കഞ്ചാവിനെ ട്രംപ് അപകടകരമല്ലാത്ത ലഹരികളുടെ കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്തിയേക്കും | Trump Weighs Reclassifying cannabis as Less Dangerous Drug | World
Last Updated:
വിനോദ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ യുഎസിലെ 24 സംസ്ഥാനങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം പൂര്‍ണ്ണമായും നിയമപരമാണ്
കഞ്ചാവിനെ അപകടകരമല്ലാത്ത ലഹരി മരുന്നുകളുടെ കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്തുന്ന കാര്യം ഭരണകൂടം പരിശോധിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഹരി മരുന്നിന്റെ വര്‍ഗ്ഗീകരണം സംബന്ധിച്ച് ഒരു തീരുമാനമെടുക്കുമെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇത് വളരെ സങ്കീര്‍ണ്ണമായ വിഷയമാണെന്നും ഈ തീരുമാനം ശരിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കഞ്ചാവിന്റെ മെഡിക്കല്‍ ഉപയോഗത്തെ കുറിച്ച് മഹത്തായ കാര്യങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ലഹരി എന്ന നിലയ്ക്കുള്ള ഉപയോഗങ്ങളെ കുറിച്ച് മോശം കാര്യങ്ങളാണ് കേട്ടിട്ടുള്ളതെന്നും ട്രംപ് അറിയിച്ചു.
“ചിലര്‍ക്ക് ഇത് ഇഷ്ടമാണ്. ചിലര്‍ ഇതിന്റെ ഉപയോഗത്തെ തന്നെ വെറുക്കുന്നു. അത് കുട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നതിനാല്‍ ചില ആളുകള്‍ മരിജുവാനയെന്ന മുഴുവന്‍ ആശയത്തെയും വെറുക്കുന്നു. കുട്ടികളേക്കാളുപരി മുതിര്‍ന്നവര്‍ക്കും ലഹരി ഉപയോഗം ദോഷം ചെയ്യും”, ട്രംപ് പറഞ്ഞു.
കഞ്ചാവ് ഉപയോഗത്തെ അനുകൂലിച്ചുള്ള ട്രംപിന്റെ പ്രസ്താവന വന്നതോടെ ഇതുമായി ബന്ധപ്പെട്ട ബിസിനസുകളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ടില്‍റേ ബ്രാന്‍ഡ്‌സിന്റെ ഓഹരികള്‍ ഏകദേശം 42 ശതമാനത്തോളമാണ് നേട്ടമുണ്ടാക്കിയത്. അതേസമയം, കാനഡയിലെ വില്ലേജ് ഫാംസ് ഇന്റര്‍നാഷണലും കാനോപ്പി ഗ്രോത്ത് കോര്‍പ്പും യഥാക്രമം 34 ശതമാനവും 26 ശതമാനവും നേട്ടത്തോടെ വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചു.
കഞ്ചാവിനെ അപകടം കുറഞ്ഞ ലഹരി മരുന്നായി പുനര്‍വര്‍ഗ്ഗീകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കഴിഞ്ഞയാഴ്ച നടന്ന ഒരു പരിപാടിയില്‍ ട്രംപ് പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് തീരുമാനം പരിശോധിക്കുന്നതായി ട്രംപ് വൈറ്റ് ഹൗസില്‍ അറിയിച്ചിരിക്കുന്നത്.
വിനോദ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ യുഎസിലെ 24 സംസ്ഥാനങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം പൂര്‍ണ്ണമായും നിയമപരമാണ്. അതേസമയം, ഫെഡറല്‍ തലത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗവും കൈവശം വയ്ക്കലും നിയമവിരുദ്ധമാണ്.
നിലവില്‍ എല്‍എസ്ടി, ഹെറോയിന്‍, എക്‌സ്റ്റന്‍സി എന്നിവയുടെ അതേ വിഭാഗത്തില്‍ ഷെഡ്യൂള്‍ I ലഹരിയായാണ് കഞ്ചാവും വര്‍ഗ്ഗീകരിച്ചിട്ടുള്ളത്. ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ വര്‍ഗ്ഗീകരണ സംവിധാനത്തിന് കീഴില്‍ ഷെഡ്യൂള്‍ I ലഹരികളെ നിലവില്‍ അംഗീകൃത മെഡിക്കല്‍ ഉപയോഗമില്ലാത്തതും ദുരുപയോഗത്തിന് ഉയര്‍ന്ന സാധ്യതയുള്ളതുമായ മരുന്നുകളായാണ് നിര്‍വചിച്ചിരിക്കുന്നത്.
August 12, 2025 2:12 PM IST