Leading News Portal in Kerala

ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുക, ട്രംപിനെ കൊല്ലുക, ഇസ്രായേല്‍ തകര്‍ക്കുക; യുഎസ് സ്കൂളിലെ അക്രമി|Use nuclear weapons against India kill Trump destroy Israel US school attacker | World


Last Updated:

നിങ്ങളുടെ ‘ദൈവം എവിടെ’, ‘കുട്ടികള്‍ക്ക് വേണ്ടി’ എന്നീ വാചകങ്ങളും ആയുധങ്ങളില്‍ എഴുതിയിട്ടുണ്ട്

News18News18
News18

യുഎസിലെ മിനിയാപോളിസില്‍ രണ്ട് വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ ആയുധങ്ങളില്‍ വിദ്വേഷ സന്ദേശങ്ങള്‍. വെടിവെപ്പ് നടത്തിയ പ്രതിയുടെ കൈവശമുള്ള തോക്കുകള്‍ അടക്കമുള്ള ആയുധങ്ങൾ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത പത്ത് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തോക്കുകളടക്കമുള്ള ആയുധങ്ങളുടെ ശേഖരം കാണാം.  ഇതിലാണ് വിദ്വേഷ സന്ദേശങ്ങള്‍ കുറിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ‘ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക’, ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുക എന്ന് അര്‍ത്ഥം വരുന്ന ‘ന്യൂക്ക് ഇന്ത്യ’, ‘ഇസ്രായേലിനെ ചാമ്പലാക്കുക’ തുടങ്ങിയ വാക്കുകളാണ് തോക്കുകളില്‍ എഴുതിയിട്ടുള്ളത്. നിങ്ങളുടെ ‘ദൈവം എവിടെ’, ‘കുട്ടികള്‍ക്ക് വേണ്ടി’ എന്നീ വാചകങ്ങളും ആയുധങ്ങളില്‍ എഴുതിയിട്ടുണ്ട്.

23 വയസ്സുള്ള റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമണ്‍ ആണ് മിനിയാപോളിസിലെ കാത്തലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രാര്‍ത്ഥനാ ചടങ്ങിനിടെയായിരുന്നു സംഭവം.  സംഭവത്തില്‍ 8ഉം 10ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും 17 ഓളം വിശ്വസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നാലെ ഇയാളെ സ്‌കൂളിന്റെ പാര്‍ക്കിംഗില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

റൈഫിളും ഷോട്ട് ഗണ്ണും പിസ്റ്റളും ഉപയോഗിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്. വെടിവെപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് വെസ്റ്റ്മാന്‍ ‘റോബിന്‍ ഡബ്ല്യു’ എന്ന യുട്യൂബ് ചാനലില്‍ ആയുധങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വെടിവെപ്പിനു പിന്നാലെ പ്രതിയുടെ യുട്യൂബ് ചാനല്‍ നീക്കം ചെയ്തിട്ടുണ്ട്.

സ്‌കൂളുകളില്‍ നേരത്തെ വെടിവെപ്പ് നടത്തിയ ചില അക്രമികളുടെ പേരുകളും ഇയാള്‍ തന്റെ തോക്കുകളില്‍ എഴുതിവെച്ചിട്ടുണ്ട്. ക്ഷമ ചോദിച്ച് കുടുംബത്തിനായി എഴുതിയ ഒരു കത്തും വീഡിയോയില്‍ കാണിക്കുന്നുണ്ട്. സിറിലിക്ക് ലിപിയില്‍ എഴുതിയ നിരവധി പേജുകളും ഇതില്‍ കാണിക്കുന്നുണ്ട്.

2020-ല്‍ തന്റെ സ്വത്വം ഒരു സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞ വെസ്റ്റ്മാന്‍ റോബര്‍ട്ട് എന്ന പേര് മാറ്റി റോബിന്‍ എന്നാക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നു. എന്നാല്‍ പിന്നീട് ആ ഐഡന്റിന്റിയില്‍ നിന്നും മാറിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെസ്റ്റ്മാന്‍ നിയമപരമായി ആയുധങ്ങള്‍ വാങ്ങിയതാണെന്നും ഇയാള്‍ക്ക് അറിയപ്പെടുന്ന ക്രിമിനല്‍ ചരിത്രമില്ലെന്നും ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുഎസ് ഹോംലാന്‍ഡ് സെക്രട്ടറി ക്രിസ്റ്റി നോം വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചു. ഇത്തരത്തിലുള്ള അക്രമം അചിന്തനീയമാണെന്ന് അവര്‍ എക്‌സില്‍ എഴുതി. ആക്രമണത്തില്‍ ദുഃഖ സൂചകമായി രാജ്യവ്യാപകമായി യുഎസ് പതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു.

മലയാളം വാർത്തകൾ/ വാർത്ത/World/

ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുക, ട്രംപിനെ കൊല്ലുക, ഇസ്രായേല്‍ തകര്‍ക്കുക; യുഎസ് സ്കൂളിലെ അക്രമി