Leading News Portal in Kerala

ലോകത്തേറ്റവും ലളിതമായി ജീവിച്ച ഭരണാധികാരി ഉറുഗ്വന്‍ മുന്‍ പ്രസിഡന്റ് ജോസ് മുജിക്ക ഓര്‍മയായി|Former Uruguay President Jose Mujica the world’s most simple ruler passes away


ഉറുഗ്വയുടെ പ്രസിഡന്റ് എന്ന നിലയില്‍ രാഷ്ട്രീയ ജീവിതത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ മുജിക്കയുടെ പ്രതിമാസ ശമ്പളം 12,500 ഡോളര്‍ (10 ലക്ഷം രൂപ) ആയിരുന്നു. എന്നാല്‍, അതിന്റെ പത്തിലൊന്ന് തുക മാത്രമാണ് അദ്ദേഹം എടുത്തിരുന്നത്. ബാക്കിയുള്ളത് അദ്ദേഹം പാവപ്പെട്ടവര്‍ക്ക് നല്‍കി. 1250 ഡോളര്‍ ആവശ്യത്തിലധികമാണെന്ന് അദ്ദേഹം പറയുമായിരുന്നു. ഇളം നീലനിറമുള്ള വിഡബ്ല്യു ബീറ്റിലില്‍ സ്വയം ഡ്രൈവ് ചെയ്താണ് അദ്ദേഹം എല്ലായിടത്തും പോയിരുന്നത്. ഈ വാഹനത്തിന് പത്ത് ലക്ഷം ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും അത് വില്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

1935ല്‍ ഉറുഗ്വയിലെ മോന്റെവിഡിയോയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് മുജിക്കയുടെ ജനനം. അതിനാല്‍ തന്നെ ഇത്രയും ഉന്നതമായ പദവിയില്‍ എത്തുമെന്നും ജനപ്രീതി നേടുമെന്നും അദ്ദേഹം കരുതിയിരുന്നില്ല. ”എന്റെ പതിന്നാലാമത്തെ വയസ്സ് മുതല്‍ ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. എന്റെ ബുദ്ധിശക്തി നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ അവര്‍ എന്നെ പുറത്താക്കുന്നത് വരെ ഞാന്‍ രാഷ്ട്രീയത്തില്‍ തുടരും,” 2015ല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

മുജിക്കയ്ക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛന്‍ മരിക്കുന്നത്. അതിനാല്‍ ചെറിയ പ്രായം മുതല്‍ തന്നെ മുജിക്കയും അദ്ദേഹത്തിന്റെ സഹോദരിയും കൃഷിയിലേക്ക് ഇറങ്ങി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം നിയമം പഠിക്കാന്‍ ചേര്‍ന്നു. എന്നാല്‍, അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി അതിലേക്ക് തിരിഞ്ഞു.

മുജിക്കയും ഏതാനും പേരും ചേര്‍ന്ന് അര്‍ബന്‍ ഗറില്ല ഗ്രൂപ്പായ ടുപാമറോസിന് രൂപം നല്‍കി. ആ സമയം, 1960കളില്‍ ഉറഗ്വയില്‍ തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. വേര്‍തിരിവില്ലാത്ത ഒരു സമൂഹമാണ് താന്‍ സ്വപ്‌നം കാണുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു. ടുപാമറോസിന്റെ നേതൃത്വത്തില്‍ ബാങ്കുകള്‍ കൊള്ളയടിക്കുകയും രാഷ്ട്രീയക്കാരെ തട്ടിക്കൊണ്ട് പോകുകയും ബോംബ് സ്ഫോടനങ്ങൾ നടത്തുകയും ചെയ്തു. എന്നാല്‍, താന്‍ ആരെയും കൊന്നിട്ടില്ലെന്ന് മുജിക്ക എപ്പോഴും പറയുമായിരുന്നു.

വൈകാതെ അദ്ദേഹം ജയിലിലായി. 1971ല്‍ നടന്ന വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായിരുന്നു കേസ്. 14 വര്‍ഷം അദ്ദേഹം ജയിലില്‍ കിടന്നു. അവിടെ അദ്ദേഹം ഏകാന്ത തടവുകാരനായിരുന്നു. കൂടാതെ, വലിയ തോലിലുള്ള പീഡനത്തിന് ഇരയാകുകയും ചെയ്തു. ജയിലില്‍ കഴിഞ്ഞ സമയത്ത് സ്വയം തിരിച്ചറിയാന്‍ തനിക്ക് ധാരാളം സമയം ലഭിച്ചുവെന്ന് പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഏകാന്തതടവിൽ നിന്ന് പ്രസിഡന്റ് പദത്തിലേക്ക്

1973 മുതല്‍ 1985 വരെ ഉറുഗ്വായ് പട്ടാള ഭരണത്തിന്റെ കീഴിലായിരുന്നു. പട്ടാളഭരണം അവസാനിച്ചപ്പോള്‍ ഒരു പൊതുമാപ്പ് നിയമം പാസാക്കി. ഇതിന്റെ ഫലമായി മുജിക്കയും മറ്റ് രാഷ്ട്രീയതടവുകാരും മോചിപ്പിക്കപ്പെട്ടു.

