നടൻ വിജയ് നടത്തിയ കച്ചത്തീവ് പരാമർശത്തിനു ശേഷം ശ്രീലങ്കൻ പ്രസിഡൻ്റ് ദ്വീപ് സന്ദർശിച്ചത് എന്തുകൊണ്ട്? | The India connection of Katchatheevu Island | World
Last Updated:
പാല്‍ക്ക് കടലിടുക്കിലെ ചെറിയ ദ്വീപായ കച്ചത്തീവ് 1970-കളില്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതാണ്
നടന്‍ വിജയ് നടത്തിയ കച്ചത്തീവ് പരാമര്‍ശത്തിനു പിന്നാലെ അപ്രതീക്ഷിതമായി ദ്വീപ് സന്ദര്‍ശിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ (Sri Lankan President Anura Kumara Dissanayake). കച്ചത്തീവ് ദ്വീപിന്റെ കാര്യത്തില്‍ ബാഹ്യസമ്മര്‍ദ്ധത്തിന് തന്റെ ഭരണകൂടം വഴങ്ങില്ലെന്നും ശ്രീലങ്കര്‍ക്കായി ആ പ്രദേശം സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ജാഫ്‌നയില്‍ മൈലിഡി ഫിഷറീസ് ഹാര്‍ബര്‍ വികസന പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടന വേളയിലാണ് അനുര കുമാര ദിസനായകെ കച്ചത്തീവ് സംബന്ധിച്ച് പരാമര്‍ശം നടത്തിയത്. ഈ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു ദ്വീപില്‍ അപ്രതീക്ഷിത സന്ദര്‍ശനമെന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പാല്‍ക്ക് കടലിടുക്കിലെ ചെറിയ ദ്വീപായ കച്ചത്തീവ് 1970-കളില്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതാണ്. നയതന്ത്ര നിലപാടുകളുടെ ഭാഗമായി ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത ഈ ദ്വീപ് തിരിച്ചെടുക്കണമെന്ന് നടനും തമിഴഗ വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് അടുത്തിടെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ ഏകദേശം 800 മത്സ്യത്തൊഴിലാളികള്‍ ദുരിതമനുഭവിച്ചിട്ടുണ്ട്. ഇതിനെ അപലപിക്കാന്‍ വലിയ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുന്നില്ലെന്നും ദയവായി നമ്മുടെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഇപ്പോള്‍ ശ്രീലങ്കയില്‍ നിന്ന് കച്ചത്തീവ് തിരിച്ചുപിടിക്കണമെന്നും അത് മതിയാകുമെന്നും വിജയ് പറഞ്ഞു. പിന്നാലെയാണ് കച്ചത്തീവിലേക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് എത്തിയത്.
മുന്‍കൂട്ടി തീരുമാനിക്കാതെയുള്ള അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നു പ്രസിഡന്റിന്റേത്. ഇതോടെ ദ്വീപ് സന്ദര്‍ശിക്കുന്ന ആദ്യ ശ്രീലങ്കന്‍ പ്രസിഡന്റ് ആയി അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ കടലും ദ്വീപുകളും കരയും സംരക്ഷിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് കച്ചത്തീവ് സന്ദര്‍ശനത്തിനിടെ ദിസനായകെ പറഞ്ഞു.
