Leading News Portal in Kerala

റഷ്യ വികസിപ്പിച്ചെടുത്ത ക്യാൻസർ പ്രതിരോധ വാക്സിൻ 100 ശതമാനം ഫലപ്രദം | Russian scientists say cancer vaccine ready for use after successful trials | World


Last Updated:

പ്രാരംഭത്തില്‍ വന്‍കുടലിലെ ക്യാന്‍സറിനെതിരെയാണ് വാക്‌സിന്‍ ഉപയോഗിക്കുന്നത്

News18News18
News18

ക്യാന്‍സറിനുള്ള പ്രതിരോധ വാക്‌സിന്‍ എന്റെറോമിക്‌സ് പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചതായി റഷ്യ. വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതായും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്‌സോവ വ്ളാഡിവോസ്‌റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്‌സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്‌സിന്‍ വഴിയൊരുക്കും. റഷ്യയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.

കോവിഡ്-19 വാക്‌സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്റെറോമിക്‌സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്‌സിന്റെ ദൗത്യം. ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു.

ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്റെറോമിക്‌സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. എംആര്‍എന്‍എ ക്യാന്‍സര്‍ വാക്‌സിനുകള്‍ മറ്റ് വാക്‌സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.

ഈ വാക്‌സിനുകള്‍ വ്യക്തിഗതമാക്കാന്‍ കഴിയും എന്നതാണ് മറ്റൊരു സവിശേഷ നേട്ടം. ഓരോ രോഗിയുടെയും വാക്‌സിന്‍ അവരുടെ ട്യൂമറിലെ പ്രത്യേക ആന്റിജനുകളിലേക്ക് ഇഷ്ടാനുസൃതമാക്കാന്‍ കഴിയും. അതായത്, ഒന്നിലധികം ട്യൂമര്‍ കോശങ്ങളെ ഒരേസമയം ആക്രമിക്കാന്‍ കഴിയുന്ന തരത്തില്‍ ക്യാന്‍സര്‍ വാക്‌സിനുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ കഴിയും.

മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്‌സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ക്യാന്‍സര്‍ തരം അനുസരിച്ച് ട്യൂമറുകള്‍ ചുരുങ്ങാനോ അവയുടെ വളര്‍ച്ച 60 ശതമാനം മുതല്‍ 80 ശതമാനം വരെ മന്ദഗതിയിലാക്കാനോ വാക്‌സിന്‍ സഹായിച്ചുവെന്നും പരീക്ഷണത്തിന് വിധേയമായവരില്‍ മെച്ചപ്പെട്ട അതിജീവന നിരക്ക് റിപ്പോര്‍ട്ട് ചെയ്തതായും ഗവേഷകര്‍ പറയുന്നു.

പ്രാരംഭത്തില്‍ വന്‍കുടലിലെ ക്യാന്‍സറിനെതിരെയാണ് വാക്‌സിന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഗ്ലിയോബ്ലാസ്റ്റോമ, അതിവേഗം വളരുന്ന ബ്രെയിന്‍ ട്യൂമര്‍, കണ്ണിനെ ബാധിക്കുന്ന ഒക്കുലാര്‍ മെലനോമ പോലുള്ളവയുടെ വാക്‌സിനുകള്‍ക്കുള്ള പ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്.