തുര്‍ക്കി എയര്‍ലൈന്‍സുമായുള്ള കരാർ ഇന്‍ഡിഗോ മൂന്ന് മാസത്തിനുള്ളിൽ ഉപേക്ഷിക്കും; ഇനി സമയം നീട്ടി നൽകില്ലെന്ന് ഡിജിസിഎ|IndiGo to terminate contract with Turkish Airlines within three months DGCA will not extend it further
Last Updated:
നിലവില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ നിന്ന് ലീസ് എഗ്രിമെന്റിനു കീഴില്‍ രണ്ട് ബോയിങ് 777 വിമാനങ്ങള്‍ ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്
ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ വ്യാപകമായ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ സമയപരിധി കടുപ്പിച്ചിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).
ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ നിന്നുള്ള രണ്ട് വൈഡ് ബോഡി ജെറ്റുകള്‍ ഉപയോഗിക്കാനുള്ള ലീസ് കരാര്‍ (വാടക കരാര്‍) ആറ് മാസത്തേക്ക് കൂടി നീട്ടാനുള്ള ഇന്‍ഡിഗോയുടെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. പകരം വിമാനങ്ങൾ മൂന്ന് മാസത്തേക്ക് ഉപയോഗിക്കാന്‍ ഡിജിസിഎ അനുമതി നീട്ടി നല്കി.
ലീസ് കരാര്‍ കാലാവധി ഇന്ന് തീരാനിരിക്കെയാണ് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് മൂന്ന് മാസത്തേക്ക് സമയം നീട്ടി നല്‍കിയിരിക്കുന്നത്. എയര്‍ലൈനിന്റെ ഡല്‍ഹി-ഇസ്താംബുള്‍, മുംബൈ-ഇസ്താംബുള്‍ റൂട്ടുകളിലെ പ്രവര്‍ത്തനങ്ങളില്‍ ഉടനടി തടസ്സമുണ്ടാകാതിരിക്കാനാണ് തീരുമാനം. ടര്‍ക്കിഷ് വിമാനക്കമ്പനിയുമായുള്ള ഡാംപ് ലീസ് കരാര്‍ അവസാനിപ്പിക്കുമെന്ന് ഇന്‍ഡിഗോ പ്രസ്താവിച്ചതിനെ തുടര്‍ന്നാണ് കാലാവധി മൂന്ന് മാസം കൂടി അവസാനമായി നീട്ടി അനുവദിച്ചത്. ഇനി കാലാവധി നീട്ടി നല്‍കില്ല.
നിലവില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ നിന്ന് ലീസ് എഗ്രിമെന്റിനു കീഴില്‍ രണ്ട് ബോയിങ് 777 വിമാനങ്ങള്‍ ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്. ഇവയ്ക്ക് 31.05.2025 വരെ അനുമതിയുണ്ടായിരുന്നു. ആറ് മാസത്തേക്ക് കൂടി കാലാവധി നീട്ടണമെന്ന് ഇന്‍ഡിഗോ അഭ്യര്‍ത്ഥിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള ഡാംപ് ലീസ് അവസാനിപ്പിക്കുമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കാലാവധി നീട്ടാന്‍ ശ്രമിക്കില്ലെന്നുമുള്ള ഇന്‍ഡിഗോയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മാസം സമയം നീട്ടി നല്‍കുകയായിരുന്നുവെന്ന് ഡിജിസിഎയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
പാക്കിസ്ഥാനെ പിന്തുണയ്ക്കുകയും ഇന്ത്യക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ആയുധങ്ങള്‍ നല്‍കുകയും ചെയ്ത തുര്‍ക്കിയെ ബഹിഷ്ക്കരിക്കണമെന്ന തരത്തിലുള്ള ആഹ്വാനങ്ങള്‍ രാജ്യത്ത് ഉയരുന്നതിനിടെയാണ് ഇന്‍ഡിഗോയുടെ കരാര്‍ പ്രശ്നം ചര്‍ച്ചയാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്‍ഡിഗോയ്ക്ക് കാലാവധി നീട്ടി നല്‍കുമോ എന്ന കാര്യത്തിലും സംശയം ഉയര്‍ന്നിരുന്നു.
