യുഎസില്‍ ഇന്ത്യക്കാരനായ മോട്ടല്‍ മാനേജറെ കുടുംബത്തിൻ്റെ മുന്നിൽ വെച്ച് സഹപ്രവര്‍ത്തകന്‍ കഴുത്തറുത്ത് കൊന്നു Indian motel manager in US beheaded by co-worker in front of family | World
Last Updated:
ഭാര്യയും മകനും ആക്രമണം തടയാന്‍ ശ്രമിച്ചുവെങ്കിലും അവരെ തള്ളിമാറ്റി വടിവാള്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു
യുഎസില്‍ ഇന്ത്യക്കാരനായ മോട്ടല്‍ മാനേജറെ സഹപ്രവര്‍ത്തകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ടെക്‌സാസിലെ ഡാലസിലാണ് സംഭവം. കര്‍ണാടക സ്വദേശിയായ ചന്ദ്ര മൗലി നാഗമല്ലയ്യ(50) ആണ് കൊല്ലപ്പെട്ടത്. നാഗമല്ലയ്യയുടെ കുടുംബം നോക്കി നില്‍ക്കേയാണ് ആക്രമണം. വാഷിംഗ് മെഷീന്‍ പൊട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച രാവിലെ ഡൗണ്ടൗണ്‍ സ്യൂട്ട്‌സ് മോട്ടലില്‍വെച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. നാഗമല്ലയ്യയുടെ കുടുംബവും ഇവിടെ അദ്ദേഹത്തോടൊപ്പം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. സംഭവത്തില്‍ 37കാരനായ യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസ് എന്നയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തതായി ഡാലസ് പോലീസ് അറിയിച്ചു.
കോബോസ്-മാര്‍ട്ടിനെസിനോട് നേരിട്ട് സംസാരിക്കുന്നതിന് പകരം തന്റെ നിര്‍ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ നാഗമല്ലയ്യ മറ്റൊരാളോട് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് പ്രതിയെ പ്രകോപിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തര്‍ക്കത്തിന് പിന്നാലെ ഇയാള്‍ വടിവാള്‍ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. നാഗമല്ലയ്യ തന്റെ ഭാര്യയും 18 വയസ്സുള്ള മകനും താമസിക്കുന്ന മോട്ടലിന്റെ ഓഫീസിലേക്ക് ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഭാര്യയും മകനും ആക്രമണം തടയാന്‍ ശ്രമിച്ചുവെങ്കിലും അവരെ തള്ളിമാറ്റി വടിവാള്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കോബോസ്-മാര്‍ട്ടിനെസിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഹൂസ്റ്റണില്‍ വാഹന മോഷണം, ആക്രണം എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്. നിലവില്‍ ജാമ്യം നിഷേധിക്കപ്പെട്ട ഇയാളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ പരോള്‍ ഇല്ലാത്ത ജീവപര്യന്തം തടവോ വധശിക്ഷയോ ഇയാള്‍ക്ക് നേരിടേണ്ടി വരും.
”ബോബ്” എന്ന് അറിയപ്പെടുന്ന നാഗമല്ലയ്യയെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരിച്ചു. ഈ സങ്കല്‍പ്പിക്കാനാകാത്ത ദുരന്തം അപ്രതീക്ഷിതമായിരുന്നുവെന്നും ആഴത്തിലുള്ള ആഘാതമുണ്ടാക്കിയതായും സുഹൃത്തുക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.
നാഗമല്ലയ്യയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. ശവസംസ്‌കാര ചെലവുകള്‍ വഹിക്കുന്നതിനും കുടുംബത്തിന് ധനസഹായം നല്‍കുന്നതിനും മകന്റെ കോളേജ് വിദ്യാഭ്യാസം തുടരുന്നതിനുമായി ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
New Delhi,Delhi
September 12, 2025 2:24 PM IST
യുഎസില്‍ ഇന്ത്യക്കാരനായ മോട്ടല്‍ മാനേജറെ കുടുംബത്തിൻ്റെ മുന്നിൽ വെച്ച് സഹപ്രവര്‍ത്തകന്‍ കഴുത്തറുത്ത് കൊന്നു
