ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്|US intelligence report says Israel is preparing to attack Iran s nuclear facilities
Last Updated:
ജോ ബൈഡൻ പ്രസിഡന്റ് ആയിരുന്ന സമയത്തും ഇത്തരമൊരു ആക്രമണത്തിന് സാധ്യതയുള്ളതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് വന്നിട്ടുണ്ട്
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ യുഎസ് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇസ്രയേല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസും വാഷിംഗ്ടണിലെ ഇസ്രയേല്‍ എംബസിയും ദേശീയ സുരക്ഷാ കൗണ്‍സിലും ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്താനുള്ള സാധ്യത സമീപകാലങ്ങളില്‍ ഗണ്യമായി വര്‍ദ്ധിച്ചതായാണ് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇക്കാര്യം ഇസ്രയേല്‍ പരിഗണിക്കുന്നതായി നേരത്തെയും യുഎസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജോ ബൈഡൻ പ്രസിഡന്റ് ആയിരുന്ന സമയത്തും ഇത്തരമൊരു ആക്രമണത്തിന് സാധ്യതയുള്ളതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് വന്നിട്ടുണ്ട്. ഇസ്രയേൽ ഇതിനായി യുഎസ് പിന്തുണ തേടുമെന്നും ഇന്റലിജൻസ് വിലയിരുത്തലുണ്ടായിരുന്നു.
ഇറാന്റെ മുഴുവന്‍ യുറേനിയവും നീക്കം ചെയ്യാത്ത ഒരു കരാറില്‍ യുഎസ് എത്തിയാല്‍ ആക്രമണ സാധ്യത കൂടുതലായിരിക്കുമെന്ന് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സിഎൻഎൻ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സമാധാനപരമായ ഒരു കരാറിലേക്ക് എത്താന്‍ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം ഇറാനുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥര്‍ പരസ്യമായും സ്വകാര്യമായും നടത്തിയ പരാമര്‍ശങ്ങള്‍, രഹസ്യ ആശയവിനിമയങ്ങള്‍, സൈനിക നീക്കങ്ങള്‍ തുടങ്ങിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണ സാധ്യതയെ കുറിച്ചുള്ള സൂചന ലഭിച്ചതെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇസ്രയേല്‍ ഭാഗത്തുനിന്നും വ്യോമായുധങ്ങളുടെ പരിശീലനം, സൈന്യത്തിന്റെ വ്യോമാഭ്യാസം പൂര്‍ത്തിയാക്കല്‍ തുടങ്ങിയ സൈനിക തയ്യാറെടുപ്പുകളുടെ സൂചനകള്‍ യുഎസ് രഹസ്യാന്വേഷണ സംഘം കണ്ടെത്തിയതായി രണ്ട് ഉദ്യോഗസ്ഥര്‍ സിഎന്‍എന്നിനോട് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തലാക്കാനുള്ള അമേരിക്കയുടെ ആഹ്വാനത്തിനെതിരെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ചൊവ്വാഴ്ച ആഞ്ഞടിച്ചിരുന്നു. അമേരിക്കയുടെ ഈ ആവശ്യം അതിരുകടന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. യുഎസുമായി പുതിയ ആണവ കരാറില്‍ എത്തുന്നതിനായുള്ള ചര്‍ച്ചകള്‍ വിജയിക്കുമോ എന്ന കാര്യത്തിലും ഖമേനി സംശയമുയര്‍ത്തിയിരുന്നു.
ഇറാനുമായുള്ള പുതിയ ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ സൈനിക നടപടി പരിഗണിക്കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ചര്‍ച്ചകളില്‍ പുരോഗതി കൈവരിക്കുമോ എന്നറിയാനായി 60 ദിവസത്തെ സമയപരിധിയും ട്രംപ് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ 60 ദിവസങ്ങള്‍ കഴിഞ്ഞു.
സൈനിക നടപടിയിലേക്ക് കടക്കുന്നതിനു മുമ്പായി ഏതാനും ആഴ്ച്ചകള്‍ കൂടി സമയം നല്‍കുമെന്ന് ട്രംപ് അറിയിച്ചതായി ഒരു മുതിര്‍ന്ന പാശ്ചാത്യ നയതന്ത്രജ്ഞന്‍ സിഎന്‍എന്നിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, നയതന്ത്രപരമായ ചര്‍ച്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇപ്പോള്‍ അമേരിക്കയുടെ ഔദ്യോഗിക നിലപാട്.
New Delhi,Delhi
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്