ഇന്‍ഡിഗോ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന സാന്ദ്രതയുള്ള ബോയിംഗ് 777 വിമാനങ്ങളാണ് ഇവ. ഓരോന്നിനും 500ലധികം സീറ്റുകളാണുള്ളത്. ഇത് സാധാരണ നാരോബോഡി വിമാനങ്ങളെക്കാള്‍ കൂടുതല്‍ യാത്രക്കാരെ വഹിക്കാന്‍ ഇന്‍ഡിഗോയെ അനുവദിക്കുന്നു.
മുന്‍ കാലങ്ങളില്‍ ലീസ് കരാര്‍ ഇല്ലാതിരുന്ന സമയത്തും ബോയിങ് 777 വിമാനങ്ങളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടപ്പോഴും ഇന്‍ഡിഗോ അവരുടെ നാരോ ബോഡി എയര്‍ബസ് എ320നിയോ, എ321നിയോ വിമാനങ്ങള്‍ ഉപയോഗിച്ചാണ് തുര്‍ക്കിയിലേക്കും തിരിച്ചും സര്‍വീസ് നടത്തിയിരുന്നത്. ഇന്‍ഡിഗോയ്ക്ക് ഇനി രണ്ട് വഴികളാണ് മുന്നിലുള്ളത്. ഒന്നുകില്‍ ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുക. അല്ലെങ്കില്‍ വലിയ വിമാനങ്ങള്‍ വിന്യസിപ്പിക്കുക.
അതേസമയം ഡാംപ് ലീസ്ഡ് വൈഡ് ബോഡി ജെറ്റുകളുടെ പ്രവര്‍ത്തനം എല്ലാ ഇന്ത്യന്‍ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണെന്നും ഇന്ത്യ-തുര്‍ക്കി ഉഭയകക്ഷി വ്യോമ സേവന കരാറിന്റെ ചട്ടക്കൂടിനുള്ളില്‍ കര്‍ശനമാണെന്നും ഇന്‍ഡിഗോ വാദിച്ചു. ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള വ്യോമഗതാഗത കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയ്ക്കും തുര്‍ക്കിക്കും ഇടയില്‍ ആഴ്ച്ചയില്‍ ആകെ 56 വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ കഴിയും. ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള 28 വിമാനങ്ങളും എതിര്‍ദിശയിലേക്ക് 28 വിമാനങ്ങളുമാണ് സര്‍വീസ് നടത്തുന്നത്.
ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയെ ബഹിഷ്കരിക്കാനും ഇന്ത്യയിലെ തുര്‍ക്കി കമ്പനികളുടെ സാന്നിധ്യം പുനഃപരിശോധിക്കാനും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുറവിളി ഉയരുകയാണ്. സമീപകാല ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷത്തില്‍ തുര്‍ക്കി പാക്കിസ്ഥാന് നല്കിയ പരസ്യ പിന്തുണയാണ് തുര്‍ക്കിയോടുള്ള ഈ വിദ്വേഷത്തിന് കാരണം. ഇന്ത്യക്കെതിരെയുള്ള ആക്രമണത്തില്‍ തുര്‍ക്കി നല്കിയ ഡ്രോണുകളാണ് പാക്കിസ്ഥാന് വ്യാപകമായി ഉപയോഗിച്ചത്.
New Delhi,Delhi
തുര്‍ക്കി എയര്‍ലൈന്‍സുമായുള്ള കരാർ ഇന്‍ഡിഗോ മൂന്ന് മാസത്തിനുള്ളിൽ ഉപേക്ഷിക്കും; ഇനി സമയം നീട്ടി നൽകില്ലെന്ന് ഡിജിസിഎ