Leading News Portal in Kerala

ഇന്ത്യന്‍ വംശജ അനിത ആനന്ദ് കാനഡയുടെ പുതിയ വിദേശകാര്യമന്ത്രി | Anita Anand of Indian origin named Canada’s Foreign Affairs Minister


Last Updated:

കാനഡയുടെ വിദേശകാര്യമന്ത്രിയായി നിയമിതയാകുന്ന ആദ്യ ഹിന്ദു വനിതയാണ് അനിത. ഭഗവദ്ഗീതയില്‍ കൈവെച്ചാണ് അവര്‍ വിദേശകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്

അനിത ആനന്ദ്അനിത ആനന്ദ്
അനിത ആനന്ദ്

കാനഡയില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പറഞ്ഞ കാര്‍ണി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും വ്യക്തമാക്കി. കാനഡയുടെ പുതിയ വിദേശകാര്യമന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദിനെ നിയമിച്ചു. മുന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയെ വ്യവസായ മന്ത്രിയായും നിയമിച്ചു.

കാനഡയുടെ വിദേശകാര്യമന്ത്രിയായി നിയമിതയാകുന്ന ആദ്യ ഹിന്ദു വനിതയാണ് അനിത. ഭഗവദ്ഗീതയില്‍ കൈവെച്ചാണ് അവര്‍ വിദേശകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. “കാനഡയുടെ വിദേശകാര്യമന്ത്രിയായി നിയമിതയായത് ബഹുമതിയായി കാണുന്നു. കൂടുതല്‍ സുരക്ഷിതവും നീതിയുക്തവുമായ ഒരു ലോകം കാനഡയിലെ ജനങ്ങള്‍ക്ക് നല്‍കുന്നതിന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെയും മറ്റ് അംഗങ്ങളുടെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അവര്‍ പറഞ്ഞു.

ആരാണ് അനിത ആനന്ദ്?

മുന്‍പ് ഗതാഗത മന്ത്രിയായിരുന്ന അനിത, നേരത്തെ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയം ഉപേക്ഷിച്ച് അക്കാദമിക് മേഖലയിലേക്ക് പോകുകയാണെന്ന് അവര്‍ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയച്ചതിനെ തുടര്‍ന്ന് അനിതയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനും വിദേശകാര്യ വകുപ്പ് ഏറ്റെടുക്കാനും കാര്‍ണി നിര്‍ദേശിക്കുകയായിരുന്നു. ഒന്റാറിയോയിലെ ഓക്ക് വില്ലെയില്‍ നിന്നുള്ള പാര്‍മെന്റംഗമാണ് അവര്‍.

പ്രശ്‌നമുഖരിതമായ അമേരിക്കന്‍ ബന്ധം കൈകാര്യം ചെയ്യുക, അതിനൊപ്പം ഏകദേശം പിളര്‍ന്നുനില്‍ക്കുന്ന ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക എന്നതാണ് ആനന്ദിന്റെ പ്രധാന ദൗത്യങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് 19 പകര്‍ച്ചവ്യാധികാലത്ത് പബ്ലിക് സര്‍വീസസ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് മന്ത്രാലയത്തില്‍ അനിത സേവനമനുഷ്ഠിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാനഡയുടെ വാക്‌സിന്‍ ഏറ്റെടുക്കലുകളുടെ ചുമതല അനിതയായിരുന്നു നിര്‍വഹിച്ചിരുന്നത്.

2021ല്‍ പ്രതിരോധമന്ത്രിയായി. അക്കാലയളവില്‍ റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രെയ്നിനുള്ള കാനഡയുടെ സഹായം അനിതയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കൂടാതെ, കനേഡിയന്‍ സായുധ സേനകള്‍ക്കിടയിലെ ലൈംഗിക ദുരുപയോഗം സംബന്ധിച്ച റിപ്പോർട്ടുകളിൽ നടപടി സ്വീകരിച്ചു.

1967 മേയ് 20ന് കനേഡിയന്‍ പ്രവിശ്യയായ നോവ സ്‌കോട്ടിയയിലെ കെന്റ് വില്ലയിലാണ് അനിതയുടെ ജനനം. ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് അനിതയുടെ മാതാപിതാക്കള്‍, 1960കളുടെ തുടക്കത്തിലാണ് അവര്‍ കാനഡയിലേക്ക് കുടിയേറിയത്. ഡല്‍ഹൗസി യൂണിവേഴ്‌സിറ്റി, ടൊറോന്റോ യൂണിവേഴ്‌സിറ്റി, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ നിന്ന് അനിത ആനന്ദ് ഫസ്റ്റ് ക്ലാസ് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.