‘പാകിസ്ഥാനല്ല ബലൂചിസ്ഥാന്‍’;സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച് ബലൂച് നേതാവ്Baloch leader declares independence from Pakistan
Last Updated:
ബലൂചികളെ ‘ പാകിസ്ഥാന്റെ സ്വന്തം ജനത’ എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് ബലൂച് നേതാവ് പറഞ്ഞു
പാകിസ്ഥാന്റെ ക്രൂര പീഡനത്തിനും അടിച്ചമര്‍ത്തലിനും എതിരെ പതിറ്റാണ്ടുകളായി സായുധ പോരാട്ടം നടത്തുന്ന ബലൂചികള്‍ സ്വതന്ത്ര രാഷ്ട്രം പ്രഖ്യാപിച്ചു. കാലങ്ങളായി ഈ മേഖലയില്‍ പാകിസ്ഥാന്‍ നടത്തുന്ന അക്രമങ്ങള്‍, നിര്‍ബന്ധിത തിരോധാനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ബലൂച് പ്രതിനിധി മിര്‍ യാര്‍ ബലൂച് പാകിസ്ഥാനില്‍ നിന്നും ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചു.
ബലൂചിസ്ഥാനിലെ ജനങ്ങള്‍ അവരുടെ ദേശീയ വിധി നല്‍കിയിട്ടുണ്ടെന്നും ലോകം ഇനി നിശബ്ദത പാലിക്കരുതെന്നും ബലൂച് നേതാവ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. പാക് അധിനിവേശ ബലൂചിസ്ഥാനിലുടനീളമുള്ള ബലൂച് ജനത തെരുവിലിറങ്ങിയിരിക്കുന്നുവെന്നും ബലൂചിസ്ഥാന്‍ പാകിസ്ഥാന്‍ അല്ലെന്നും അദ്ദേഹം എക്‌സില്‍ എഴുതി. ലോകത്തിന് ഇനി നിശബ്ദ കാഴ്ചക്കാരായി ഇരിക്കാന്‍ കഴിയില്ല. ഇത് തങ്ങളുടെ ദേശീയ പൊതുജനാഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബലൂചികളെ ‘ പാകിസ്ഥാന്റെ സ്വന്തം ജനത’ എന്ന് വിളിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് പ്രത്യേകിച്ച് മാധ്യമങ്ങളോടും യൂട്യൂബര്‍മാരോടും ബുദ്ധിജീവികളോടും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു. “പ്രിയപ്പെട്ട ഇന്ത്യന്‍ ദേശസ്‌നേഹികളായ മാധ്യമങ്ങളെ, യുട്യൂബ് സഖാക്കളേ, ഭാരതത്തെ പ്രതിരോധിക്കാന്‍ പോരാടുന്ന ബുദ്ധിജീവികളെ ബലൂചുകളെ ‘പാകിസ്ഥാന്റെ സ്വന്തം ജനത’ എന്ന് വിളിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു. ഞങ്ങള്‍ പാകിസ്ഥാനികളല്ല ബലൂചിസ്ഥാനികളാണ്. വ്യോമാക്രമണങ്ങളോ, നിര്‍ബന്ധിത തിരോധാനങ്ങളോ, വംശഹത്യകളോ ഒരിക്കലും നേരിട്ടിട്ടില്ലാത്ത പഞ്ചാബികളാണ് പാകിസ്ഥാന്റെ സ്വന്തം ജനത,” ബലൂച് നേതാവ് പറഞ്ഞു.
പാക് അധിനിവേശ ജമ്മു കശ്മീര്‍ (പിഒകെ) സംബന്ധിച്ച ഇന്ത്യയുടെ നിലപാടിന് മിര്‍ യാര്‍ ബലൂച് പൂര്‍ണ്ണ പിന്തുണയും പ്രകടിപ്പിച്ചു. പ്രദേശം വിട്ടുപോകാന്‍ പാകിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പാക് അധിനിവേശ കശ്മീരില്‍ നിന്നും പാകിസ്ഥാന്‍ പുറത്തുപോകണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായി മിര്‍ യാര്‍ അറിയിച്ചു. ധാക്കയില്‍ 93,000 സൈനികര്‍ക്ക് കീഴടങ്ങേണ്ടി വന്നുവെന്ന അപമാനം കൂടി ഒഴിവാക്കാന്‍ പാക് അധിനിവേശ കശ്മീര്‍ വിട്ടൊഴിയാല്‍ പാകിസ്ഥാനോട് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാന്‍ സൈന്യത്തെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാകിസ്ഥാനിലെ അത്യാഗ്രഹികളായ സൈനിക ജനറല്‍മാരായിരിക്കും രക്തചൊരിച്ചിലിന് ഉത്തരവാദികളെന്നും പാക്കിസ്ഥാന്‍ പാക് അധിനിവേശ കശ്മീരിലെ ജനങ്ങളെ ഉപയോഗിക്കുന്നത് മനുഷ്യകവചമായിട്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യയുടെയും ആഗോള സമൂഹത്തിന്റെയും അംഗീകാരവും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു. വിദേശ ശക്തികളുടെ പങ്കാളിത്തത്തോടെ ബലപ്രയോഗത്തിലൂടെ ബലൂചിസ്ഥാനെ കൂട്ടിച്ചേര്‍ത്തതിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാദത്തെ ലോകം അംഗീകരിക്കരുതെന്നും മിര്‍ യാര്‍ ബലൂച്ച് അഭിപ്രായപ്പെട്ടു.
ബലൂചിസ്ഥാന്‍ വളരെക്കാലമായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍ബന്ധിത തിരോധാനങ്ങള്‍, നിയമവിരുദ്ധ കൊലപാതകങ്ങള്‍, വിയോജിപ്പുകളെ അടിച്ചമര്‍ത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പാkfസ്ഥാന്‍ സുരക്ഷാ സേനയും സായുധ ഗ്രൂപ്പുകളും ബലൂചികളെ ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ട്. മാധ്യമങ്ങള്‍ക്ക് പ്രവേശനമോ നിയമപരമായ ഉത്തരവാദിത്തമോ കുറവായതിനാല്‍ പലപ്പോഴും ഇത്തരം സംഘര്‍ഷങ്ങളില്‍ ബലൂചിസ്ഥാനിലെ സാധാരണക്കാര്‍ ബലിയാടുകളാകുന്നു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ആശങ്കകള്‍ ഉയര്‍ത്താനായിട്ടുണ്ടെങ്കിലും അര്‍ത്ഥവത്തായ ഇടപെടല്‍ ഇപ്പോഴും കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.