Leading News Portal in Kerala

ബംഗ്ലാദേശ് പുറത്തിറക്കിയ പുതിയ കറന്‍സി നോട്ടുകളില്‍ ഷെയ്ഖ് ഹസീനയുടെ പിതാവിന്റെ ചിത്രമില്ല | New banknotes from Bangladesh replace Sheikh Hasina’s father with landmark icons


Last Updated:

1971ല്‍ പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ബംഗ്ലാദേശിനെ നയിച്ച പരേതനായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ഛായാചിത്രം എല്ലാ നോട്ടുകളിലും ഉണ്ടായിരുന്നു

ബംഗ്ലാദേശിന്റെ പുതിയ നോട്ടുകൾബംഗ്ലാദേശിന്റെ പുതിയ നോട്ടുകൾ
ബംഗ്ലാദേശിന്റെ പുതിയ നോട്ടുകൾ

പുതിയ കറന്‍സി നോട്ടുകള്‍ ബംഗ്ലാദേശ് ഞായറാഴ്ച പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കിയ ഷെയ്ഖ് ഹസീനയുടെ പിതാവും രാജ്യത്തിന്റെ സ്ഥാപക പ്രസിഡന്റുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രം നോട്ടുകളില്‍ നിന്ന് നീക്കം ചെയ്തു. 1971ല്‍ പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ബംഗ്ലാദേശിനെ നയിച്ച പരേതനായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ഛായാചിത്രം എല്ലാ നോട്ടുകളിലും ഉണ്ടായിരുന്നു. 1975ല്‍ നടന്ന പട്ടാള അട്ടിമറിയില്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഭൂരിഭാഗം പേരെയും സൈന്യം വധിച്ചിരുന്നു. ഞായറാഴ്ച പുറത്തിറക്കിയ പുതിയ നോട്ടുകളില്‍ രാജ്യത്തിന്റെ ചരിത്ര സ്മാരകങ്ങളുടെ ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്.

“പുതിയ നോട്ടുകളില്‍ മനുഷ്യന്റെ ഛായാചിത്രങ്ങളൊന്നും ഉണ്ടാകില്ല. പകരം പ്രകൃതിദൃശ്യങ്ങളും ചരിത്രസ്മാരകങ്ങളുടെ ചിത്രങ്ങളുമാണ് നല്‍കുക,” ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹൊസൈന്‍ഖാന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

“ഒമ്പത് വ്യത്യസ്ത മൂല്യങ്ങളിലുള്ള നോട്ടുകളാണ് ഞായറാഴ്ച പുറത്തിറക്കിയത്. പുതിയ നോട്ടുകള്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തുനിന്നും പിന്നീട് രാജ്യത്തുടനീളമുള്ള മറ്റ് ഓഫീസുകളില്‍ നിന്നും പുറത്തിറക്കും,” ഖാന്‍ പറഞ്ഞു.

പുതിയ നോട്ടുകളുടെ സവിശേഷതകള്‍

ബംഗ്ലാദേശിന്റെ പുതിയ നോട്ടുകളില്‍ ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളും ചരിത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കൊട്ടാരങ്ങളും ഉള്‍പ്പെടും. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് ബംഗാള്‍ ക്ഷാമം ചിത്രീകരിച്ച അന്തരിച്ച ചിത്രകാരന്‍ സൈനുല്‍ അബേദിന്റെ കലാസൃഷ്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാനെതിരായ സ്വാതന്ത്ര്യസമരത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ദേശീയ രക്തസാക്ഷികളുടെ സ്മാരകത്തിന്റെ ചിത്രം മറ്റൊരു നോട്ടില്‍ നല്‍കും. നോട്ടുകളുടെ മറ്റ് മൂല്യങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തിറക്കും.

മാറുന്ന രാഷ്ട്രീയത്തെ പ്രതിഫലിപ്പിച്ച് ബംഗ്ലാദേശില്‍ കറന്‍സി നോട്ടുകളുടെ ഡിസൈന്‍ മാറ്റുന്നത് ഇതാദ്യമല്ല. 1972ല്‍ ബംഗ്ലാദേശ് കിഴക്കന്‍ പാകിസ്ഥാനെന്ന അതിന്റെ പേര് മാറ്റിയതിന് ശേ,ം പുറത്തിറക്കിയ നോട്ടുകളില്‍ ഒരു ഭൂപടം നല്‍കിയിരുന്നു. പിന്നീട് പുറത്തിറങ്ങിയ നോട്ടുകളില്‍ അവാമി ലീഗിനെ നയിച്ച ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രമാണ് നല്‍കിയിരുന്നത്. 15 വര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ ഷെയ്ഖ് ഹസീന ഇത് തന്നെ പിന്തുടർന്നു.

ഷെയ്ഖ് ഹസീനയ്‌ക്കെതിരേ കൊലക്കുറ്റം ചാര്‍ത്തി

ബംഗ്ലാദേശില്‍ നടപ്പിലാക്കിയ സംവരണത്തിനെതിരേ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഷെയ്ഖ് ഹസീനെയ പുറത്താക്കിയത്. തുടര്‍ന്ന് രാജ്യത്തുനിന്ന് പാലായനം ചെയ്ത അവര്‍ ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു.

രാജ്യവ്യാപകമായ നടന്ന പ്രക്ഷോഭത്തിനിടെ കൂട്ടക്കൊല നടത്താന്‍ ഉത്തരവിട്ടെന്നാരോപിച്ച് ഷെയ്ഖ് ഹസീനയ്‌ക്കെതിരേ ബംഗ്ലാദേശ് ഞായറാഴ്ച ഔദ്യോഗികമായി കുറ്റം ചാര്‍ത്തി. അക്രമം പെട്ടെന്ന് സ്വയമേവ പൊട്ടിപ്പുറപ്പെട്ടതല്ലെന്നും ആസൂത്രിതവും നിര്‍ദേശപ്രകാരവുമായിരുന്നുവെന്ന് ടെലിവിഷനിൽ തത്സമയം പ്രക്ഷേപണം ചെയ്ത വാദത്തിൽ ഇന്റ്‌റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ (ഐസിടി) ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്ലാം പറഞ്ഞു.

പ്രക്ഷോഭത്തിനിടെ 2024 ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ 1400 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുമേഖലയില്‍ ഏര്‍പ്പെടുത്തിയ സംവരണത്തിനെതിരേ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്. “ഷെയ്ഖ് ഹസീന കലാപം അടിച്ചമര്‍ത്തുന്നതിനായി എല്ലാ നിയമനിര്‍വഹണ ഏജന്‍സികളെയും അവരുടെ സായുധje/ പാര്‍ട്ടി അംഗങ്ങളെയും അഴിച്ചുവിട്ടു,” ഇസ്ലാം തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.