ട്രംപ്- പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ; റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷ India welcomes Trump-Putin talks In Alaska on august 15 hopes Russia-Ukraine conflict will end | World
Last Updated:
റഷ്യ- യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കാനും ചർച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
ഓഗസ്റ്റ് 15 ന് അലാസ്കയിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. ചർച്ചയിൽ യുക്രൈൻ യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുമന്നാണ് പ്രതീക്ഷ.യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കാനും ചർച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുള്ളതുപോലെ “ഇത് യുദ്ധത്തിന്റെ യുഗമല്ല”. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന യോഗത്തെ ഇന്ത്യ അംഗീകരിക്കുകയും സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യുന്നുവെന്ന്പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഒരു പോസ്റ്റിലൂടെയാണ് പുടിനുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചത്.ഈ സ്ഥിരീകരണത്തോടെ വേദിയെക്കുറിച്ചുള്ള ആഴ്ചകളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. ഉച്ചകോടി യുഎഇയിൽ നടത്താൻ പുടിന് താൽപ്പര്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ സുരക്ഷാ കാരണങ്ങളാൽ അലാസ്കയിൽ നടത്താൻ അമേരിക്ക നിർദേശിക്കുകയായിരുന്നു.
2025 ജനുവരിയിൽ ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തയ ശേഷം പുടിനുമായി നടക്കുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. റഷ്യ യുക്രൈൻ സംഘർഷം തന്നെയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ട്.എന്നാൽ കൂടിക്കാഴ്ചയുടെ മറ്റ് വിശദാംശങ്ങളെക്കുറിച്ച് അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.
New Delhi,Delhi
August 10, 2025 7:16 AM IST