Leading News Portal in Kerala

ക്യാന്‍സറിനെ അതിജീവിച്ച ഗ്രീക്ക് കോടീശ്വരി പ്രാണിയുടെ കടിയേറ്റ് മരിച്ചു Greek millionaire cancer survivor dies from insect bite | World


Last Updated:

സെപ്റ്റംബര്‍ 11-ന് ലണ്ടനിലെ ഫ്ളാറ്റില്‍ വീട്ടുജോലിക്കാരിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

News18News18
News18

ക്യാന്‍സര്‍ അതിജീവിതയായ ഗ്രീക്ക് കോടീശ്വരി പ്രാണിയുടെ കടിയേറ്റതുമൂലമുള്ള വിഷബാധയേറ്റ് ലണ്ടനില്‍ മരണപ്പെട്ടു. 28 വയസ്സുള്ള മാരിസ ലൈമോ ആണ് ദാരുണമായി മരണപ്പെട്ടത്. സെപ്റ്റംബര്‍ 11-ന് ലണ്ടനിലെ ഫ്ളാറ്റില്‍ വീട്ടുജോലിക്കാരി അവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ വേരുകളുള്ള പ്രമുഖ ഗ്രീക്ക് ഷിപ്പിംഗ് രാജവംശത്തിന്റെ ഭാഗമാണ് ലൈമോയുടെ കുടുംബം.

മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ലൈമോവിന് തലകറക്കം, പനി, ചൊറിച്ചില്‍, അണുബാധയുടെ ലക്ഷണങ്ങള്‍ എന്നിവയടക്കം നിരവധി അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും അവരെ വീട്ടില്‍ ചെന്ന് കണ്‍സള്‍ട്ട് ചെയ്ത ഡോക്ടര്‍ പാരസെറ്റമോള്‍ കഴിക്കാന്‍ മാത്രമാണ് നിര്‍ദ്ദേശിച്ചിരുന്നത്.

ഇത് കഴിച്ചിട്ടും ആരോഗ്യം വഷളാകുന്നതില്‍ ആശങ്ക തോന്നിയ ലൈമോ പിന്നീട് ലണ്ടനിലെ ഒരു ആശുപത്രിയിലെ ഓങ്കോളജിസ്റ്റിനെ സമീപിച്ചു. പിന്നീട് അവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായാണ് ലൈമോയുടെ അമ്മ പറയുന്നത്. എന്നാല്‍ ആ ആശുപത്രിയില്‍ അവരെ ശുശ്രൂഷിച്ചത് നഴ്‌സുമാര്‍ മാത്രമാണെന്നും ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിക്കുന്നു.

പ്രാണി കടിച്ചതിന്റെ ഫലമായാണ് അവര്‍ക്ക് ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. ആന്റിബയോട്ടിക്കുകളും നല്‍കി. അതേദിവസം വൈകുന്നേരം അവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രാണികളുടെ കടിയേറ്റതുമൂലമുണ്ടായ വിഷബാധ കാരണമാണ് മകള്‍ മരണപ്പെട്ടതെന്ന് വിശ്വസിക്കുന്നതായി അവരുടെ അമ്മ ബെസ്സി ലൈമോ ഗ്രീക്ക് മാധ്യമങ്ങളോട് പറഞ്ഞു. “എന്റെ മകള്‍ ക്യാന്‍സറിനെ അതിജീവിച്ചു. ഒരു പ്രാണി കാരണമാണ് അവള്‍ മരണപ്പെട്ടത്. അവള്‍ വളരെയേറെ കഴിവുകളുള്ള കുട്ടിയായിരുന്നു. ഇംഗ്ലണ്ട് മുഴുവന്‍ കരയുകയാണ്”, അവര്‍ പറഞ്ഞു.

അതേസമയം, യുവതിയുടെ മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പോസ്‌റ്റോമോര്‍ട്ടവും നടത്തിയിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കൂടുതലറിയാന്‍ പോസ്‌റ്റോമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് കുടുംബം അറിയിച്ചു. ഏതുതരം പ്രാണിയാണ് അവരെ കടിച്ചതെന്നും നിലവില്‍ അറിയില്ല.

മരണത്തിനു മുമ്പ് തന്റെ തിയേറ്റര്‍ കമ്പനി വഴി ലണ്ടനില്‍ റോമിയോ ആന്‍ഡ് ജൂലിയറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ലൈമോ ഏര്‍പ്പെട്ടിരുന്നു.