ജയില്‍ മോചിതരായ മുജിക്കയും അദ്ദേഹത്തിന്റെ ഭാവി വധു ലൂസിയ ടോപോലാന്‍സ്‌കിയും ടുപാമാറോയിലെ മറ്റ് അംഗങ്ങളും ഒരു ചെറിയ കൃഷിയിടത്തില്‍ താമസമാക്കി. അവിടെ അവര്‍ തക്കാളിയും പൂക്കളും കൃഷി ചെയ്ത് അവ വിറ്റാണ് ജീവിച്ചിരുന്നത്. ഇതിനിടെ രാഷ്ട്രീയ പ്രവര്‍ത്തനവും തുടര്‍ന്നു. ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ മൂവ്‌മെന്റ് ഓഫ് പോപ്പുലര്‍ പാര്‍ട്ടിസിപ്പേഷന്‍ (എംപിപി)യുടെ പ്രവര്‍ത്തനങ്ങളില്‍ ടുപാമാറോസ് ഏര്‍പ്പെട്ടിരുന്നു. ജയില്‍ മോചിതനായി 10 വര്‍ഷങ്ങള്‍ക്ക് ശേഷം മുജിക്ക പാര്‍മെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ദിവസം അദ്ദേഹം ഒരു മോപ്പഡിലാണ് പാര്‍ലമെന്റിലെത്തിയത്.

ഉറുഗ്വായുടെ ചരിത്രത്തിലാദ്യമായി 2005ല്‍ ഒരു സോഷ്യലിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ടബാരെ വാസ്‌ക്വെസ് ആയിരുന്നു പ്രസിഡന്റ്. ഇടതുപക്ഷ സഖ്യമായ ബ്രോഡ് ഫ്രണ്ടിന്റെ നേതാവായിരുന്നു അദ്ദേഹം. ജോസ് മുജിക്കയെ അദ്ദേഹം കൃഷി മന്ത്രിയായി നിയമിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം, 2010ല്‍ 52 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി മുജിക്ക ഉറുഗ്വായുടെ പ്രസിഡന്റ് സ്ഥാനത്തെത്തി.

ഉയര്‍ന്ന പദവിയിലെത്തിയിട്ടും അദ്ദേഹം തന്റെ ലാളിത്യം നിറഞ്ഞ ജീവിതശൈലി പിന്തുടർന്നു പോന്നു. കാര്‍ഡിഗനും (മുന്‍വശം തുറന്നുകിടക്കുന്ന സ്വറ്റർ), വള്ളിച്ചെരുപ്പും പഴയൊരു പാന്റും ധരിച്ചാണ് അദ്ദേഹം മിക്കപ്പോഴും മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുത്തിരുന്നത്. ഔദ്യോഗിക ചടങ്ങുകളില്‍ പോലും അദ്ദേഹം ടൈ പോലും കെട്ടിയിരുന്നില്ല. 2014ല്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ആദ്യമായി ഒരു ത്രീ പീസ് സ്യൂട്ട് ധരിച്ചത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ബറാക്ക് ഒബാമ അദ്ദേഹത്തിന്റെ എളിമയില്‍ ആകൃഷ്ടനായിരുന്നു.

കടുത്ത നിരീശ്വരവാദിയായ മുജിക്ക തന്റെ ഭരണകാലയളവില്‍ രാജ്യത്തെ ഇളക്കിമറിക്കുന്ന നിയമങ്ങള്‍ തയ്യാറാക്കി. സ്വര്‍ഗവിവാഹവും ഗര്‍ഭഛിദ്രവും നിയമവിധേയമാക്കി. ഇത് ഇടതുപക്ഷ ചിന്താഗതിയുടെയോ അല്ലെങ്കില്‍ ഉദാരതയുടെയോ ഭാഗമായല്ല, മറിച്ച് മാറ്റമില്ലാത്ത ചില കാര്യങ്ങള്‍ ലോകം അംഗീകരിക്കേണ്ടതുണ്ട് എന്നായിരുന്നു മുജിക്കയുടെ നിലപാട്.

അദ്ദേഹത്തിന്റെ സാമൂഹിക, സാമ്പത്തിക നയങ്ങള്‍ വിജയകരമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും നവജാതശിശു മരണനിരക്കും കുറഞ്ഞു. വിനോദ ആവശ്യങ്ങള്‍ക്കായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുക എന്ന അദ്ദേഹത്തിന്റെ തീരുമാനം വിവാദമായി.

പൂര്‍ണമായും അസാധാരണക്കാരനായ ഒരു രാഷ്ട്രീയക്കാരന്‍

മറ്റ് ലാറ്റിനമേരിക്കന്‍ രാഷ്ട്രീയ ഭരണാധികാരികളെപ്പോളെ മുജിക്കയുടെ കൈയ്യില്‍ അഴിമതിയുടെ കറ പുരണ്ടിരുന്നില്ല. 2015ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം കൊളംബിയന്‍ സര്‍ക്കാരും അവിടുത്തെ എഫ്എആര്‍സി ഗറില്ലകളും തമ്മില്‍ ക്യൂബയില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചകളില്‍ മുജിക്ക മധ്യസ്ഥത വഹിച്ചു.

പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഉദാഹരണമായിരുന്നു അദ്ദേഹം. പക്ഷേ, അദ്ദേഹം എപ്പോഴും തന്നെത്തന്നെ ഒരു ദരിദ്രനായി കണക്കാക്കാന്‍ വിസമ്മതിച്ചു. കുറച്ചു മാത്രം സമ്പത്തുള്ളവനല്ല, മറിച്ച് കൂടുതല്‍ ആഗ്രഹിക്കുന്നവനാണ് ദരിദ്രനെന്ന് അദ്ദേഹം പറയുമായിരുന്നു.