധി ശ്രദ്ധിക്കുക.
വളരെ ചൂടുള്ള കാലാവസ്ഥയില്‍ ശുദ്ധജലത്തില്‍ നീന്തുന്നത് ഒഴിവാക്കുക. വൃത്തിഹീനമായതോ,അല്ലെങ്കില്‍ മോശമായി പരിപാലിക്കപ്പെടുന്നതോ ആയി കാണപ്പെടുന്ന വെള്ളത്തില്‍ നീന്തരുത്. പൂളുകള്‍, സ്പാകള്‍, സ്പ്ലാഷ് പാഡുകള്‍ എന്നിവ ശരിയായി ക്ലോറിനേറ്റ് ചെയ്ത് പതിവായി വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഹ്യുമിഡിഫയറുകള്‍, നെറ്റി പോട്ടുകള്‍, വെള്ളം ഉള്‍പ്പെടുന്നതും നിങ്ങളുടെ മൂക്കിലെ ഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതുമായ ഏതെങ്കിലും ഉപകരണം ഉപയോഗിക്കുമ്പോള്‍ വൃത്തിയാക്കി അണുവിമുക്തമാക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൂടാതെ പൈപ്പ് വെള്ളം അണുവിമുക്തമല്ലെന്നും ശുദ്ധീകരിക്കാത്തപക്ഷം മൂക്കില്‍ ഉപയോഗിക്കരുതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
New Delhi,Delhi
June 04, 2025 6:07 PM IST
പൈപ്പ് വെള്ളം കൊണ്ട് മൂക്ക് വൃത്തിയാക്കി; തലച്ചോര്‍ തിന്നുന്ന അമീബ ബാധിച്ച് 71- കാരിക്ക് ദാരുണാന്ത്യം