ഓണ്‍ലൈന്‍ പണമിടപാട് പരാജയപ്പെട്ടു; ഭര്‍ത്താവിന്റെ വിവാഹേതരബന്ധം ഭാര്യ കണ്ടുപിടിച്ചു | Woman finds extra-marital affair of husband after a failed online transaction | World
Last Updated:
ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയശേഷം പണം നല്‍കുന്നതിനായി നടത്തിയ ഓണ്‍ലൈന്‍ ഇടപാട് പണിയായി
ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയശേഷം പണം നല്‍കുന്നതിനായി നടത്തിയ ഓണ്‍ലൈന്‍ ഇടപാട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വിവാഹേതരബന്ധം പുറത്തായി. ഭാര്യ തന്നെയാണ് തന്റെ ഭര്‍ത്താവിന്റെ വിവാഹേതരബന്ധം കണ്ടെത്തിയത്. ചൈനയിലെ ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് സംഭവം. പ്രവിശ്യയിലെ യാംഗ്ജിയാംഗിലുള്ള ഒരു ഫാര്‍മസിയില്‍ നിന്നാണ് ഭര്‍ത്താവ് ഗുളികകള്‍ വാങ്ങിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണിലെ പേയ്‌മെന്റ് കോഡ് ഉപയോഗിച്ച് ഏകദേശം 200 രൂപയുടെ (15.8 യുവാന്‍) ഇടപാട് നടത്താൻ ശ്രമിച്ചു. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് പണം നല്‍കാന്‍ കഴിഞ്ഞില്ലെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് ശേഷം ഫാര്‍മസി ജീവനക്കാര്‍ പേയ്‌മെന്റ് വീണ്ടും നടത്തുന്നതിന് ഭര്‍ത്താവിന്റെ അംഗത്വ കാര്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറിലേക്ക് വിളിച്ചു. എന്നാള്‍ ഫോണ്‍ കോള്‍ അബദ്ധവശാല്‍ ഭാര്യയ്ക്കാണ് ലഭിച്ചത്. തുടര്‍ന്ന് അവര്‍ ഏത് സാധനം വാങ്ങിയതിനാണ് പണം ഈടാക്കുന്നത് എന്ന് ചോദിച്ചു. ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയതിനാണെന്ന് ഫാര്‍മസി ജീവനക്കാര്‍ ഉത്തരം നല്‍കി. ഇതാണ് ഭര്‍ത്താവിന്റെ വിവാഹേതരബന്ധം വെളിച്ചത്തുകൊണ്ടുവന്നത്.
സംഭവം രണ്ട് കുടുംബങ്ങള്‍ തകര്‍ത്തതായും സംഭവത്തില്‍ ഫാര്‍മസി ജീവനക്കാരെ ഭര്‍ത്താവ് കുറ്റപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്ന് വാങ്ങിയ രസീതും ഓഗസ്റ്റ് 12ന് യാംഗ്ജിയാംഗ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ഗാവോക്‌സിന്‍ ബ്രാഞ്ചിന് കീഴിലുള്ള പിന്‍യാംഗ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടും ഇയാള്‍ ഹാജരാക്കി.
ഭര്‍ത്താവിന് വിഷയത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ ശ്രമിക്കാമെങ്കിലും വിജയിക്കാന്‍ സാധ്യത കുറവാണെന്ന് ഹെനാന്‍ സെജിന്‍ ലോ സ്ഥാപനത്തിന്റെ ഡയറക്ടറായ ഫു ജിയാന്‍ പറഞ്ഞതായി എലഫെന്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
“കുടുംബം തകരാനുള്ള പ്രധാന കാരണം ഭര്‍ത്താവിന്റെ വിശ്വാസവഞ്ചനയാണ്. അയാള്‍ തന്റെ ചെയ്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം. മറുവശത്ത് ഫാര്‍മസി അയാളുടെ സ്വകാര്യത ലംഘിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നിയമപരമായി ഉത്തരവാദിത്വമുണ്ട്,” ഫു പറഞ്ഞു.
ഫാര്‍മസി ജീവനക്കാരുടെ വെളിപ്പെടുത്തലും കുടുംബം തകരാനുള്ള കാരണവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ഭര്‍ത്താവ് നല്‍കേണ്ടതുണ്ടെന്ന് ഫു പറഞ്ഞു. ഫോണ്‍കോണ്‍ നിയമാനുസൃതമാണെന്ന് തോന്നുന്നുവെന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും ഇത് ഭര്‍ത്താവിന് തന്റെ അവകാശങ്ങളുടെ ലംഘനമാണെന്ന് അവകാശപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഫു വ്യക്തമാക്കി.
ഒരു ചൈനീസ് സ്വദേശിനി തന്റെ ഭര്‍ത്താവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഒരു ഒളികാമറ സ്ഥാപിക്കുകയും ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്തിയതും മുമ്പ് വാര്‍ത്തയായിരുന്നു. ഭര്‍ത്താവിന് ബോസിനോടുള്ള ബന്ധം വെളിപ്പെടുത്തുന്ന വീഡിയോകള്‍ ഭാര്യ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി വിധിച്ചെങ്കിലും നഷ്ടപരിഹാരം വേണമെന്നും ക്ഷമാപണം നടത്തണമെന്നുമുള്ള ബോസിന്റെ അഭ്യര്‍ത്ഥന നിരസിച്ചിരുന്നു.
Thiruvananthapuram,Kerala
August 23, 2025 9:51 AM IST