എച്ച്-1ബി വിസ ഫീസ് വർദ്ധനവ്; പുതിയ നിയമം ട്രംപിനെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് വിശദീകരിച്ച് ശശി തരൂർ H-1B visa fee hike Shashi Tharoor explains how the new law will harm Trump | World
Last Updated:
യുഎസിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ ആശങ്ക ഉയർത്തിയിരുക്കുകയാണ് ട്രംപിന്റെ നീക്കം
എച്ച്-1ബി വിസ ഫീസ് വർദ്ധനവ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് വിശദീകരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ദി വയറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫീസ് വർദ്ധനയിൽ അമേരിക്ക അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നങ്ങളെപ്പറ്റി തരൂർ വിശകലനം ചെയ്തത്. അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനായാണ് എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി (ഏകദേശം ₹ 88 ലക്ഷം) ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ച വർദ്ധിപ്പിച്ചത്.
യുഎസിന്റെ എച്ച്1-ബി വിസ പ്രോഗ്രാമിൽ ഇന്ത്യക്കാരും ചൈനീസ് പൗരന്മാരുമാണ് ആധിപത്യം പുലർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ നീക്കം യുഎസിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ ആശങ്ക ഉയർത്തിയിരുക്കുകയാണ്.
ഇന്ത്യക്കാർക്കും മറ്റ് എച്ച്-1ബി വിസക്കാർക്കും ജോലി നിഷേധിച്ച് അമേരിക്കൻ ജനതയ്ക്ക് ആ ജോലികൾ നൽകണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നുന്നത്. എന്നാൽ ഈ ജോലികളൊക്കെ ചെയ്യാൻ അമേരിക്കയ്ക്ക് മതിയായ ആളുകളുടെ ഒരു കൂട്ടം ആവശ്യമാണെന്ന് ദി വയറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു. അമേരിക്കയിൽ ആവശ്യത്തിന് എഞ്ചിനീയറിംഗ് ബിരുദധാരികളും സോഫ്റ്റ്വെയർ പ്രൊഫഷണലുകളും ഇല്ലെന്നാണ് ശശി തരൂരിന്റെ അഭിപ്രായം.ഒരു അമേരിക്കക്കാരന് പ്രതിവർഷം കുറഞ്ഞത് 80,000 അല്ലെങ്കിൽ 85,000 ഡോളർ പ്രതീക്ഷിക്കുന്ന ജോലി 60,000 ഡോളറിന് ഒരു ഇന്ത്യക്കാരന് ചെയ്യാൻ കഴിയുമെന്നും അതുകൊണ്ടു തന്നെ കമ്പനികൾ അമേരിക്കൻ പ്രൊഫഷണലിനെ തഴഞ്ഞ് വിദേശിയെ നിയമിക്കുമെന്നും അദ്ദേഹം പറയുന്നു. നിലവിൽ രാജ്യത്തുള്ള അമേരിക്കൻ പൗരന്മാർക്ക് മാത്രമേ ഈ ജോലികൾ ലഭിക്കൂ. അതാണ് ഇന്ത്യക്കാർക്കും മറ്റുള്ളവർക്കും നിഷേധിക്കപ്പെടാൻ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ ഇത്തരം ജോലികൾ ചെയ്യാൻ ആവശ്യമായ എഞ്ചിനീയറിംഗ് ബിരുദധാരികളും സോഫ്റ്റ്വെയർ പ്രൊഫഷണലുകളും മറ്റ് കാര്യങ്ങളും ഇല്ലാത്തതിനാൽ, ട്രംപിന്റെ തീരുമാനത്തിന്റെ ആകെ ഫലം, നിലവിൽ യുഎസിൽ ചെയ്യുന്ന ചില ജോലികൾ ഇംഗ്ലണ്ടിലെയും അയർലണ്ടിലെയും ഒരുപക്ഷേ ഫ്രാൻസിലെയും ജർമ്മനിയിലെയും ഈ കമ്പനികളുടെ ശാഖകൾക്ക് ഔട്ട്സോഴ്സ് ചെയ്യാനാണ് സാധ്യതയെന്ന് തരൂർ പറഞ്ഞു. ഒരു പക്ഷെ ഇന്ത്യക്കും നൽകിയേക്കാം. അതുകൊണ്ട് ട്രംപിന്റെ നയങ്ങൾ അദ്ദേഹത്തിന് തന്നെ ഒരു തിരിച്ചടിയാകുമെന്നാണ് വാഷിംഗ്ടണിലെയും സിലിക്കൺ വാലിയിലെയും വിദഗ്ദ്ധരുടെ വിലയിരുത്തലെന്നെന്നും തരൂർ പറഞ്ഞു.
New Delhi,New Delhi,Delhi
September 23, 2025 8:09 AM IST
എച്ച്-1ബി വിസ ഫീസ് വർദ്ധനവ്; പുതിയ നിയമം ട്രംപിനെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് വിശദീകരിച്ച് ശശി തരൂർ