മുന്‍ സര്‍ക്കാരുകള്‍ യുദ്ധം മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിച്ചെങ്കിലും രാജ്യത്ത് ഒരു തരത്തിലുള്ള സംഘര്‍ഷവും ഉണ്ടാകാതിരിക്കാനും രാജ്യത്തിനുള്ളില്‍ സമാധാനവും ഐക്യവും വളര്‍ത്താനുമാണ് നിലവിലെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ദിസനായകെ കൂട്ടിച്ചേര്‍ത്തു. കച്ചത്തീവ് സന്ദര്‍ശനത്തെ ഒരു പരിശോധന എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. യുദ്ധക്കാലത്ത് സുരക്ഷാ സേന ഏറ്റെടുത്ത വടക്കന്‍ പ്രദേശത്തെ ഏതൊരു ഭൂമിയും ജനങ്ങള്‍ക്ക് തിരികെ നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കച്ചത്തീവ് ഒരു വിവാദവിഷയമായി മാറികൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ ഇന്ത്യ വിട്ടുകൊടുത്ത ദ്വീപ് തിരിച്ചുപിടിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആഹ്വാനം ചെയ്തിരുന്നു. കച്ചത്തീവ് തിരിച്ചുപിടിക്കാനും മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് എംകെ സ്റ്റാലിന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ നീക്കത്തെ പിന്തുണച്ച് സംസ്ഥാന നിയമസഭ ഒരു പ്രമേയവും പാസാക്കി.
കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ വേണ്ടത്ര നടപടി സ്വീകരിക്കുന്നില്ലെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. വിദേശ രാജ്യങ്ങളുമായുള്ള കരാറുകള്‍ സാധാരണയായി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ് വരുന്നതെന്നും കച്ചത്തീവ് വീണ്ടെടുക്കാന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും സ്റ്റാലിന്‍ ചോദിച്ചു. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ അധികൃതര്‍ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ കേന്ദ്രത്തിന് കഴിഞ്ഞോ എന്നും സ്റ്റാലിന്‍ ചോദ്യം ചെയ്തു.
“തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ജലാശയത്തില്‍ അതിക്രമിച്ചു കടക്കുന്നുവെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അടുത്തിടെ പ്രസ്താവിച്ചിരുന്നു. കച്ചത്തീവ് ദ്വീപിന് മേലുള്ള അവരുടെ അവകാശങ്ങള്‍ ശ്രീലങ്ക വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നമ്മുടെ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഇതുവരെ ഇതിന് ഒരു മറുപടിയും നല്‍കിയിട്ടില്ല”, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കച്ചത്തീവ് ദ്വീപ് വീണ്ടെടുക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശങ്ങള്‍ ശാശ്വതമായി സംരക്ഷിക്കുന്നതിനും വേണ്ടി ഇന്ത്യ-ശ്രീലങ്കന്‍ കരാര്‍ എത്രയും വേഗം പുനഃപരിശോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
കച്ചത്തീവ് വിട്ടുകൊടുക്കുന്നതിനെ തുടക്കം മുതല്‍ തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. 1974-ല്‍ പാര്‍ലമെന്റില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ കച്ചത്തീവ് ശ്രീലങ്കയ്ക്ക് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തതായും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. 2024-ല്‍ 530 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക അറസ്റ്റുചെയ്തത്. ഈ വര്‍ഷം ആദ്യ മൂന്നുമാസങ്ങളില്‍ 147 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞിരുന്നു.
ചരിത്രപരമായ ജലാശയങ്ങളിലെ അതിര്‍ത്തി സംബന്ധിച്ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കരാര്‍ 1974-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെയും ഒപ്പുവെച്ചതാണ്. പാല്‍ക് കടലിടുക്ക് മുതല്‍ ആദംസ് ബ്രിഡ്ജ് വരെയുള്ള സമുദ്ര അതിര്‍ത്തിയുടെ ഔദ്യോഗിക അതിര്‍ത്തി ഇതുവഴി അടയാളപ്പെടുത്തി. കച്ചത്തീവ് ദ്വീപിന്റെ നിയന്ത്രണം ശ്രീലങ്കയ്ക്ക് അനുവദിച്ച 1976-ലെ കരാറിന് ഇത് വഴിയൊരുക്കി.
Thiruvananthapuram,Kerala
September 03, 2025 11:09 AM IST
നടൻ വിജയ് നടത്തിയ കച്ചത്തീവ് പരാമർശത്തിനു ശേഷം ശ്രീലങ്കൻ പ്രസിഡൻ്റ് ദ്വീപ് സന്ദർശിച്ചത് എന്തുകൊണ്ട്?
