Leading News Portal in Kerala

കാനഡ, ഐഎസ്‌ഐ, ചൈനീസ് സംഘങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് ഭീകരവാദത്തെ തുറന്നുകാട്ടി അമേരിക്കൻ സംഘടന | US Drug Enforcement Administration uncovers ISI–China–Cartel nexus using Canada as narco-terror hub


രഹസ്യ ഹൈബ്രിഡ് ഭീഷണികളുടെ കേന്ദ്രമായി കാനഡ ഉയര്‍ന്നുവരുന്നതിനെ കുറിച്ചുള്ള ദീര്‍ഘകാല ആശങ്കകള്‍ ഈ ഓപ്പറേഷനിലൂടെ സ്ഥിരീകരിക്കപ്പെട്ടുവെന്ന് ഉന്നത ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

2022-ലാണ് ഡിഇഎ അന്വേഷണം ആരംഭിച്ചത്. 2023 വരെ അന്വേഷണം നീണ്ടുനിന്നു. ബ്രീട്ടീഷ് കൊളംബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെന്റാനില്‍ കള്ളക്കടത്ത് സംഘത്തിന്റെ ആഗോള ബന്ധവും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും അടുത്തിടെ പുറത്തുവിട്ടു. ഡിഇഎ കണ്ടെത്തലുകളും ഇന്ത്യന്‍ ഇന്റലിജന്‍സ് വിവരങ്ങളും അനുസരിച്ച് ഓപ്പറേഷന്റെ കേന്ദ്രബിന്ദു കുപ്രസിദ്ധമായ ബ്രദേഴ്‌സ് കീപ്പേഴ്‌സ് സംഘത്തിന്റെ നേതാവെന്ന് ആരോപിക്കപ്പെടുന്ന ഇന്തോ-കനേഡിയന്‍ പൗരന്‍ ഒപ്പീന്ദര്‍ സിംഗ് സിയാന്‍ ആണ്.

കൊക്കെയ്ന്‍, ഹെറോയ്ന്‍, മെത്താഫെറ്റമിന്‍, ഫെന്റാനില്‍, എംഡിഎംഎ, കഞ്ചാവ് എന്നിവയുടെ വിതരണത്തില്‍ കുപ്രസിദ്ധരായ മെക്‌സിക്കോയിലെ സിനലോവ സഖ്യത്തിന്റെ കാനഡയിലെ പ്രതിനിധിയായിട്ടാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഒപ്പീന്ദര്‍ സിയാന്റെ സംഘത്തെ വിശേഷിപ്പിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ സഖ്യവുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി (സിസിപി) ബന്ധമുള്ള കെമിക്കല്‍ വിതരണക്കാരുമായും സിനലോവ സഖ്യത്തിന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ലാഹോറിലെ ഐഎസ്‌ഐ പ്രവര്‍ത്തകര്‍ക്കും ചൈനീസ് കെമിക്കല്‍ കമ്പനികള്‍ക്കും അന്തര്‍ദേശീയ മയക്കുമരുന്ന് സിന്‍ഡിക്കേറ്റുകള്‍ക്കും ഇടയില്‍ നിര്‍ണായക ഇടനിലക്കാരനായി സിയാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്ത്യയിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വാദിക്കുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മയക്കുമരുന്നുകളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും മറിച്ച് ഖലിസ്ഥാനി പ്രചാരണം, ആയുധക്കടത്ത്, പഞ്ചാബിലെ സ്ലീപ്പര്‍ സെല്‍ റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കുള്ള ധനസഹായം വരെ വ്യാപിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

വാന്‍കൂവര്‍ തുറമുഖം മയക്കുമരുന്ന് ഭീകരവാദത്തിന്റെ തന്ത്രപരമായ കേന്ദ്രമായി മാറുന്നതായും ഇന്ത്യന്‍ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാനഡയിലെ നിയമ-രാഷ്ട്രീയ അന്തരീക്ഷത്തെ ഐഎസ്‌ഐയും ചൈനീസ് ശൃംഖലകളും ചൂഷണം ചെയ്യുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ക്രിപ്‌റ്റോ അധിഷ്ഠിത ഹവാല ചാനലുകളും എന്‍ജിഒ മുന്നണികളും ഫെന്റനില്‍ വരുമാനം വെളുപ്പിക്കുന്നതിനും പഞ്ചാബ്, ഡല്‍ഹി, കശ്മീര്‍ എന്നിവിടങ്ങളിലെ തീവ്രവാദ ഘടകങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനും സഹായിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ദുബായ്, ഹോങ്കോംഗ്, ലാഹോര്‍ വഴിയുള്ള എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാര്‍ഗങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

കൂടാതെ ദുബായില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഐറിഷ് കിനഹാന്‍ സഖ്യത്തിന് മിഡില്‍ ഈസ്റ്റേണ്‍ കരിഞ്ചന്തകളിലേക്കെത്തിച്ച് കനേഡിയന്‍ മയക്കുമരുന്ന് പണം വെളുപ്പിക്കുന്ന ഹിസ്ബുള്ള ധനസഹായ ശൃംഖലകളുമായി ബന്ധമുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഡിഇഎ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ആഗോള ബന്ധങ്ങള്‍ സംബന്ധിച്ച ഈ വാദങ്ങളെ ശക്തിപ്പെടുത്തുന്നുണ്ട്.

ഐഎസ്‌ഐ-ചൈനീസ് സംഖ്യങ്ങള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിൽ കണ്ണികളായ ദ്വാരയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകള്‍, യുട്യൂബര്‍മാര്‍ എന്നിവരുള്‍പ്പെടെ 40-ലധികം ഇന്തോ-കനേഡിയന്‍ പ്രവര്‍ത്തകരെ ഏജന്‍സികള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മയക്കുമരുന്ന് ഭീകരവാദ ഭീഷണികള്‍ വര്‍ദ്ധിക്കുന്നതിനെ കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങളാണ് ഈ കണ്ടെത്തലുകള്‍  നല്‍കുന്നത്. അന്താരാഷ്ട്ര ഭീകരവിരുദ്ധ സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് അടിവരയിടുന്നതെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/

കാനഡ, ഐഎസ്‌ഐ, ചൈനീസ് സംഘങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് ഭീകരവാദത്തെ തുറന്നുകാട്ടി അമേരിക്കൻ സംഘടന