Leading News Portal in Kerala

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും|Russian President Vladimir Putin to visit India in December | World


Last Updated:

റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ ചുമത്തിയിരുന്നു

News18News18
News18

ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ക്രെംലിനിലെ ഒരു ഉപദേഷ്ടാവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ ചുമത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതലടുത്തിരുന്നു.

തിങ്കളാഴ്ച ചൈനയില്‍ നടക്കുന്ന ഷാംഗ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) ഉച്ചകോടിക്കിടെ പുടിന്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഡിസംബറിലെ സന്ദര്‍ശനത്തിനുള്ള തയ്യാറെടുപ്പ് ചര്‍ച്ച ചെയ്യുമെന്നും ക്രെംലിനിലെ ഉപദേഷ്ടാവായ യൂറി ഉഷാകോവ് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന തീയതി ഇതുവരെയും അന്തിമമാക്കിയിട്ടില്ലെങ്കിലും പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ”നമുക്ക് ഒരു ദീര്‍ഘകാല ബന്ധമുണ്ട്. ഈ ബന്ധത്തെ ഞങ്ങള്‍ വിലമതിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ തുടര്‍ച്ചയായി വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പുടിന്റെ സന്ദര്‍ശന വിവരം പുറത്തുവന്നത്.

”ഇന്ത്യ റഷ്യന്‍ എണ്ണ വന്‍തോതില്‍ വാങ്ങുക മാത്രമല്ല, വാങ്ങുന്ന എണ്ണയുടെ ഭൂരിഭാഗവും തുറന്ന വിപണിയില്‍ വലിയ ലാഭത്തില്‍ വില്‍ക്കുകയും ചെയ്യുന്നു. റഷ്യന്‍ യുദ്ധത്തില്‍ യുക്രൈനില്‍ എത്ര പേര്‍ കൊല്ലപ്പെടുന്നുവെന്നത് അവര്‍ക്ക് പ്രശ്‌നമേയല്ല,” ട്രംപ് ആരോപിച്ചു

ഇന്ത്യയുടെ മേലില്‍ ഏല്‍പ്പിച്ച അധിക തീരുവകള്‍ യുക്രൈനിലെ ആക്രമണം അവസാനിപ്പിക്കാന്‍ മോസ്‌കോയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് അമേരിക്ക വാദിച്ചു. ”റഷ്യയില്‍ നിന്ന് യുഎസും യൂറോപ്പും സ്വന്തം കാര്യങ്ങള്‍ക്കായി ഇറക്കുമതി നടത്തുന്നുണ്ടെന്നും അമേരിക്കയുടെ ഈ നീക്കം അന്യായവും നീതീകരിക്കാനാവത്തതും യുക്തിരഹിതവുമാണെന്ന്” ഇന്ത്യ ചൂണ്ടിക്കാട്ടി.

2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈനെ ആക്രമിച്ചതിന് ശേഷം റഷ്യയുടെ കയറ്റുമതി വരുമാനം വെട്ടിക്കുറയ്ക്കാന്‍ യുക്രൈനിന്റെ പാശ്ചാത്യ സഖ്യകക്ഷികള്‍ ശ്രമിച്ചരുന്നു. എന്നാല്‍, യൂറോപ്പില്‍ നിന്ന് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മോസ്‌കോ തങ്ങളുടെ എണ്ണ വില്‍പ്പന വര്‍ധിപ്പിച്ചു. ഇത് കോടിക്കണക്കിന് ഡോളറിന്റെ ഫണ്ടുകളുടെ ഒഴുക്ക് തുടരുന്നുവെന്ന് ഉറപ്പാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി യുക്രൈന്‍ യുദ്ധത്തെക്കുറിച്ച് ഈ മാസം ആദ്യം അലാസ്‌കയില്‍ നടത്തിയ ചര്‍ച്ചയില്‍ തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. നയതന്ത്രത്തിലൂടെയും ചര്‍ച്ചകളിലൂടെയും സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു.