Leading News Portal in Kerala

ബൊളീവിയയിൽ ഇടതിന് തിരിച്ചടി; 20 വർഷത്തിന് ശേഷം വലതുപക്ഷ പ്രസിഡന്റ്| Bolivia heads to elect first non-left wing president in two decades | World


ബിസിനസുകാരനായ സാമുവൽ ഡോറിയ മെഡിന ലീഡ് ചെയ്യുമെന്നായിരുന്നു അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ. എന്നാൽ‌ പ്രാഥമിക ഫലം വന്നപ്പോള്‍ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയിലെ റോഡ്രിഗോ പാസ് പെരേര മുന്നേറ്റം കാഴ്ചവയ്ക്കുകയായിരുന്നു. പൂർണമായ ഫലം പുറത്തുവരാൻ മൂന്നുദിവസം എടുക്കുമെന്ന് തിരഞ്ഞെടുപ്പ് അധികാരികൾ വ്യക്തമാക്കി.

‘കുറച്ചുപേർ‌ക്ക് മാത്രമല്ല, എല്ലാവർക്കും മുതലാളിത്തം’ എന്ന മുദ്രാവാക്യവുമായി പോരാട്ടത്തിനിറങ്ങിയ പാസ് പെരേര കേന്ദ്രഭരണ സംവിധാനത്തിൽ നിന്ന് പ്രാദേശിക സ്ഥാപനങ്ങൾ‌ക്ക് കൂടുതൽ ഫണ്ട് വിതരണം ചെയ്യുമെന്നും അഴിമതിക്കെതിരെ പോരാടുമെന്നും പ്രഖ്യാപിച്ചിരുന്നു. മറുവശത്ത് സൈനിക സ്വേച്ഛാധിപതിയായിരുന്ന ഹ്യൂഗോ ബാൻസറിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചശേഷം 2001-2002 കാലയളവിൽ രാജ്യത്തിന്റെ ഇടക്കാല പ്രസിഡ‍ന്റായി പ്രവർത്തിച്ചയാളാണ് ക്വിറോഗ.

ഇടതുപക്ഷത്ത് പുറത്തുനിന്നുള്ള ഒരു പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുന്നതോടെ ലാറ്റിൻ‌ അമേരിക്കൻ രാജ്യത്തിന്റെ വിദേശനയത്തിൽ വലിയ മാറ്റത്തിന് കാരണമാകും. ‌‌‌വ്യാപാരത്തിന്റെ കാര്യത്തിൽ, രണ്ട് സ്ഥാനാർത്ഥികളുടെയും മുതലാളിത്ത നിലപാടുകൾ ബൊളീവിയയുടെ വിശാലമായ ലിഥിയം കരുതൽ ശേഖരത്തിൽ വിദേശ നിക്ഷേപത്തിന് വഴിതെളിച്ചേക്കും. ഇലക്ട്രിക് കാറുകളിലും ലാപ്‌ടോപ്പുകളിലും സോളാർ പാനലുകളിലും ഉപയോഗിക്കുന്ന ബാറ്ററികളുടെ പ്രധാന ഘടകമാണിത്.

‌‌

ചൈനയും റഷ്യയും ഇറാനുമായി രണ്ട് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബന്ധത്തിലും മാറ്റംവരും. ഇനി യുഎസുമായുള്ള കൂടുതൽ അടുത്ത ബന്ധത്തിന് തിരഞ്ഞെടുപ്പ് ഫലം വഴിതുറക്കും. സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണത്തിൻ കീഴിൽ യുഎസ്-ബൊളീവിയ ബന്ധം തകർച്ചയിലായതായി അടുത്തിടെ നടന്ന യുഎസ് കോൺഗ്രസിലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

പ്രസിഡന്റ് ലൂയിസ് ആർസിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ ഭരണവിരുദ്ധ വികാരങ്ങളും തിരിച്ചടിയായി. 40 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബൊളീവിയ കടന്നുപോകുന്നത്.  ഡോളറിന്റെയും ഇന്ധനത്തിന്റെയും ദൗർലഭ്യം, കുതിച്ചുയരുന്ന പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. മുൻ ധനമന്ത്രിയായിരുന്ന ലൂയിസ് ആർസ് തൻ്റെ മുൻ ഉപദേഷ്ടാവായ ഇവോ മൊറേൽസിന്റെ നയങ്ങളാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നാണ് ആരോപിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ, നിരവധി വോട്ടർമാർ മാറ്റത്തിനായി വോട്ട് ചെയ്യാനോ നിലവിലുള്ള സോഷ്യലിസ്റ്റ് പാർട്ടിയെ പാഠംപഠിപ്പിക്കാനോ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ജനങ്ങളിൽ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ നിലവിലെ പ്രസിഡന്റ് ലൂയിസ് ആർസ് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

എംഎഎസ് സ്ഥാനാർത്ഥി എഡ്വേർഡോ ഡെൽ കാസ്റ്റിലോ വോട്ട് ചെയ്ത സ്കൂളിൽ അദ്ദേഹത്തെ വോട്ടർമാർ കൂവിവിളിച്ച് പുറത്താക്കിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഏറ്റവും കൂടുതൽ വോട്ട് നേടിയ ഇടതുപക്ഷ സ്ഥാനാർത്ഥി ആൻഡ്രോണിക്കോ റോഡ്രിഗസ് വോട്ട് ചെയ്യാനെത്തിയപ്പോൾ ആളുകൾ അദ്ദേഹത്തിന് നേരെ കല്ലെറിഞ്ഞു. പാർട്ടിയിൽ നിന്ന് പിളരുന്നതിന് മുമ്പ് റോഡ്രിഗസ് മുമ്പ് സോഷ്യലിസ്റ്റ് പാർട്ടി (MAS) അംഗമായിരുന്നു.

രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി മുൻ പ്രസിഡന്റ് ഇവോ മൊറേൽസ് വോട്ടെടുപ്പിൽ നിന്ന് പിന്മാറി. 2006 മുതൽ 2019 വരെ രാജ്യം ഭരിച്ച മൊറേൽസിന് വീണ്ടും മത്സരിക്കുന്നതിൽ വിലക്കുണ്ടായിരുന്നു. 2019 ലെ അവസാന തിരഞ്ഞെടുപ്പ് തർക്കത്തിലാവുകയും പ്രതിഷേധങ്ങൾക്ക് കാരമമാവുകയും ചെയ്തിരുന്നു. വോട്ടെടുപ്പിൽ ഓഡിറ്റർമാർ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൊറേൽസിനെതിരെ വഞ്ചനാ കുറ്റം ചുമത്തുകയും സൈന്യത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. 2020ൽ, മൊറേൽസിന്റെ കീഴിൽ മുൻ ധനമന്ത്രിയായിരുന്ന ലൂയിസ് ആർസ് പ്രസിഡന്റായി അധികാരമേറ്റു. പിന്നീട് ഇരുവരും തെറ്റി.

Summary: Bolivia, a Latin American Country is set to elect a non-left wing president after nearly two decades of near-continuous rule by the incumbent socialist party (MAS), according to official preliminary results.