USSR എന്ന് എഴുതിയ ടി ഷർട്ട് ധരിച്ച് റഷ്യൻ വിദേശകാര്യമന്ത്രി അമേരിക്കയിൽ; മുന്നറിയിപ്പോ? Russian Foreign Minister Sergey Lavrov arrived in Alaska for high-stakes talks wearing a T-shirt written CCCP the Russian abbreviation for the Soviet Union | World
Last Updated:
പഴയ സോവിയറ്റ് യൂണിയന്റെ റഷ്യൻ ചുരുക്കപ്പേരായ “CCCP” എന്നെഴുതിയ ടീ-ഷർട്ട് ധരിച്ചാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അലാസ്കയിൽ എത്തിയത്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ അലാസ്കയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ ടി ഷർട്ടാണ് ഇപ്പോൾ ലോക മാധ്യമങ്ങളിലെ ചർച്ചാ വിഷയം. പഴയ സോവിയറ്റ് യൂണിയന്റെ റഷ്യൻ ചുരുക്കപ്പേരായ “CCCP” (USSR)എന്നെഴുതിയ ടീ-ഷർട്ട് ധരിച്ചാണ് സെർജി ലാവ്‌റോവ് അലാസ്കയിൽ എത്തിയത്.യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ലാവ്‌റോവ് അമേരിക്കൻ പ്രസിഡന്റ് ട്രംപുമായും പുടിനുമായും കൂടിക്കാഴ്ച നടത്തും.യുക്രൈൻ ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു.
ലോകരാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന റഷ്യയുടെ പഴയ തലപ്പൊക്കത്തെ പ്രതീകവൽക്കരിച്ചാകാം സോവിയറ്റ് കാലഘട്ടത്തോടുള്ള ദേശീയതയുടെയും ഗൃഹാതുരത്വത്തിന്റെയും വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന ടീ ഷർട്ട് ലാവ്‌റോവ് ധരിച്ചിരിക്കുന്നത് എന്ന തരത്തിലാണ് ചർച്ചകൾ കൊഴുക്കുന്നത്. റഷ്യയുടെ വ്യതിരിക്തമായ സ്വത്വത്തെയും പരമാധികാരത്തെയും ഊന്നിപ്പറയുകയാണ് സോവിയറ്റ് യൂണിയന്റെ റഷ്യൻ ചുരുക്കപ്പേരായ “CCCP” (USSR)എന്നെഴുതിയ ടീ-ഷർട്ട് ധരിക്കുന്നതിലൂടെ ലാവ്‌റോവ് ചെയ്യുന്നത്.ചർച്ചകളിൽ രാജ്യം അതിന്റെ താൽപ്പര്യങ്ങളോ തത്വങ്ങളോ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇത് സൂചിപ്പിക്കുന്നു. റഷ്യ സ്വന്തം നിബന്ധനകൾക്ക് അനുസൃതമായി ചർച്ചകളിൽ പങ്കെടുക്കുമെന്നും ഉറച്ച നിലപാട് നിലനിർത്തുമെന്നും യുഎസിന് സൂക്ഷ്മമായി സൂചന നൽകുന്നതാണ് ലാവ്റോവിന്റെ USSR ടി ഷർട്ടെന്നാണ് പലരും വ്യാഖ്യാനിക്കുന്നത്.
ചർച്ചകൾ വിജയിക്കാതിരിക്കാൻ 25 ശതമാനം സാധ്യത ഉണ്ടെന്ന ട്രംപിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കലും ഫലം പ്രതീക്ഷിക്കാനോ എന്തെങ്കിലും ഊഹാപോഹങ്ങൾ നടത്താനോ റഷ്യ ശ്രമിക്കുന്നില്ലെന്നും തങ്ങളുടെ നിലപാട് വ്യക്തമാണെന്നും അത് ചർച്ചയിൽ അവതരിപ്പിക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഓഗസ്റ്റ് 15 ന് അലാസ്കയിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സണിലാണ് ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്.റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയും സമാധാനം സ്ഥാപിക്കുമെന്ന് താൻ കരുതുന്നു എന്നാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി തന്റെ ട്രൂത്ത് സോഷ്യൽ മിഡിയ പ്ളാറ്റ്ഫോമിൽ ട്രംപ് കുറിച്ചത്.
New Delhi,Delhi
August 15, 2025 10:23 PM IST