യുഎസില്‍ ഇസ്രായേലി എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടത് അടുത്തയാഴ്ച വിവാഹനിശ്ചയം നടക്കാനിരിക്കെ | Two Israeli workers got killed in the US a week before their betrothal
സംഭവത്തില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. 30കാരനായ ഏലിയാസ് റോഡ്രിഗസാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ചിക്കാഗോ സ്വദേശിയായ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വെടിവെപ്പിനുള്ള കാരണം അജ്ഞാതമായി തുടരുകയാണെങ്കിലും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് പോലീസ് ഒരു ആയുധം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. വെടിവെപ്പ് നടക്കുന്നതിന് മുമ്പ് പ്രതി മ്യൂസിയത്തിന് പുറത്ത് നടക്കുന്നത് കണ്ടതായി വാഷിംഗ്ടണ്‍ പോലീസ് മേധാവി പമേല സ്മിത്ത് പറഞ്ഞു. പോലീസ് കസ്റ്റഡിയിലിരിക്കെ ഇയാള്‍ “പലസ്തീനെ സ്വതന്ത്രമാക്കൂ, പലസ്തീനെ സ്വതന്ത്രമാക്കൂ” എന്ന് മുദ്രാവാക്യം വിളിച്ചിരുന്നതായും സ്മിത്ത് പറഞ്ഞു. നോര്‍ത്ത് വെസ്റ്റ് ഡിസിയില്‍ സ്ഥിതി ചെയ്യുന്ന എഫ്ബിഐയുടെ വാഷിംഗ്ടണ്‍ ഫീല്‍ഡ് ഓഫീസില്‍ നിന്നും ഏതാനും ചുവട് അകലെയായാണ് വെടിവെപ്പ് നടന്നത്.
ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേല്‍ അംബാസഡറായ ഡാനി ഡാനോണ്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വെടിവെപ്പിനെ ജൂതവിരുദ്ധ ഭീകരതയുടെ ഒരു നീചമായ പ്രവര്‍ത്തി എന്നാണ് വിശേഷിപ്പിച്ചത്. ഈ കുറ്റകരമായ പ്രവര്‍ത്തിക്ക് ഉത്തരവാദികളായവര്‍ക്കെതിരേ യുഎസ് അധികൃതര്‍ ശക്തമായ നടപടിയെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ബുധനാഴ്ച വൈകുന്നേരം ക്യാപിറ്റല്‍ ജൂത മ്യൂസിയത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ രണ്ട് നയതന്ത്ര ജീവനക്കാര്‍ക്ക് വളരെ അടുത്തുനിന്ന് വെടിയേറ്റതായി വാഷിംഗ്ടണിലെ ഇസ്രയേല്‍ എംബസി വക്താവ് ടാല് നയിം കോഹന് സ്ഥിരീകരിച്ചു.
ജൂതരായ യുവ പ്രൊഫഷണലുകളെയും നയതന്ത്രജ്ഞരെയും പരസ്പരം ബന്ധിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത എജെസി ആക്സസ് യംഗ് ഡിപ്ലോമാറ്റ്സ് റിസപ്ഷന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ നാലുപേരുടെ സമീപത്തേക്ക് പ്രതി നടന്നുനീങ്ങിയതായും അവരില്‍ രണ്ടുപേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ ഇയാള്‍ മ്യൂസിയത്തിനുള്ളിലേക്ക് കടന്നു. അവിടെവെച്ചുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ എന്തിനാണ് മ്യൂസിയത്തിനുള്ളിലേക്ക് കടന്നതെന്നും അടുത്തതായി എന്താണ് പദ്ധതിയിട്ടിരുന്നതെന്നും വ്യക്തമല്ലെന്ന് സ്മിത്ത് പറഞ്ഞു.
2023 ഒക്ടോബർ 7ന് ഹമാസ് ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ യുഎസില്‍ എംബസികള്‍ക്ക് പുറത്തും കോളേജ് ക്യാംപസുകളിലും പലസ്തീന് അനുകൂല പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.
അതേസമയം, വെറുപ്പിനും തീവ്രവാദത്തിനും രാജ്യത്ത് സ്ഥാനമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞു. “ജൂതവിരുദ്ധത അടിസ്ഥാനമാക്കിയുള്ള ഇത്തരത്തിലുള്ള ഭയപ്പെടുത്തുന്ന കൊലപാതകങ്ങള്‍ ഇപ്പോള്‍ തന്നെ അവസാനിപ്പിക്കണം. വെറുപ്പിനും തീവ്രവാദത്തിനും യുഎസില്‍ സ്ഥാനമില്ല. ഇരകളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതില്‍ വളരെയധികം വിഷമമുണ്ട്. ദൈവം നിങ്ങളെയെല്ലാവരെയും അനുഗ്രഹിക്കട്ടെ,” അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിയെ തങ്ങള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
Thiruvananthapuram,Kerala