പുടിനുമായുള്ള കൂടിക്കാഴ്ച ഉടനെന്ന് ഡൊണാള്‍ഡ് ട്രംപ്; ‘ഉക്രൈനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കും’|Will try to end conflict with Ukraine Donald Trump says meeting with Putin imminent | World
Last Updated:
ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം വ്ളാഡിമിര്‍ പുടിനുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും ട്രംപ് പറഞ്ഞു. ഉക്രൈനുമേലുള്ള റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് പുടിനെ കാണാന്‍ തയ്യാറാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പുടിനുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് ട്രംപും അറിയിച്ചിരിക്കുന്നത്.
അധികം വൈകാതെ പുടിനുമായി സംസാരിക്കാന്‍ അവസരമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയുടെ സമയമോ സ്ഥലമോ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം വ്ളാഡിമിര്‍ പുടിനുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായും ചര്‍ച്ച നടത്താന്‍ ട്രംപ് തയ്യാറാണെന്നും നേരത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചിരുന്നു.
നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയും യുകെ, ജര്‍മ്മനി, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ നേതാക്കളും ഉള്‍പ്പെട്ട ഒരു കോളില്‍ ട്രംപും സെലെന്‍സ്‌കിയും ഈ സാധ്യത ചര്‍ച്ച ചെയ്തതായി മുതിര്‍ന്ന ഉക്രൈന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌കോ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഈ സംഭാഷണം നടന്നത്. അവിടെ അദ്ദേഹം പുടിനുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.
ആദ്യം പുടിനുമായി ചര്‍ച്ച നടത്താനും തുടര്‍ന്ന് സെലെന്‍സ്‌കി ഉള്‍പ്പെടുന്ന ത്രികക്ഷി ഉച്ചക്കോടി നടത്താനും ട്രംപ് പദ്ധതിയിടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നാറ്റോയോ ഉക്രൈന്‍ അധികൃതരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പുടിനുമായുള്ള വിറ്റ്‌കോഫിന്റെ കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മോസ്‌കോയുടെ വ്യാപാര പങ്കാളികള്‍ക്കെതിരായ ഉപരോധങ്ങള്‍ വെള്ളിയാഴ്ച വരെ നടപ്പിലാക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അധികാരമേറ്റതിന് 24 മണിക്കൂറിനുള്ളില്‍ റഷ്യ-ഉക്രൈൻ സംഘര്‍ഷം പരിഹരിക്കാന്‍ കഴിയുമെന്ന് മുമ്പ് അവകാശപ്പെട്ടിരുന്ന ട്രംപ് സമാധാനത്തിലേക്കുള്ള പുരോഗതി കാണിക്കാനോ പുതിയ ഉപരോധങ്ങള്‍ നേരിടാനോ റഷ്യയ്ക്ക് വെള്ളിയാഴ്ച വരെ സമയം നല്‍കി.
New Delhi,New Delhi,Delhi
August 07, 2025 12:16 PM IST
പുടിനുമായുള്ള കൂടിക്കാഴ്ച ഉടനെന്ന് ഡൊണാള്‍ഡ് ട്രംപ്; ‘ഉക്രൈനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കും’