വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമേറിയ ശ്രീരാമ പ്രതിമ കാനഡയില്‍ The tallest statue of Lord Rama in North America is now in Canada | World
Last Updated:
51 അടി ഉയരമുള്ള പ്രതിമ ഫൈബര്‍ ഗ്ലാസും സ്റ്റീലും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്
വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ കാനഡയിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ മിസിസ്വാഗയില്‍ അനാവരണം ചെയ്തു. ഞായറാഴ്ച നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. 51 അടി ഉയരത്തില്‍ നിര്‍മിച്ച ഈ പ്രതിമ ഒന്റാറിയോയിലെ ഹിന്ദു ഹെറിറ്റേജ് സെന്ററിലെ പ്രധാന ആകര്‍ഷണമാകും. ഈ മേഖലയിലെ ഏറ്റവും പുതിയതും അതുല്യവുമായ സാംസ്‌കാരിക ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായി ഇത് മാറും.
പുഷ്പ വൃഷ്ടി നടത്തിയാണ് അയോധ്യയിലെ രാമജന്മഭൂമീ ക്ഷേത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച പ്രതിമ അനാവാരണം ചെയ്തത് . ഫൈബര്‍ ഗ്ലാസും സ്റ്റീലും ഉപയോഗിച്ചാണ് പ്രതിമയുടെ നിര്‍മാണം. ഡല്‍ഹിയില്‍വെച്ചാണ് പ്രതിമ നിര്‍മിച്ചത്. കാനഡയിലെ അതിശൈത്യത്തെയും മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റിനെയും നേരിടാന്‍ പാകത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശ്രീരാമ പ്രതിമ ‘സമൂഹത്തിനുള്ള ഒരു ആത്മീയ സമ്മാനമാണെന്ന്’ ഹിന്ദു ഹെറിറ്റേജ് സെന്ററിന്റെ സ്ഥാപകനായ ആചാര്യ സുരീന്ദര്‍ ശര്‍മ്മ ശാസ്ത്രി വിശേഷിപ്പിച്ചു.
കാനഡയിലെ ഒന്റാറിയോയിലെ 6300 മിസിസ്വാഗ റോഡില്‍ ഹിന്ദു ഹെറിറ്റേജ് സെന്ററിലാണ് ശ്രീരാമ പ്രതിമ സ്ഥിതി ചെയ്യുന്നത്.ടൊറാന്റോ നഗരത്തില്‍ നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടേക്ക് എത്തിച്ചേരാന്‍ കഴിയും. ഇതുവഴി പൊതുഗതാഗത സൗകര്യങ്ങളും പ്രധാന ഹൈവേകളും കടന്നുപോകുന്നുണ്ട്. ഒന്റാറിയോയിലെ മാത്രമല്ല, വടക്കേ അമേരിക്കയിലുടനീളമുള്ള ഭക്തരെ ഇവിടേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയില്‍ ആത്മീയ കാര്യങ്ങളില്‍ ഏറെ സജീവമായ ഹിന്ദു സമൂഹമുണ്ട്. അതിനാല്‍ തന്നെ സാംസ്‌കാരികവും ആത്മീയവുമായ കേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന നിരവധി ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. ടൊറാന്റോയിലെ ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിര്‍ പ്രശസ്തമായ മറ്റൊരു ക്ഷേത്രമാണ്. പരമ്പരാഗത ഇന്ത്യന്‍ കരകൗശല വൈദഗ്ധ്യം വിളിച്ചോതുന്ന ഈ ക്ഷേത്രം മനോഹരമായ മാര്‍ബിളും ചുണ്ണാമ്പുകല്ലുകളും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
ഒന്റാറിയോയിലെ റിച്ച്മണ്ട് ഹില്‍ ഹിന്ദു ക്ഷേത്രവും ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രവും ഏറെ പ്രശസ്തമാണ്. ഇവിടുത്തെ ഉത്സവങ്ങളിലും ആത്മീയപരിപാടികളിലും പങ്കെടുക്കുന്നതിനായി നൂറുകണക്കിന് വിശ്വാസികള്‍ വന്നെത്താറുണ്ട്.
New Delhi,Delhi
August 11, 2025 9:27 AM IST