Leading News Portal in Kerala

SCO ഉച്ചകോടി 2025: യുഎസിന്റെ തീരുവ ഭീഷണിക്കിടെ ലോകം ഉറ്റുനോക്കുന്ന ഷി-മോദി-പുടിൻ കൂടിക്കാഴ്ച ചൈനയിൽ|SCO Summit 2025 Pm modi in china will meet Xi Jinping and Putin | World


റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ഷി ജിൻപിംഗ് പ്രധാനമന്ത്രി മോദിയെയും പുടിനെയും നേരിട്ട് സ്വീകരിച്ചു. 2018-നു ശേഷം മോദിയുടെ ആദ്യത്തെ ചൈനാ സന്ദർശനമാണിത്. 2020-ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന നീക്കമാണിത്.

വിവിധ രാജ്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫ് ഭീഷണികളും നേരിടുന്ന സമയത്താണ് ഉച്ചകോടി എന്നത് ശ്രദ്ധേയമാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട്, ഉച്ചകോടി വേദിയിൽ മോദി ആവർത്തിക്കുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ ഷി ജിൻപിംഗ്, വ്ലാഡിമിർ പുട്ടിൻ എന്നിവരുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി യുഎസ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ സാഹചര്യത്തിൽ പുട്ടിനുമായുള്ള കൂടിക്കാഴ്ച നിർണായകമാണ്.

ഈ സാഹചര്യത്തിൽ, എസ്‌സി‌ഒ ലോകശക്തിയുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള ജിൻപിംഗ്, പുടിൻ, ഇന്ത്യ എന്നിവരുടെ ശ്രമങ്ങൾക്ക് ഒരു പുതിയ ദിശാബോധം നൽകുമെന്നാണ് വിലയിരുത്തൽ.

ആരെല്ലാമാണ് SCO ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ?

ചൈന, റഷ്യ, ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ, ബെലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് എസ്‌സി‌ഒയിൽ അംഗങ്ങൾ. ലോക ജനസംഖ്യയുടെ 40% ഈ രാജ്യങ്ങളിലാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ശത്രുതയുണ്ടായിരുന്നിട്ടും ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ ഉച്ചകോടിയിൽ പങ്കെടുക്കും. പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്.

കഴിഞ്ഞ വർഷത്തെ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നില്ല. ട്രംപിന്റെ ഇന്ത്യ വിരുദ്ധ നീക്കങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതിനാലാണ് മോദിയുടെ പുതിയ നീക്കം. കമ്പോഡിയ, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, നാറ്റോ അംഗമായ തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.

അമേരിക്കൻ ഐക്യനാടുകൾ ഉച്ചകോടിയിൽ ഇല്ലെങ്കിലും, ട്രംപിൻ്റെ നയങ്ങൾ ചർച്ചകളിൽ പ്രധാന വിഷയമായിരിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. വാഷിംഗ്ടൺ ആസ്ഥാനമായുള്ള സ്റ്റിംസൺ സെന്ററിലെ ചൈന പ്രോഗ്രാം ഡയറക്ടർ യുൻ സൺ സി‌എൻ‌എന്നിനോട് പറഞ്ഞു.