15 കാരനായ പാക് ടെലിവിഷൻ താരം ഹൃദയാഘാതത്താൽ മരിച്ചു | Pak child actor Umar Shah passes away at 15 after suffering from cardiac arrest | World
Last Updated:
ഉമറിന് കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു
ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്ഥാൻ ബാലതാരമായിരുന്ന ഉമർ ഷാ അന്തരിച്ചു. 15 കാരനായ ബാലതാരത്തിന്റെ മരണ വാർത്ത കേട്ട ഞെട്ടലിലാണ് രാജ്യം. ഹൃദയാഘാതമാണ് മരണകാരണം. സെപ്റ്റംബർ 15-ന് ഡെറ ഇസ്മായിൽ ഖാനിൽ വെച്ചായിരുന്നു അന്ത്യം.
‘ജീതോ പാകിസ്ഥാൻ’, ‘ഷാൻ-ഇ-റമദാൻ’ തുടങ്ങിയ പ്രമുഖ ടെലിവിഷൻ പരിപാടികളിലൂടെയാണ് ഉമർ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. സഹോദരനും ടിക് ടോക് താരവുമായ അഹമ്മദ് ഷായാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ മരണവിവരം അറിയിച്ചത്. “ഞങ്ങളുടെ കുടുംബത്തിലെ കൊച്ചു നക്ഷത്രമായിരുന്ന ഉമർ ഷാ ദൈവത്തിങ്കലേക്ക് മടങ്ങിപ്പോയി. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.”- അദ്ദേഹം കുറിച്ചു. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു.
ഉമറിന് കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ അമ്മാവനും മാർഗദർശിയുമായ ഡാനിയൽ ഷാ അറിയിച്ചു. വീട്ടിൽ ഒരു വിഷപ്പാമ്പിനെ കണ്ടെത്തി കൊന്നതായും എന്നാൽ മരണവുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ദാരുണമായ വിയോഗത്തിൽ ഉമറിന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും അതീവ ദുഃഖത്തിലാണ്. മഹിറ ഖാൻ, മോമൽ ഷെയ്ഖ്, ഷായിസ്ത ലോധി, ഹിന അൽതാഫ്, ഫഹദ് മുസ്തഫ തുടങ്ങിയ നിരവധി പാകിസ്ഥാനി അഭിനേതാക്കളും ടെലിവിഷൻ താരങ്ങളും ഉമറിന് ആദരാഞ്ജലികൾ അർപ്പിച്ചു.
September 16, 2025 9:12 PM IST
