Leading News Portal in Kerala

‘പാകിസ്ഥാന്റെ സംരക്ഷകനായാണ് ദൈവം എന്നെ സൃഷ്ടിച്ചത്; പ്രസിഡന്റാകുമെന്ന ഊഹാപോഹം തള്ളി സൈനിക മേധാവി അസിം മുനീർ|god made me to protect pakistan asim munir dismisses speculation of becoming president | World


Last Updated:

പാകിസ്ഥാന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് അസിം മുനീർ അറിയിച്ചു

News18News18
News18

പാക് പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സൈനിക മേധാവി അസിം മുനീര്‍. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും തുടര്‍ന്ന് സൈനിക മേധാവി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നുമുള്ള ശക്തമായ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. പാക് സൈനിക മേധാവിയായി അടുത്തിടെ നിയമിതനായ അസിം മുനീര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് തവണ അമേരിക്ക സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ അഭ്യൂഹം പടര്‍ന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ മറികടന്ന് അദ്ദേഹം ഉന്നത യുഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

പാകിസ്ഥാന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് അസിം മുനീര്‍ ബെല്‍ജിയം പത്രമായ യെലി ജാംഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മുനീർ ബെല്‍ജിയത്തിലെത്തിയത്. ഇത്തരത്തിലുള്ള വാര്‍ത്ത സിവില്‍, സൈനിക ഏജന്‍സികള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നറിയിച്ചപ്പോള്‍ അതിന് സാധ്യതയില്ലെന്ന് മുനീര്‍ പറഞ്ഞതായി ബെല്‍ജിയം പത്രത്തെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന ഘടകങ്ങള്‍ ‘രാഷ്ട്രീയ അരാജകത്വം’ സൃഷ്ടിക്കുന്നുണ്ടെന്നും മുനീർ ആരോപിച്ചു.

നിലവിലെ പാര്‍ലമെന്ററി സംവിധാനത്തെ മാറ്റി പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള ശ്രമം പാകിസ്ഥാനില്‍ നടക്കുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. താൻ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്തുവന്നാല്‍ മകന്‍ ബിലാവല്‍ ഭൂട്ടോയെ പുതിയ സര്‍ക്കാരിന്റെ ഭാഗമാക്കണമെന്ന് പ്രസിഡന്റ് ആസിഫലി സര്‍ദാരി ആവശ്യപ്പെട്ടതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

‘ദൈവം എന്നെ ഒരു സംരക്ഷകനായാണ് സൃഷ്ടിച്ചത്’

സൈനിക അട്ടിമറികള്‍ പാകിസ്ഥാനില്‍ ഒരു അസാധാരണമല്ലാത്ത കാഴ്ചയാണ്. കൂടാതെ അസിം മുനീര്‍ ശക്തനായ ഒരു വ്യക്തിയായാണ് കണക്കാക്കപ്പെടുന്നത്. ഡിജി ഐഎസ്‌ഐ, ഡിജി മിലിട്ടറി ഇന്റലിജന്റ്‌സ്, കോര്‍പ്‌സ് കമാന്‍ഡര്‍, ഇപ്പോഴത്തെ സൈനിക മേധാവി പദവി തുടങ്ങിയ എല്ലാ സുപ്രധാന പദവികളും മുനീർ വഹിച്ചിട്ടുണ്ട്. അടുത്തിടെയാണ് മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിച്ചത്.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദൈവം തന്നെ രാജ്യത്തിന്റെ സംരക്ഷകനായാണ് സൃഷ്ടിച്ചതെന്നും മറ്റൊരു പദവിയും താന്‍ ആഗ്രഹിക്കുന്നില്ലെന്നും അസിം മുനീർ മറുപടി നല്‍കി.

പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും അദ്ദേഹത്തിന്റെ 18 മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനനിരതയെയും അദ്ദേഹം പ്രശംസിച്ചു. ആത്മാര്‍ത്ഥമായ ക്ഷമാപണം പുലര്‍ത്തിയാല്‍ മാത്രമെ ‘രാഷ്ട്രീയ അനുരഞ്ജനം’ സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. തടവിലാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും അദ്ദേഹത്തിന്റെ പാകിസ്ഥാന്‍ തെഹ്രീക് ഇ- ഇന്‍സാഫ് പാര്‍ട്ടിയെയുമാണ് മുനീര്‍ ഇതിലൂടെ പരാമര്‍ശിച്ചത്.

അമേരിക്കയും ചൈനയിലും തമ്മിലുള്ള പാകിസ്ഥാന്റെ ബന്ധം സന്തുലിതമാകുന്നതില്‍ മുനീര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന ശ്രമങ്ങള്‍ ‘യഥാര്‍ത്ഥ’മാണെന്ന് പറഞ്ഞ മുനീർ പാകിസ്ഥാന്‍ ഒരു സുഹൃത്തിന് വേണ്ടി മറ്റൊന്ന് ത്യജിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനായാണ് ഇന്ത്യ മുനീറിനെ കാണുന്നത്. ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ പ്രധാന വക്താവാണ് മുനീര്‍. പലപ്പോഴും കശ്മീരിനെ പാകിസ്ഥാന്റെ ‘അവിഭാജ്യഘടക’മെന്ന് പരാമര്‍ശിക്കുകയും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വിഭജനത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/

‘പാകിസ്ഥാന്റെ സംരക്ഷകനായാണ് ദൈവം എന്നെ സൃഷ്ടിച്ചത്; പ്രസിഡന്റാകുമെന്ന ഊഹാപോഹം തള്ളി സൈനിക മേധാവി അസിം മുനീർ